‘മിണ്ടിയാൽ മുഖമടിച്ചുപൊളിക്കും’ -കന്യാസ്ത്രീകളെ ബജ്റംഗ്ദൾ നേതാവ് ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്ത് -VIDEO
text_fieldsറായ്‌പൂർ: ഛത്തീസ്‌ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ അറസ്റ്റിലാകുന്നതിനുമുമ്പ് മലയാളി കന്യാസ്ത്രീകളെ ബജ്‌രംഗ്‌ദൾ നേതാവ് പരസ്യമായി ഭീഷണിപ്പെടുത്തുന്ന വിഡിയോ പുറത്ത്. പൊലീസും ആൾക്കൂട്ടവും നോക്കിനിൽക്കുന്നതിനിടെയാണ് സംഘ്പരിവാർ സംഘടന വി.എച്ച്.പിയുടെ യുവജനവിഭാഗമായ ബജ്‌റംഗ്‌ദളിന്റെ നേതാവ് ജ്യോതി ശർമ ഇവരെ ഭീഷണിപ്പെടുത്തുന്നത്. വെള്ളിയാഴ്ചയാണ് സംഭവം.
‘മിണ്ടരുത്, മിണ്ടിയാൽ മുഖമടിച്ചുപൊളിക്കും’ എന്ന് ജ്യോതി ശർമ പറയുന്നത് വിഡിയോയിൽ കാണാം. വിഡിയോ ഷൂട്ട് ചെയ്യാനായി വയർലസ് മൈക്ക് വസ്ത്രത്തിൽ ധരിച്ചാണ് ജ്യോതിയുടെ ഭീഷണി. മതപരിവർത്തനം നടത്താൻ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് ചേർത്തല ആസ്ഥാനമായ അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ഗ്രീൻ ഗാർഡൻസ്) സന്ന്യാസ സഭയിലെ അംഗങ്ങളായ സിസ്റ്റർ പ്രീതി മേരി, സിസ്റ്റർ വന്ദന ഫ്രാൻസിസ് എന്നീ കന്യാസ്ത്രീകളെയും ഒപ്പമുള്ള പെൺകുട്ടിയെയും സഹോദരനെയും ഇവർ ഭീഷണിപ്പെടുത്തുണ്ട്.
കന്യാസ്ത്രീമാർക്കൊപ്പം ജോലിക്കു പോകാനിരുന്ന മൂന്നു യുവതികളിൽ ഒരാളുടെ സഹോദരനെയാണ് ആദ്യം ഭീഷണിപ്പെടുത്തുന്നത്. യുവതിയുടെ സഹോദരനോട് ‘നീ ഇവരെ ഡ്രോപ് ചെയ്യാനല്ല, വിൽക്കാനാണു വന്നതെന്ന് നന്നായി അറിയാം’ എന്നും ജ്യോതി പറയുന്നുണ്ട്. യുവതികളെ കടത്തിയതിന് എത്ര രൂപ കിട്ടിയെന്നായിരുന്നു ജ്യോതി ശർമയുടെ ചോദ്യം. യുവതികൾ മാതാപിതാക്കളുടെ സമ്മതത്തോടെയാണു ജോലിക്കു പോകുന്നതെന്ന് മറുപടി പറയുന്നുണ്ട്. ‘ഒരടി വച്ചുതരട്ടേ നിനക്ക്?’ എന്ന് ജ്യോതി ശർമ കയർത്തു സംസാരിക്കുന്നതു കേൾക്കാം.
ഭക്ഷണമുണ്ടാക്കാനായി ആഗ്രയിൽ ആരേയും കിട്ടിയില്ലേയെന്നും ചോദിക്കുന്നുണ്ട്. ഞാൻ ആളെ വിടണോ എന്നു ചോദിച്ചതിന് മറുപടി പറയാനായി വന്നപ്പോഴാണ് മുഖമടിച്ചുപൊളിക്കുമെന്ന് കന്യാസ്ത്രീയോടു പറഞ്ഞത്.
അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്നലെ തള്ളിയതിന് പിന്നാലെ കോടതിക്ക് മുന്നിൽ േജ്യാതിശർമയുടെ നേതൃത്വത്തിൽ ബജ്റംഗ്ദൾ പ്രവർത്തകർ ആഹ്ലാദപ്രകടനം നടത്തിയിരുന്നു. കടുത്ത വകുപ്പുകൾ ഉള്ള കേസ് തങ്ങളുടെ പരിധിയിൽ നിൽക്കുന്നതല്ല എന്ന് ചൂണ്ടിക്കാട്ടിയാണ് ദുർഗ് സെഷൻസ് കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നതിൽനിന്ന് വിട്ടുനിന്നത്. കേസ് ബിലാസ്പൂരിലെ എൻ.ഐ.എ കോടതിയാണ് ഇനി പരിഗണിക്കുക.
ജാമ്യം നൽകരുതെന്നാവശ്യപ്പെട്ട് ദുർഗ് സെഷൻസ് കോടതിക്ക് പുറത്ത് ബജ്‌റംഗ്‌ദളിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടന്നിരുന്നു. സ്ത്രീകളും യുവാക്കളും അടക്കമുള്ള തീവ്രഹിന്ദുത്വവാദികൾ ജയ്ശ്രീറാം മുഴക്കിയാണ് പ്രതിഷേധിച്ചത്. ഒരുകാരണവശാലും ജാമ്യം അനുവദിക്കരുതെന്ന് ഇവർ ആവശ്യപ്പെട്ടു.
കന്യാസ്ത്രീകള്‍ക്കായി ദുര്‍ഗിലെ പ്രമുഖ അഭിഭാഷകന് അഡ്വ. രാജ്കുമാര് തിവാരിയാണ് ഹാജരായത്. കത്തോലിക്ക ബിഷപ് കോൺഫെഡറേഷന്റെ (സിബിസിഐ) കീഴിൽ നിയമ, വനിത വകുപ്പുകള്‍ കൈകാര്യം ചെയ്യുന്ന വൈദികരും കന്യാസ്ത്രീകളും അടങ്ങുന്ന സംഘം റായ്പുരില്‍ എത്തിയിരുന്നു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കോടതി തള്ളിയതോടെയാണ് സെഷൻസ് കോടതിയെ സമീപിച്ചത്. സെഷൻസ് കോടതിയും കൈയൊഴിഞ്ഞതോടെ കേസ് കൂടുതൽ സങ്കീർണതയിലേക്ക് നീങ്ങുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

