ഞാൻ കൈകഴുകിയിട്ട് വരാം; നീ പൊക്കോളൂ, ആ രണ്ടു മിനിറ്റിൽ ആത്മസുഹൃത്തിനെ തേടി വന്നത് മരണമായിരുന്നു
text_fieldsഅഹ്മദാബാദ്: വെറും രണ്ടു മിനിറ്റിന്റെ വ്യത്യാസത്തിൽ വിമാനാപകടത്തിന്റെ രൂപത്തിൽ ആത്മസുഹൃത്ത് എം.ബി.ബി.എസ് വിദ്യാർഥിയായ ആര്യൻ രജ്പുതിനെ മരണം കൂട്ടിക്കൊണ്ടു പോയതിന്റെ നടുക്കത്തിലാണ് അദ്ദേഹത്തിന്റെ സുഹൃത്ത്.
അഹ്മദാബാദിലെ ബി.ജെ മെഡിക്കൽ കോളജിലെ ഹോസ്റ്റൽ മെസിൽ വ്യാഴാഴ്ച ഉച്ചക്ക് ഭക്ഷണം കഴിക്കാൻ പോയതായിരുന്നു ഇരുവരും. ഭക്ഷണം കഴിച്ച് കൈകഴുകിയിട്ട് വരാമെന്നും നീ പൊയ്ക്കോളൂവെന്നും സുഹൃത്തിനോട് പറഞ്ഞ് മെസിൽ നിൽക്കവേയാണ് അപകടം. ഹോസ്റ്റൽ കെട്ടിടത്തിലേക്ക് മരണം വഹിച്ചുകൊണ്ടായിരുന്നു എയർ ഇന്ത്യ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനം ഇടിച്ചിറങ്ങിയത്. സുഹൃത്താണ് അപകട വിവരം ആര്യൻ രാജ്പുത്തിന്റെ വീട്ടുകാരെ അറിയിച്ചത്.
അവർ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. മധ്യപ്രദേശിലെ ജിക്സൗലി ഗ്രാമത്തിൽ നിന്നുള്ള ആര്യൻ രാജ്പുതിനെ നാട്ടുകാരും ബന്ധുക്കളും ഓർമിക്കുന്നത് അനിതര സാധാരണ ബുദ്ധിയും വിവേകവുമുള്ള ചെറുപ്പക്കാരനായിരുന്നു അദ്ദേഹമെന്നാണ്. ആര്യന്റെ കഥയെ ശ്രദ്ധേയമാക്കുന്നത് അദ്ദേഹത്തിന്റെ സ്ഥിരോത്സാഹത്തിന്റെ കഥയാണ്. മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആദ്യ ശ്രമത്തിൽ തന്നെ 720ൽ 700 മാർക്കാണ് ആര്യൻ കരസ്ഥമാക്കിയത്. ഒരു വിധ കോച്ചിങ് ക്ലാസുകൾക്കും പോകാതെയാണ് അദ്ദേഹം ഈ അവിശ്വസനീയ നേട്ടം കൈവരിച്ചത്.
രാജ്യത്തെ ഏതാണ്ടെല്ലാവരും കോച്ചിങ് സ്ഥാപനങ്ങളെ ആശ്രയിക്കുമ്പോഴാണ് ആര്യന്റെ ഈ നേട്ടം വേറിട്ടു നിൽക്കുന്നത്. രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥിയായിരുന്ന ആര്യൻ എല്ലാ ദിവസവും അച്ഛൻ രാംഹേത് രാജ്പുതിനെ വിളിച്ച് അന്നത്തെ ചെറിയ കാര്യങ്ങൾ അടക്കം വിശദമായി പറയുമായിരുന്നു. കുടുംബത്തിന്റെ മുഴുവൻ ശ്രദ്ധയും പ്രതീക്ഷയും ഈ മകനായിരുന്നുവെന്ന് കർഷകനായ അച്ഛൻ ഓർമിക്കുന്നു. ഇളയ മകനെ ഡോക്ടറാക്കുക എന്ന ഒരേയൊരു സ്വപ്നം മാത്രമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്.
മാസത്തിലൊരിക്കൽ ആര്യൻ വീട്ടിൽ വരുമ്പോൾ ഗ്രാമവാസികളോട് ‘ഞാൻ നിങ്ങളെയെല്ലാം സേവിക്കുമെന്ന് അവൻ പറയുമായിരുന്നെന്ന് ബന്ധു ഓർമിക്കുന്നു. ആര്യന്റെ അച്ഛൻ രാംഹേത് രാജ്പുത്, അമ്മ റാണി രാജ്പുത്, മൂത്ത സഹോദരി നികിത, മൂത്ത സഹോദരൻ ആദിത്യ എന്നിവരെ ഈ ദുഃഖവാർത്ത ഇതുവരെ അറിയിച്ചിട്ടില്ല. അത് അവരെ അറിയിക്കാതിരിക്കാൻ ജിക്സൗലി ഗ്രാമ വാസികൾ അന്ത്യകർമങ്ങൾക്കായി അവന്റെ മൃതദേഹം വീട്ടിലെത്തുന്നതുവരെ ആ വീട്ടിലേക്ക് പോകാതിരിക്കുകയാണെന്ന് സർപഞ്ച് പങ്കജ് സിംഗ് കരാർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

