തിരുപ്പതി ക്ഷേത്രത്തിൽ നിന്ന് റീൽസ് ഇട്ടാൽ പണികിട്ടും
text_fieldsthiruppathi
തിരുമല: ഇന്ത്യയിൽ ഏറ്റവും കൂടുതൽ ഭക്തരെത്തുന്ന തിരുപ്പതി ക്ഷേത്രത്തിന് മുന്നിൽ നിന്ന് റീൽസ് എടുത്താൽ ഇനി ശിക്ഷ. ക്ഷേത്രത്തിന്റെ ഭരണച്ചുമതല വഹിക്കുന്ന തിരുപ്പതി തിരമല ദേവസ്വം ആണ് ഈ തീരുമാനമെടുത്തത്. ക്ഷേത്രത്തിന് മുന്നിൽ നിന്ന് വീഡിയോ എടുക്കുകയോ അത് റീൽസായി സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യുകയോ ചെയ്താൽ കടുത്ത നടപടി നേരിടേണ്ടി വരുമെന്നാണ് തിരുമല ദേവസ്വത്തിന്റെ വാർത്താക്കുറിപ്പിൽ പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും പ്രശസ്തമായ മഹാവിഷ്ണു ക്ഷേത്രമാണ് തുരുപ്പതി വെങ്കടാചലപതി ക്ഷേത്രം. അടുത്തകാലത്ത് ക്ഷേത്രത്തിന് മുന്നിൽ നിന്ന് ചിലർ ക്ഷേത്രത്തിന്റെ സംസ്കാരത്തിന് നിരക്കാത്ത നിരക്കാത്ത തരത്തിലുള്ള നൃത്തരംഗങ്ങൾ ചിത്രീകരിക്കുകയും അത് സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ദേവസ്വം ബോർഡ് ഈ തീരുമാനമെടുത്തത്.
ക്ഷേത്രത്തിന് മുന്നിലും ചുറ്റുമുള്ള സ്ട്രീറ്റിലുമായി ചുറ്റിനടന്ന് ആഭാസകരമായ നൃത്തരംഗങ്ങർ ചിത്രീകരിക്കുകയും അത് സോഷ്യൽ മീഡിയിൽ പോസ്റ്റ് ചെയ്യുകയും ചെയ്തത് ക്ഷേത്രത്തിന്റെ പവിത്രതയ്ക്ക് കളങ്കമേൽപിച്ചു എന്നാണ് ദേവസ്വം ബോർഡിന്റെ വിലയിരുത്തൽ.
ക്ഷേത്രത്തിനോടുള്ള ബഹുമാനമില്ലായ്മയാണിതെന്നും അതിന്റെ ആത്മീയ സംവിധാനത്തിനു നിരക്കുന്നതല്ല ഈ പ്രവൃത്തിയെന്നും ദേവസ്വംബോർഡ് വാർത്താകുറിപ്പിൽ പറയുന്നു. ലക്ഷക്കണക്കിന് ഭക്തർ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരന്തരമായി എത്തുന്ന ക്ഷേത്രത്തിലെ ഭക്തിപരമായ അന്തരീക്ഷത്തിന് കളങ്കം വരുത്തുകയും ഭക്തിയോടെയെത്തുന്ന ലക്ഷങ്ങളുടെ മനസിനെ വേദനിപ്പിക്കുകയും ചെയ്യുന്നതാണ് ഇത്തരം നടപടിയെന്ന് ദേവസ്വം ബോർഡ് പറയുന്നു.
തിരുമല ഭക്തിയും ആത്മീയതയും നിലനിൽക്കുന്ന പ്രദേശമാണ്. ക്ഷേത്രത്തിന് ചുറ്റുമുള്ള പ്രദേശങ്ങളെല്ലാം ക്ഷേത്രചൈതന്യം നിലനിൽക്കുന ഇടങ്ങളാണെന്നും അതിന്റെ പവിത്രതക്ക് കളങ്കം വരുത്തുന്ന തരത്തിലുള്ള നടപടികൾ പാടില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
തിരുമല ദേവസ്വത്തിന്റെ വിജലൻസ്-സെക്യൂറിറ്റി ഡിപ്പാർട്മെന്റിന് ഇതുസംബന്ധിച്ച് നിരീക്ഷണം ശക്തമാക്കാനും കർശന നടപടിയെടുക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. ക്ഷേത്രത്തിലെ ചട്ടങ്ങൾ അനുസരിക്കാത്തവർക്കെതിരെ ക്രിമിനൽ കേസ് ഉൾപ്പെടെയുള്ള കർശന നടപടികൾ കൈക്കൊള്ളുമെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

