ഗാങ്ടോക്: രാജ്യത്ത് ഏറ്റവും കൂടുതൽ കാലം തുടർച്ചയായി മുഖ്യമന്ത്രിസ്ഥാനത്തിരുന്ന വ്യക്തി ആരെന്ന് ചോദിച്ചാൽ ഇനി സിക്കിം മുഖ്യമന്ത്രി പവൻ കുമാർ ചാംലിങ് എന്നു പറയേണ്ടിവരും. പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിനെയാണ് ചാംലിങ് പിന്നിലാക്കിയത്.
1994 ഡിസംബർ 12ന് അധികാരത്തിലേറിയ ഇദ്ദേഹം ഞായറാഴ്ച മുഖ്യമന്ത്രിയായി 23 വർഷവും നാലു മാസവും 17 ദിവസവും പൂർത്തിയാക്കി. സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് സ്ഥാപക പ്രസിഡൻറാണ് ചാംലിങ്.
സ്കൂൾ വിദ്യാഭ്യാസം മാത്രമുള്ള ഇദ്ദേഹം 1989 മുതൽ 92 വരെ സിക്കിമിൽ മന്ത്രിയായിരുന്നു. 1993ലാണ് സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ട് രൂപവത്കരിച്ചത്. സിക്കിം ജനത ആഗ്രഹിക്കുന്ന കാലംവരെ താൻ മുഖ്യമന്ത്രിസ്ഥാനത്ത് തുടരുമെന്ന് 68കാരനായ അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
32ാം വയസ്സിലാണ് രാഷ്ട്രീയത്തിലെത്തിയത്. 1977 ജൂൺ 21 മുതൽ 2000 നവംബർ ആറുവരെ അഞ്ചുതവണയാണ് ജ്യോതി ബസു പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയായത്.2010ൽ 95ാം വയസ്സിൽ ജ്യോതി ബസു അന്തരിച്ചു.