ബലാത്സംഗക്കേസിലെ വിദ്യാർഥിക്ക് ഹോസ്റ്റൽ നിഷേധിച്ച് ഐ.ഐ.എം കൽക്കത്ത; ക്ലാസിൽ പ്രവേശിപ്പിക്കും
text_fieldsകൊൽക്കത്ത: ബലാത്സംഗക്കേസിൽ പ്രതിയായ രണ്ടാം വർഷ വിദ്യാർഥിയായ പരമാനന്ദ് മഹാവീർ ടോപ്പന്നവാറിന് ക്ലാസ് പുനഃരാരംഭിക്കാൻ അനുവദിക്കുമെന്ന് ഐ.ഐ.എം കൽക്കത്ത അധികൃതർ. എന്നാൽ, വിദ്യാർഥിയെ ഹോസ്റ്റലിൽ താമസിക്കാൻ അനുവദിക്കില്ലെന്ന് ഇൻസ്റ്റിറ്റ്യൂട്ട് പറഞ്ഞു.
നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഡയറക്ടർ ഇൻ ചാർജ് സൈബൽ ചതോപാധ്യായ തീരുമാനമെടുത്തതെന്ന് ഐ.ഐ.എം ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു. ജൂലൈ 1ന് ‘ലേക്ക് വ്യൂ’ ഹോസ്റ്റലിൽ പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ അറസ്റ്റിലായ പരമാനന്ദിന് ശനിയാഴ്ച ജാമ്യം ലഭിച്ചു. പരാതിക്കാരി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നൽകിയത്.
‘ക്ലാസുകളിൽ പങ്കെടുക്കാൻ അനുവദിക്കണമെന്ന പരമാനന്ദിന്റെ അപേക്ഷയിൽ നിയമ വിദഗ്ധരുമായി ഞങ്ങൾ കൂടിയാലോചിച്ചു. ഞങ്ങൾ അദ്ദേഹത്തെ കാമ്പസിൽ താമസിക്കാൻ അനുവദിക്കില്ല. അയാൾ പുറത്ത് താമസ സൗകര്യം കണ്ടെത്തണം’- ഉദ്യോഗസ്ഥൻ പറഞ്ഞു.
സുരക്ഷാ കാരണങ്ങളാൽ പരമാനന്ദിനെ ഹോസ്റ്റലിൽ താമസിക്കുന്നതിൽനിന്ന് വിലക്കുമെന്ന് മറ്റൊരു ഐ.ഐ.എം ഉദ്യോഗസ്ഥനും പറഞ്ഞു. ‘സംഭവം നടന്ന ലേക്ക് വ്യൂ ഹോസ്റ്റലിൽ താമസിച്ചിരുന്നവർ സഹ പ്രതികളാണ്. ബലാത്സംഗ പരാതി വനിതാ വിദ്യാർഥികളിൽ ആശങ്ക ഉളവാക്കിയിട്ടുണ്ട്. പരമാനന്ദ് താമസിച്ചിരുന്ന രണ്ടാംനിലയിലെ 151-ാം നമ്പർ മുറിയിൽ നിന്ന് മദ്യക്കുപ്പികളും മറ്റ് വസ്തുക്കളും കണ്ടെത്തിയതായി പൊലീസ് ഞങ്ങളോട് പറഞ്ഞു. മുറി പഠനത്തിന്റെ ഉദ്ദേശ്യത്തിനായി ഉപയോഗിക്കുന്നില്ലെന്ന് ഞങ്ങൾ വിശ്വസിക്കുന്നു’വെന്നും ഉദ്യോഗസ്ഥൻ പറഞ്ഞു. പ്രതി മദ്യം കലർത്തിയ ശേഷം ഐ.ഐ.എന്റെ ‘ലേക്ക് വ്യൂ ഹോസ്റ്റലി’ൽ വെച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നായിരുന്നു പെൺകുട്ടിയുടെ പരാതി. ഈ ആശങ്കകളെല്ലാം കണക്കിലെടുത്ത് അദ്ദേഹത്തെ കാമ്പസിൽ താമസിക്കാൻ അനുവദിക്കേണ്ടെന്ന് തീരുമാനിച്ചുവെന്നും ഉദ്യോഗസ്ഥൻ കൂട്ടിച്ചേർത്തു.
ജയിലിൽ ആയിരുന്നപ്പോൾ നഷ്ടപ്പെട്ട ക്ലാസുകൾക്ക് പരമാനന്ദിന് ‘നഷ്ടപരിഹാര’ ഹാജർ നൽകാൻ ഇൻസ്റ്റിറ്റ്യൂട്ട് തീരുമാനിച്ചതായി ഒരു ഐ.ഐ.എം പ്രഫസർ പറഞ്ഞു. ഹാജർ കുറവായതിനാൽ വിദ്യാർഥിയുടെ ഗ്രേഡുകൾക്ക് ബുദ്ധിമുട്ടുണ്ടാകാം. ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക് കൗൺസിൽ യോഗത്തിൽ ഹാജർ പ്രശ്നം ചർച്ച ചെയ്തേക്കാമെന്നും ഐ.ഐ.എം ഉദ്യോഗസ്ഥൻ പറഞ്ഞു. മോചിതനായ ശേഷം കോടതി ഉത്തരവിന്റെ പകർപ്പ് സഹിതം പരമാനന്ദ് ഡയറക്ടർ ഇൻ ചാർജ് ചതോപാധ്യായയെ ബന്ധപ്പെടണമെന്നും തുടർന്ന് ഐ.ഐ.എം തീരുമാനം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

