ഗർഭിണിയായ സഹപ്രവർത്തകയുടെ ആത്മഹത്യ: ഐ.എഫ്.എസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തു
text_fieldsമുംബൈ: മഹാരാഷ്ട്രയിലെ മേൽഘട്ട് ടൈഗർ റിസർവിൽ സ്വയം വെടിയുതിർത്ത് റേഞ്ച് ഫോറസ്റ്റ് ഓഫിസർ ആത്മഹത്യ ചെയ്ത സംഭവത്തിൽ സാക്ച്വറി ഫീൽഡ് ഡയറക്ടർ ശ്രീനിവാസ് റെഡ്ഢിയെ സസ്പെൻഡ് ചെയ്തു. ശ്രീനിവാസ് റെഡ്ഡിക്കെതിരെ ഏപ്രിൽ രണ്ട് മുതൽ സമരം ആരംഭിക്കാൻ ഫോറസ്റ്റ് ഓഫിസർമാർ തീരുമാനിച്ചതോടെയാണ് സസ്പെൻഷൻ ഉത്തരവ് ഇറങ്ങിയത്.
തൊഴിൽ സ്ഥലത്തെ പീഡനം മൂലമാണ് റേഞ്ച് ഓഫിസറായ ദിപാലി ചവാൻ സ്വയം വെടിയുതിർത്തത്. മരണം നടന്ന ഉടനെ ഡെപ്യൂട്ടി കൺസർവേറ്റർ വിനോദ് ശിവകുമാറിനെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ ഈ നടപടിയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥർ തൃപ്തരായിരുന്നില്ല. സംഭവത്തിൽ ഉന്നത അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് ഗസറ്റഡ് ഫോറസ്റ്റ് ഓഫിസർ അസോസിയേഷൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെക്ക് കത്തയച്ചിരുന്നു.
33കാരിയായ ദിപാലി ചവാൻ മിടുക്കിയായ ഉദ്യോഗസ്ഥയായാണ് അറിയപ്പെട്ടിരുന്നത്. ഇവർ സ്വന്തം സർവീസ് റിവോൾവർ ഉപയോഗിച്ചാണ് ക്വാർട്ടേഴ്സിൽ വെടിവെച്ച് മരിച്ചത്. ആറ് മാസം ഗർഭിണിയുമായിരുന്നു ദിപാലി.
ദിപാലി എഴുതിയ ആത്മഹത്യാക്കുറിപ്പിൽ തന്നെ പീഡിപ്പിച്ച വിനോദ് ശിവകുമാറിനെതിരെ റെഡ്ഢിക്ക് പരാതി നൽകിയതായും എന്നാൽ നടപടി ഉണ്ടായില്ലെന്നും പറയുന്നുണ്ട്.

വിനോദ് ശിവകുമാർ സർവീസിൽ നിന്നും സസ്പെൻഡ് ചെയ്യപ്പെടണം. ഇത്തരം ക്രിമിനലുകളെ സംരക്ഷിക്കുന്ന ഉന്നതർക്കെതിരെയും നടപടി വേണം. ഗർഭിണിയായ സ്ത്രീ ആത്മഹത്യ ചെയ്യണമെങ്കിൽ മേലുദ്യോഗസ്ഥർ അവരിൽ അടിച്ചേൽപ്പിച്ച മാനസിക-ശാരീരിക പീഡനങ്ങൾ എത്രയെന്ന് ഊഹിക്കാവുന്നതാണ്. സാമ്പത്തിക ക്രമക്കേടുകൾ ആരോപിച്ച് നാലു മാസങ്ങളായി ഇവർക്ക് ശമ്പളവും നൽകിയിരുന്നില്ല. അസോസിയേഷൻ നൽകിയ കത്തിൽ പറയുന്നു.

നടപടി ആവശ്യപ്പെട്ട് ചൊവ്വാഴ്ച 30 ഫോറസ്റ്റ് ഉദ്യോഗസ്ഥർ ഫോറസ്റ്റ് സെക്രട്ടറിയേയും ഡെപ്യൂട്ടി മുഖ്യമന്ത്രി അജിത് പവാറിനെയും കണ്ടിരുന്നു. ശ്രീനിവാസ് റെഡ്ഢിയെ ഉടൻ അറസ്റ്റ് ചെയ്യണമെന്നും മേൽഘാട്ട് ടൈഗർ പ്രജോക്ടിൽ നടന്ന വന നശീകരണത്തെക്കുറിച്ച് അന്വേഷണത്തിന് ഉത്തരവിടണമെന്നും ഫോറസ്റ്റ് അസിസ്റ്റന്‍റ് കൺസർവേറ്റർ സീമ അഡ്ഗോക്കർ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

