ഐ.ഐ.എം കൽക്കത്ത ബലാത്സംഗ കേസിൽ വഴിത്തിരിവ്: പെൺകുട്ടി സഹകരിച്ചില്ലെന്ന് കാണിച്ച് പ്രതിക്ക് ജാമ്യം നൽകി
text_fieldsകൊൽക്കത്ത: കൊൽക്കത്തയിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റിൽ (ഐ.ഐ.എം) നടന്നതായി ആരോപിക്കപ്പെടുന്ന ബലാത്സംഗ കേസിൽ അറസ്റ്റിലായി ഒരാഴ്ച കഴിഞ്ഞപ്പോൾ പ്രതിക്ക് ജാമ്യം. ഇരയായ പെൺകുട്ടി അന്വേഷണത്തിൽ ‘സഹകരിച്ചില്ല’ എന്ന് നരീക്ഷിച്ചാണ് വിചാരണ കോടതി പ്രതിയായ വിദ്യാർഥിക്ക് 50,000 രൂപയുടെ ബോണ്ടിൽ ഇടക്കാല ജാമ്യം അനുവദിച്ചത്. ആലിപൂരിലെ ഇൻസ്റ്റിറ്റ്യൂട്ടിൽ ഈ ജൂലൈ 11ന് ഒരു പെൺകുട്ടിയെ ബലാത്സംഗം ചെയ്തുവെന്നാരോപിച്ച് പ്രതിയെ കൊൽക്കത്ത പൊലീസ് അറസ്റ്റ് ചെയ്ത് ജൂലൈ 12 ന് കോടതിയിൽ ഹാജറാക്കിയിരുന്നു.
റിപ്പോർട്ടുകൾ അനുസരിച്ച്, പരാതിക്കാരി മൊഴി രേഖപ്പെടുത്താൻ മജിസ്‌ട്രേറ്റിന് മുന്നിൽ രണ്ട് തവണ ഹാജരാകാതിരുന്നതിനാൽ ആരുമായും ബന്ധപ്പെടാൻ കഴിഞ്ഞില്ലെന്നും അന്വേഷണ ആവശ്യങ്ങൾക്കായി കൊൽക്കത്ത പൊലീസ് ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അവരുടെ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണെന്നുമാണ്. സൈക്കോളജിക്കൽ കൗൺസിലറായ ഇര, കൗൺസിലിങിനായി പ്രതി ഹോസ്റ്റലിലേക്ക് തന്നെ വിളിച്ചുവരുത്തിയതായി നേരത്തെ പരാതിയിൽ അവകാശപ്പെട്ടിരുന്നു. എന്നാൽ, ഹോസ്റ്റലിൽ എത്തിയപ്പോൾ മയക്കുമരുന്ന് കലർന്ന പാനീയം കഴിച്ച് ബോധരഹിതയായി. ബോധം വന്നപ്പോൾ താൻ ബലാത്സംഗത്തിന് ഇരയായതായി അവൾ മനസ്സിലാക്കി.
താനും ആരോപണവിധേയനായ പ്രതിയും സോഷ്യൽ മീഡിയ വഴിയാണ് പരിചയപ്പെട്ടതെന്ന് പരാതിക്കാരി പറഞ്ഞു. എന്നാൽ, ഇരയുടെ പിതാവ് കുറ്റകൃത്യം നടന്നതായി നിഷേധിച്ചു. ജൂലൈ 12ന്, ഇരയുടെ പിതാവ് അവകാശവാദങ്ങൾ നിഷേധിക്കുകയും തന്റെ മകൾക്ക് ഒരു ഓട്ടോറിക്ഷയിൽ നിന്ന് വീണതിനെ തുടർന്ന് പരിക്കേറ്റതായി പറയുകയും ചെയ്തുവെന്ന് എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്തു. തന്റെ മകൾ തന്നോട് ലൈംഗികാതിക്രമം നടന്നിട്ടില്ലെന്ന് പറഞ്ഞതായും പിതാവ് പറഞ്ഞു. ആരും മകളെ മോശമായി പെരുമാറുകയോ പീഡിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം അവകാശപ്പെട്ടു. അറസ്റ്റിലായ പർമാനന്ദ് ജെയിനുമായി വിദ്യാർഥിക്ക് യാതൊരു ബന്ധവുമില്ലെന്നും പറഞ്ഞു.
‘എന്റെ മകളോട് ഞാൻ സംസാരിച്ചു. ആരും തന്നെ പീഡിപ്പിക്കുകയോ മോശമായി പെരുമാറുകയോ ചെയ്തിട്ടില്ലെന്ന് അവൾ പറഞ്ഞു. എനിക്ക് എന്റെ മകളെ തിരികെ ലഭിച്ചു. അവൾ സാധാരണനിലയിലാണ്. അറസ്റ്റിലായ ആളുമായി അവൾക്ക് ഒരു ബന്ധവുമില്ല... എനിക്ക് അവളോട് ദീർഘനേരം സംസാരിക്കാൻ കഴിഞ്ഞിട്ടില്ല. അവൾ ഉറങ്ങുകയാണ്. അവൾ ഉണർന്നതിനുശേഷം ഞാൻ അവളോട് സംസാരിക്കാം... അവൾ ഒരു രേഖ സമർപ്പിക്കാൻ പോയിരുന്നു’ -പിതാവ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി കൊൽക്കത്ത പൊലീസ് ജൂലൈ 11ലെ ഐ.ഐ.എം കൽക്കത്ത കാമ്പസിലെ മുഴുവൻ സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടു. അന്വേഷണത്തിൽ ഇരയുടെ അവകാശവാദങ്ങളിൽ പൊരുത്തക്കേടുകൾ കണ്ടെത്തിയ പൊലീസ്, ആ ദിവസം ഇര ഏതൊക്കെ സ്ഥാപനങ്ങൾ സന്ദർശിച്ചിരുന്നുവെന്ന് ഉറപ്പാക്കാൻ ആവശ്യപ്പെട്ടു.
ഇതിനുപുറമെ, കുറ്റകൃത്യത്തിനുശേഷം പ്രതിയുമായി ബന്ധപ്പെട്ടിരുന്ന മൂന്ന് വിദ്യാർഥികളെ ചോദ്യം ചെയ്യാൻ അനുമതി തേടി അന്വേഷണ ഉദ്യോഗസ്ഥർ ഐ.ഐ.എം കൽക്കട്ട അധികൃതർക്ക് കത്തെഴുതിയതായും ഉദ്യോഗസ്ഥൻ പറഞ്ഞു. അന്വേഷണവുമായി ബന്ധപ്പെട്ട് വൈദ്യ പരിശോധനക്ക് ആരോപണവിധേയയായ ഇര ഇതുവരെ സമ്മതം നൽകിയിട്ടില്ലെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

