ഖരഗ്പൂര്‍ ഐ.ഐ.ടി വിദ്യാര്‍ഥി ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍
text_fieldsകൊല്‍ക്കത്ത: ഖരഗ്പൂർ ഐ.ഐ.ടി വിദ്യാർഥിയെ ഞായറാഴ്ച രാവിലെ ഹോസ്റ്റൽ മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കൊൽക്കത്തയിലെ കസ്ബ സ്വദേശിയായ മൂന്നാം വർഷ ഇലക്ട്രിക്കൽ എഞ്ചിനീയറിങ് വിദ്യാർഥി ഷോൺ മാലിക് (21) ആണ് മരിച്ചത്. മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു.
നിരവധി തവണ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനെ തുടർന്ന് മാതാപിതാക്കള്‍ അന്വേഷിച്ചെത്തിയപ്പോഴാണ് ഷോണിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഷോൺ മാലിക് അവസാനമായി അമ്മയോട് സംസാരിച്ചത്. എല്ലാ ഞായറാഴ്ചയും മാതാപിതാക്കൾ മകനെ സന്ദർശിച്ചിരുന്നു.
പോസ്റ്റ്‌മോർട്ടവും ഇൻക്വസ്റ്റും പൂർത്തിയാക്കിയതായും വിദ്യാർഥിയുടെ മാതാപിതാക്കളുടെ സാന്നിധ്യത്തിൽ പോസ്റ്റ്‌മോർട്ടം വിഡിയോയിൽ പകർത്തിയതായും പൊലീസ് പറഞ്ഞു. വിദ്യാർഥിയുടെ ലാപ്‌ടോപ്പും മൊബൈലും ഉദ്യോഗസ്ഥൻ കസ്റ്റഡിയിലെടുത്തു. മാലിക് അവസാനമായി കഴിച്ച ഭക്ഷണത്തിന്‍റെ സാമ്പിളും പൊലീസ് സംഘം ശേഖരിച്ചതായി വൃത്തങ്ങൾ അറിയിച്ചു.
പ്രഥമദൃഷ്ട്യാ ബാഹ്യ പരിക്കുകളൊന്നും കണ്ടെത്താനായിട്ടില്ല. കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ അസ്വാഭാവിക മരണത്തിന് കേസെടുത്തു. കുറ്റകൃത്യം നടന്ന സ്ഥലം പരിശോധിച്ചതായി പൊലീസ് അറിയിച്ചു. മരണത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഇത്തരം സംഭവങ്ങള്‍ തടയാന്‍ നടപടികള്‍ സ്വീകരിക്കുമെന്നും ഇന്‍സ്റ്റിറ്റ്യൂട്ട് അധികൃതർ വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പറുകൾ - 1056, 0471- 2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

