'ഹാക്കർമാർക്ക് പ്രത്യേക കോഴ്‌സ്'; സൈബർ സുരക്ഷയിൽ യുജി പ്രോഗ്രാം ആരംഭിക്കാനൊരുങ്ങി ഐഐടി കാൺപൂർ, ഇന്ത്യയിലാദ്യം
text_fieldsകാൺപൂർ: രാജ്യത്തിന്റെ ഡിജിറ്റൽ മേഖലയ്ക്ക് സുരക്ഷാ കോട്ട തീർക്കാൻ 'സൈബർ യോദ്ധാക്കളെ' വാർത്തെടുക്കാനൊരുങ്ങി ഐഐടി കാൺപൂർ. 2026-27 അക്കാദമിക് വർഷം മുതൽ ഇന്ത്യയിലാദ്യമായി സൈബർ സുരക്ഷയിൽ പ്രത്യേക അണ്ടർ ഗ്രാജുവേറ്റ് പ്രോഗ്രാം ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കും. 'ബാച്ചിലർ ഓഫ് സൈബർ സെക്യൂരിറ്റി' എന്ന് പേരിട്ടിരിക്കുന്ന കോഴ്‌സിൽ ആകെയുള്ളത് 60 സീറ്റുകളാണ്. ഐഐടിയുടെ വാധ്വാനി സ്കൂൾ ഓഫ് എഐ ആൻഡ് ഇന്റലിജന്റ് സിസ്റ്റംസ് ആണ് പ്രോഗ്രാം ഒഫർ ചെയ്യുന്നത്.
പരമ്പരാഗത ജെഇഇ അഡ്വാൻസ്ഡ് സ്കോറുകൾക്ക് പകരം, ജെഇഇ മെയിൻ സ്ക്രീനിംഗ്, പ്രീ സൈബർ സെക്യൂരിറ്റി വർക്ക്, ക്യാമ്പസിൽ നടത്തുന്ന പ്രത്യേക ഹാക്കത്തോൺ എന്നിവയുടെ അടിസ്ഥാനത്തിലാണ് പ്രവേശനം. പ്രതിഭയുണ്ടായിട്ടും ജെഇഇ അഡ്വാൻസ്ഡ് റാങ്ക് ലിസ്റ്റിൽ ഇടംപിടിക്കാനാകാതെ പോകുന്ന യുവ എത്തിക്കൽ ഹാക്കർമാരെ ലക്ഷ്യമിട്ടാണ് വേറിട്ട പ്രവേശന രീതി. ഇതിനായുള്ള ഹാക്കത്തോൺ ജൂലൈ ആദ്യവാരം നടക്കും. കോഴ്‌സിനെക്കുറിച്ചുള്ള വിശദ വിവരങ്ങൾ അടങ്ങിയ പ്രത്യേക വെബ്‌പേജ് അടുത്ത ആഴ്ചയോടെ ലഭ്യമാകുമെന്ന് അധികൃതർ അറിയിച്ചു.
കോഴ്‌സ് ഘടനയും സവിശേഷതകളും
നാല് വർഷത്തെ കോഴ്‌സ് ഘടനയിൽ രണ്ട് വർഷം ഐഐടി കാൺപൂരിലെ കർശനമായ തിയറി-ലാബ് പഠനമായിരിക്കും. അടുത്ത രണ്ട് വർഷം വിവിധ സർക്കാർ സുരക്ഷാ ഏജൻസികളിൽ നേരിട്ടുള്ള ഇന്റേൺഷിപ്പാണ്. പ്രായോഗിക തലത്തിൽ യഥാർത്ഥ സൈബർ വെല്ലുവിളികൾ നേരിടാൻ വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഭാവിയിലെ യുദ്ധങ്ങൾ ഡിജിറ്റൽ ലോകത്തായിരിക്കുമെന്നും നിർണായക ദേശീയ അടിസ്ഥാന സൗകര്യങ്ങൾക്ക് സൈബർ ആക്രമണങ്ങളിൽ നിന്ന് ശക്തമായ പ്രതിരോധം ആവശ്യമാണെന്നും ഐഐടി കാൺപൂർ ഡയറക്ടർ പ്രൊഫ. മനീന്ദ്ര അഗർവാൾ വ്യക്തമാക്കി. കമ്പ്യൂട്ടർ കോഡിംഗിലും സൈബർ സുരക്ഷയിലും അസാധാരണമായ താല്പര്യവും കഴിവുമുള്ള ഒട്ടനവധി യുവാക്കൾ രാജ്യത്തുണ്ട്. എന്നാൽ പരമ്പരാഗത പരീക്ഷകളിൽ അവർ പിന്നോട്ട് പോയേക്കാം. അത്തരം പ്രതിഭകളെ കണ്ടെത്തി രാജ്യത്തിന് ഉപകരിക്കുന്ന മികച്ച വിദഗ്ധരാക്കി മാറ്റുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സിബിഎസ്ഇയുടെ പോർട്ടലിലെ സുരക്ഷാ പിഴവുകൾ കണ്ടെത്തി വാർത്തകളിൽ ഇടംനേടിയ 19 വയസ്സുകാരൻ നിസർഗ അധികാരിയെ ഐഐടിയുടെ സി3ഐ ഹബ്ബിൽ ഭീഷണി ഇന്റലിജൻസ് എഞ്ചിനീയറായി ഈയിടെ നിയമിച്ചിരുന്നു. ഇത്തരം അസാധാരണ പ്രതിഭകളെ ഉപയോഗപ്പെടുത്തുന്നതിന്റെ തുടർച്ചയായാണ് പുതിയ ബിരുദ കോഴ്‌സെന്നും സ്കൂൾ ഡീൻ പ്രൊഫ. നിതിൻ സക്സേന പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

