ഐ.ഐ.ടി ബോംബെ വിദ്യാർഥിയുടെ മരണം: ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ നിരാഹാര സമരം നടത്തുമെന്ന് സാഹിലിന്റെ പിതാവ്
text_fieldsസാഹിലിന്റെ മാതാപിതാക്കൾ
മുംബൈ: ഐ.ഐ.ടി ബോംബെയിൽ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായ സാഹിൽ വകോഡെ ജീവനൊടുക്കിയ സംഭവത്തിൽ പ്രതിഷേധിച്ച് കുടുംബം രംഗത്ത്. കേസിൽ പ്രതികളായ ഐ.ഐ.ടി ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്തില്ലെങ്കിൽ ബുധനാഴ്ച മുതൽ നിരാഹാര സമരം ആരംഭിക്കുമെന്ന് പിതാവ് രവീന്ദ്ര വകോഡെ വ്യക്തമാക്കി. മുംബൈയിലെത്തിയ അദ്ദേഹം ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരെ കണ്ടതിന് ശേഷമാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്. മരിക്കുന്നതിന് അഞ്ച് ദിവസം മുമ്പ് സെപ്റ്റംബർ 13നാണ് സാഹിലിന്റെ മാതാപിതാക്കൾ കാമ്പസിൽ വന്ന് മകനോടൊപ്പം സമയം ചെലവഴിച്ച് അടുത്ത ദിവസമാണ് അവർ വീട്ടിലേക്ക് മടങ്ങിയത്.
സെപ്റ്റംബർ 18-നാണ് എനർജി സയൻസ് ആൻഡ് എൻജിനീയറിങ് വിഭാഗത്തിലെ രണ്ടാം വർഷ ബി.ടെക് വിദ്യാർഥിയായ സാഹിൽ ജീവനൊടുക്കിയത്. പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട സംഭവത്തിന് പിന്നാലെയായിരുന്നു ഈ ദാരുണാന്ത്യം. പരീക്ഷാഹാളിൽ യഥാർഥത്തിൽ എന്താണ് സംഭവിച്ചതെന്നും നിരീക്ഷണ സംവിധാനത്തിൽ വീഴ്ചയുണ്ടായോയെന്നും സി.ബി.ഐ അന്വേഷിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടു.
സാഹിൽ പരീക്ഷക്കിടെ മൊബൈൽ ഫോൺ ഉപയോഗിച്ചിരുന്നുവെന്ന വിവരം മരണശേഷമാണ് തങ്ങൾ അറിഞ്ഞതെന്നും, അങ്ങനെയെങ്കിൽ പരീക്ഷാഹാളിൽ മേൽനോട്ടം വഹിച്ചവർ എന്താണ് ചെയ്തതെന്ന് വ്യക്തമാക്കണമെന്നും സഹിലിന്റെ അമ്മാവൻ ആവശ്യപ്പെട്ടു. സാഹിലിന്റെ മൊബൈൽ ഫോൺ, ലാപ്‌ടോപ്, പരീക്ഷാഹാളിലെയും കാമ്പസിലെയും സി.സി.ടി.വി ദൃശ്യങ്ങൾ തുടങ്ങിയവയും പരിശോധിക്കണമെന്ന് കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.
കൂടാതെ, സാഹിലിന് കാമ്പസിൽ ജാതിവിവേചനവും പീഡനവും നേരിടേണ്ടിവന്നെന്നും കുടുംബം ഗുരുതരമായ ആരോപണം ഉന്നയിച്ചു. ഐ.ഐ.ടിയിൽ മരിച്ച വിദ്യാർഥികൾ കൂടുതലും പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളിൽ പെട്ടവരാണെന്നും അവരുടെ മരണങ്ങളിൽ ജാതി വിവേചനത്തിന് പങ്കുണ്ടോയെന്നും കുടുംബം ചോദിച്ചു. സാഹിലിന്റെ മരണവുമായി ബന്ധപ്പെട്ട് പട്ടികജാതി, പട്ടികവർഗ (അതിക്രമങ്ങൾ തടയൽ) നിയമപ്രകാരവും ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയും പൊലീസ് കേസെടുത്തിട്ടുണ്ട്.
സാഹിലിന്റെ മരണത്തെത്തുടർന്നുണ്ടായ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ, സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഐ.ഐ.ടി ബോംബെ ഭരണസമിതി 10 അംഗ ഉന്നതതല സമിതിയെ രൂപീകരിച്ചിട്ടുണ്ട്. ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട പ്രൊഫസർ സൂര്യനാരായണ ഡൂല്ലയെ ഐ.ഐ.ടി ബോംബെ ഡീൻ ഓഫ് അഡ്മിനിസ്ട്രേറ്റീവ് അഫയേഴ്സ് സ്ഥാനത്തുനിന്ന് നീക്കുകയും, അവധിയിൽ പോകാൻ ആവശ്യപ്പെടുകയും ചെയ്തു. ഒരു ആഴ്ചക്കുള്ളിൽ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നിർദേശം നൽകിയിട്ടുള്ളത്. റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടികൾ സ്വീകരിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. വിദ്യാർഥികൾ ഉന്നയിച്ച പ്രധാന ആവശ്യങ്ങളിൽ ഭൂരിഭാഗവും ബോർഡ് അംഗീകരിച്ചിട്ടുണ്ട്.
പാലക്കാട് ഐ.ഐ.ടി ബോർഡ് ഓഫ് ഗവേണേഴ്സ് ചെയർമാൻ പ്രൊഫസർ രമേഷ് വെങ്കിടേശ്വരൻ ആണ് അന്വേഷണ സമിതിക്ക് നേതൃത്വം നൽകുന്നത്. അന്വേഷണ സമിതിയുടെ ഘടന വിദ്യാഭ്യാസ മന്ത്രാലയവുമായി പങ്കുവെച്ചിട്ടുണ്ടെന്നും അവരുടെ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും മുതിർന്ന ഇൻസ്റ്റിറ്റ്യൂട്ട് ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
അതേസമയം, രാജ്യത്തുടനീളമുള്ള മറ്റ് ഐ.ഐ.ടികളിലെ അധ്യാപക സംഘടനകളും ഐ.ഐ.ടി ബോംബെയിലെ സഹപ്രവർത്തകർക്ക് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തിൽ കൃത്യമായ അന്വേഷണ നടപടികൾ ഉണ്ടാകണമെന്ന് അവർ ആവശ്യപ്പെട്ടു. മരിച്ച സാഹിലിന് നീതി തേടിയും, പ്രൊഫസർ ദൂലക്ക് പിന്തുണയറിയിച്ചും ഐ.ഐ.ടി കാമ്പസിൽ വിദ്യാർത്ഥികൾ സമാധാനപരമായ മാർച്ചും സംഘടിപ്പിച്ചു.
പരീക്ഷാ ഹാളിലേക്ക് കർശന പരിശോധനകൾക്ക് ശേഷമാണ് വിദ്യാർത്ഥികളെ പ്രവേശിപ്പിക്കുന്നതെങ്കിലും, സാഹിൽ എങ്ങനെ ഫോൺ അകത്തേക്ക് കൊണ്ടുപോയി എന്നതിനെക്കുറിച്ച് ചില അധ്യാപകർ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാൽ കാമ്പസിലെ പരിശോധനകൾ അത്ര കർശനമായിരിക്കാറില്ലെന്നും, ചില സമയങ്ങളിൽ സാധാരണ പരിശോധനകൾ മാത്രമാണ് നടക്കുന്നതെന്നും വിദ്യാർത്ഥികൾ വ്യക്തമാക്കി. സംഭവത്തിൽ പൊലീസ് അന്വേഷണവും ഇൻസ്റ്റിറ്റ്യൂട്ടിന്റെ ആഭ്യന്തര അന്വേഷണവും പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

