കാട്ടുതീ: വൻ ദുരന്തത്തിന് വഴിയൊരുക്കിയത് വനമേഖലയിലെ അനധികൃത ട്രക്കിങ്
text_fieldsതേനി (തമിഴ്നാട് ): സ്വകാര്യ ട്രക്കിങ് ഗ്രൂപ് വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് പണം നൽകി വാങ്ങിയ ട്രക്കിങ് അനുമതിയാണ് കഥയറിയാത്ത ഒരു കൂട്ടമാളുകളുടെ ‘കൂട്ടക്കൊല’യെന്ന് വിശേഷിപ്പിക്കാവുന്ന മരണത്തിൽ കലാശിച്ചത്. പശ്ചിമഘട്ട മലനിരകളിലെ കൊരങ്ങിണി വനത്തിലാണ് ഞായറാഴ്ച കാട്ടുതീ പടർന്നത്. വനം വകുപ്പ് ജീവനക്കാരുടെ സാന്നിധ്യമില്ലാതെ കാട് പരിചയമില്ലാത്ത സംഘത്തെ ഉള്ളിലേക്കയച്ചതാണ് ദുരന്തത്തിന് വഴിയൊരുക്കിയത്. ചട്ടം ലംഘിച്ച് ഒരു വനം വകുപ്പ് ഉദ്യോഗസ്ഥെൻറ പോലും സാന്നിധ്യമില്ലാതെയാണ് ചെന്നൈ ട്രക്കിങ് ക്ലബ് എന്ന സ്വകാര്യ സ്ഥാപനം 39പേരെ ഇവിടേക്ക് കൊണ്ടുവന്നത്. പ്രദേശത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതിരുന്ന സംഘത്തിന് അപകടഘട്ടത്തിൽ നിർദേശം നൽകാൻ ആരുമില്ലാതെപോയി.
മലകയറ്റം ശ്രമകരമാണെന്ന് വ്യക്തമായതോടെ 39 അംഗസംഘത്തിലെ മൂന്നുപേർ നേരേത്ത പിന്തിരിഞ്ഞു. ശേക്ഷിച്ച 36അംഗ സംഘമാണ് മൂന്നാർ മീശപ്പുലിമലയുടെ അടിവാരത്തിലേക്ക് കയറ്റം കയറിയത്. ഇവർ തിരികെ ഇറങ്ങുമ്പോഴായിരുന്നു കാട്ടുതീ പടർന്ന് ദുരന്തം.കൊരങ്ങിണി ചെക്ക് പോസ്റ്റിൽ ആളൊന്നിന് 200 രൂപവീതം വാങ്ങിയാണ് വനപാലകർ ഇവരെ കാട്ടിലേക്ക് കടത്തിവിട്ടതെന്ന് സംഘത്തിലുള്ളവർ പൊലീസിനോട് പറഞ്ഞു.
ചെന്നൈ ട്രക്കിങ് ക്ലബ് ഇത്തരത്തിൽ പതിവായി ആളുകളെ എത്തിച്ചിരുന്നതായും പറയപ്പെടുന്നു. ചെന്നൈ, തിരുപ്പൂർ, ഈറോഡ് എന്നിവിടങ്ങളിൽനിന്നെത്തിയ ഐ.ടി രംഗത്തെ ജീവനക്കാരും വിനോദ സഞ്ചാരികളും വിദ്യാർഥികളുമാണ് സംഘത്തിലുണ്ടായിരുന്നത്. കാട്ടുതീയിൽ പൊള്ളലേറ്റ് മരിച്ചുകിടന്നവരെ മൂന്ന് ഹെലികോപ്ടറുകളിൽ രാവിലെയാണ് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
