അനുമതിയില്ലാതെ പാട്ടുപയോഗിച്ചു; ഇളയരാജ വീണ്ടും കോടതിയിൽ
text_fieldsillayaraja
ചെന്നൈ: വീണ്ടും തന്റെ ഗാനം അനധികൃതമായി ഉപയോഗിച്ചതിനെതിരെ ഇളയരാജ കോടതിയിലേക്ക്. വനിത വിജയകുമാർ അഭിനയിച്ച മിസിസ് ആന്റ് മിസ്റ്റർ എന്ന ചിത്രത്തിലെ ഇളയരാജ ഗാനം എത്രയും വേഗം നീക്കണമെന്നാവശ്യപ്പെട്ടാണ് ‘ഇസൈജ്ഞാനി’ മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. തിങ്കളാഴ്ച കോടതി കേസ് വാദം കേൾക്കും.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത സിനിമയിൽ ഇളയരാജയുടെ ‘മൈക്കിൾ മദന കാമരാജൻ’ എന്ന പ്രശസ്ത കമൽ ചിത്രത്തിലെ ‘രാത്തിരി ശിവരാത്തിരി..’ എന്ന ഗാനമാണ് അനുമതിയില്ലാതെ ഉപയോഗിച്ചിരിക്കുന്നത്. സ്വന്തം കംപോസിഷനിലെ ഗാനം അനധികൃതമായാണ് ഉപയോഗിച്ചിരിക്കുന്നത് എന്ന ആക്ഷേപമുന്നയിച്ചാണ് ഇളയരാജ കോടതിയെ സമീപിച്ചത്.
പകർപ്പവകാശ നിയമപ്രകാരം ഗാനം തന്റെ മുൻകൂട്ടിയുള്ള അനുമതിയില്ലാതെ ഉപയോഗിക്കാൻ പാടില്ല. തന്നെയുമല്ല, തന്റെ ഗാനം അനുമതിയില്ലാതെ രൂപമാറ്റം വരുത്തുകയും ചെയ്തിരിക്കുന്നു. അതിനാൽ സിനിമയിൽ നിന്ന് എത്രയും വേഗം ഗാനം നീക്കണമെന്നാണ് ഇളയരാജ കോടതിയിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഇളയരാജയുടെ വക്കീൽ എ. ശരവണനാണ് ജസ്റ്റിസ് സെന്തിൽകുമാർ രാമമൂർത്തി മുമ്പാകെ അടിയന്തരവാദം കേൾക്കുന്നതിനായി അപ്പീൽ നൽകിയത്.
ഇന്ത്യയിലെ പ്രമുഖ കംപോസറായ ഇളയരാജയുടെ ഗാനങ്ങൾ അനധികൃതമായി സിനിമയിൽ ഉപയോഗിക്കുന്നതും ഗാനമേളകളിൽ പാടുന്നതുമായി ബന്ധപ്പെട്ടുമൊക്കെ ഒട്ടേറെ വിവാദങ്ങളും കോടതി വ്യവഹാരങ്ങളും നടന്നിട്ടുണ്ട്. അടുത്തകാലത്ത് ‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന മലയാള ചിത്രത്തിൽ ‘ഗുണ’യിലെ ‘കൺമണീ അൻപോട്..’എന്ന ഗാനം ഉപയോഗിച്ചതു സംബന്ധിച്ചും കേസുണ്ടായി.
അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യം, ചിത്ര എന്നിവർക്കെതിരെയും ഇളയരാജ പകർപ്പവകാശം ഉന്നയിച്ച് നോട്ടീസ് അയച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

