കുറഞ്ഞ പൈസക്ക് ട്രേഡ് ഫെയർ ടിക്കറ്റ് വാഗ്ദാനം ; യുവതിക്ക് നഷ്ടമായത് ഐഫോണും 1200 രൂപയും
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: കുറഞ്ഞ വിലയിൽ ഇന്ത്യ ഇന്റർനാഷനൽ ട്രേഡ് ഫെയറിന്റെ (ഐഐടിഎഫ്) ടിക്കറ്റ് സംഘടിപ്പിച്ചുനൽകാമെന്ന വാഗ്ദാനത്തിൽ വീണ യുവതിക്ക് നഷ്ടമായത് 1,200 രൂപ. ടിക്കറ്റിനായി നൽകിയ ക്യുആർ കോഡ് സ്കാൻ ചെയ്തതിനു പിന്നാലെ യുവതിയുടെ ഐഫോണും പ്രവർത്തനരഹിതമായി. സംഭവത്തിൽ 38കാരനായ മുഹമ്മദ് ഫൈസലിനെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. ഫോണിൽ എന്തുതരം സൈബർ ഇടപെടലാണ് നടന്നതെന്ന് പൊലീസ് അന്വേഷിച്ചുവരികയാണ്.
ഞായറാഴ്ച ഉച്ചക്ക് 1.30ഓടെ പ്രഗതി മൈതാനിലെ നാലാം നമ്പർ ഗേറ്റിന് സമീപമായിരുന്നു സംഭവം. ഔദ്യോഗിക ആപ്ലിക്കേഷൻ വഴി ടിക്കറ്റ് വാങ്ങാൻ ശ്രമിക്കുകയായിരുന്ന യുവതിയെ സമീപിച്ച ഫൈസൽ 400 രൂപക്ക് ടിക്കറ്റ് സംഘടിപ്പിച്ചുനൽകാമെന്ന് വാഗ്ദാനം ചെയ്തു. തുടർന്ന് പണമടക്കാനായി ക്യുആർ കോഡ് നൽകി. ഇത് സ്കാൻ ചെയ്തതോടെ യുവതിയുടെ പേയ്മെന്റ് ആപ്പിൽനിന്ന് 1,200 രൂപ നഷ്ടമായി. പിന്നാലെ ഐഫോൺ തനിയെ സിങ്ക് ചെയ്യാൻ തുടങ്ങുകയും ഉപയോഗിക്കാനാകാത്ത അവസ്ഥയിലാകുകയും ചെയ്തു.
പിന്നാലെ ഫോണിൽ ലോഗിൻ പരാജയപ്പെട്ടെന്ന അറിയിപ്പും ലഭിച്ചു. അക്കൗണ്ടിൽനിന്ന് പണം നഷ്ടമായതും ഫോണിൽ സംശയകരമായ പ്രവർത്തനങ്ങൾ നടന്നതും ശ്രദ്ധയിൽപ്പെട്ട യുവതി പൊലീസിനെ വിവരമറിയിച്ചു. പരാതിക്കാരി പറഞ്ഞ അടയാളങ്ങളുടെ അടിസ്ഥാനത്തിൽ പൊലീസ് സ്ഥലത്തുവെച്ചുതന്നെ ഫൈസലിനെ പിടികൂടി.
ചോദ്യം ചെയ്യലിൽ ഫൈസൽ മറ്റൊരു സുഹൃത്തിനൊപ്പം ഡൽഹിയിലെ പ്രധാന പരിപാടികളുടെ ടിക്കറ്റുകൾ അനധികൃതമായി വിൽക്കുന്നുണ്ടെന്ന് സമ്മതിച്ചതായി പൊലീസ് അറിയിച്ചു. സുഹൃത്താണ് വിവിധ പരിപാടികളുടെ ടിക്കറ്റുകൾ സംഘടിപ്പിച്ചിരുന്നത്. ചില സന്ദർഭങ്ങളിൽ പണം വാങ്ങിയിട്ടും ടിക്കറ്റ് നൽകിയിരുന്നില്ലെന്നും പൊലീസ് പറയുന്നു. ഈ വർഷം മേയ് ഒമ്പതിന് സമാനമായ തട്ടിപ്പുമായി ബന്ധപ്പെട്ട് ഫൈസലിനെതിരെ ക്രൈംബ്രാഞ്ചിൽ കേസെടുത്തിരുന്നു. കൂട്ടാളിയെ കണ്ടെത്താനും കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടോയെന്ന് പരിശോധിക്കാനും അന്വേഷണം തുടരുകയാണ്.

