ഡൽഹി: കോവിഡ് കാലത്ത് നാം ഏറ്റവുംകൂടുതൽ ബുദ്ധിമുട്ടിലാകുന്നത് മാസ്കുകളുടെ ലഭ്യതക്കുറവുമൂലമാണ്. ആരോഗ്യപ്രവർത്തകർക്കിടയിൽ ഇത് വൻ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നത്. സാധാരണക്കാർക്ക് പുനരുപയോഗിക്കാവുന്ന തുണി മാസ്കുകൾ ലഭ്യമാണെങ്കിലും ആശുപത്രികളിൽ ഇത് മതിയാവില്ല.
രോഗികളുമായി ഇടപഴകുന്നവർക്ക് എൻ 95 പോലുള്ള സുരക്ഷിതമായ മാസ്കുകൾ ആവശ്യമാണ്. ഇവ പുനരുപയോഗിക്കാനാകാത്തത് വലിയ പ്രശ്നമായിരുന്നു. ഇതിന് പരിഹാരമായി ഡൽഹി െഎ.െഎ.ടിയിലെ സംരഭകർ ചേർന്ന് പുതിയൊരു ഉപകരണം നിർമിച്ചിരിക്കുകയാണ്. ‘ചകർ ഡികോവ്’ എന്ന് പേരിട്ട ഉപകരണം ഉപയോഗിച്ച് എൻ 95 മാസ്കുകൾ അണുവിമുക്തമാക്കാം. മന്ത്രി അശ്വിനികുമാർ ഉപകരണം ഒൗദ്വോഗികമായി പുറത്തിറക്കി.
പ്രവർത്തന രീതി
ഒാസോൺ രശ്മികൾ ഉപയോഗിച്ചുള്ള പ്രവർത്തന രീതിയാണ് ചകർ ഡികോവിനുള്ളത്. മാസ്കുകൾ 90 മിനിറ്റുകൊണ്ട് അണുവിമുക്തമാക്കാൻ ഉപകരണത്തിനാകും. ചതുരാകൃതിയിലുള്ള പെട്ടിയുടെ രൂപത്തിലാണ് ഇവ നിർമിച്ചിരിക്കുന്നത്. ഇതിനുള്ളിൽ ഒാസോൺ വാതകം നിറക്കും. മാസ്കിലെ സൂക്ഷ്മ സുഷിരങ്ങളിലൂടെ കടന്ന് വൈറസ് ഉൾപ്പെടയുള്ളവയെ ഒാസോൺ നശിപ്പിക്കും.
ഒാസോൺ ശക്തമായൊരു ഒാക്സിഡൈസിങ്ങ് ഏജൻറാണ്. ഇത് വൈറസിനെ പോലെ സൂക്ഷ്മാണുക്കളുടെ ആർ.എൻ.എയെ തകർക്കാൻ പ്രാപ്തമാണ്. യന്ത്രം ഉപയോഗിക്കുന്നവരുടെ സുരക്ഷക്കായി ബയോ സേഫ്റ്റി ഡോറും കാറ്റലിറ്റിക് റിഡക്ഷൻ സിസ്റ്റവും നൽകിയിട്ടുണ്ട്. െഎ.െഎ.ടിയിലെ ബയോമെഡിക്കൽ എഞ്ചിനീയറിങ്ങ് ഡിപ്പാർട്ട്മെൻറ് ഉപകരണം നിരവധിതവണ പരീക്ഷിച്ച് വിജയമെന്ന് കണ്ടെത്തിയിരുന്നു.