‘ക്രൈസ്തവ സമുദായത്തെ തഴഞ്ഞാൽ തിരിച്ചും തഴയും, ന്യൂനപക്ഷ വകുപ്പിന് ഒരു ക്രൈസ്തവ മന്ത്രി ഇതുവരെ ഉണ്ടായിട്ടില്ല’; മുന്നറിയിപ്പുമായി ബിഷപ്പ് ആൻഡ്രൂസ് താഴത്ത്
text_fieldsന്യൂഡൽഹി: ക്രൈസ്തവ സമുദായത്തെ തഴയുന്നവരെ തിരിച്ചും തഴയുമെന്ന് സി.ബി.സി.ഐ അധ്യക്ഷൻ ബിഷപ്പ് ആൻഡ്രൂസ് താഴത്ത്. ന്യൂനപക്ഷങ്ങൾക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങളും പ്രാതിനിധ്യവും ക്രൈസ്തവർക്കും വേണമെന്നും ആൻഡ്രൂസ് താഴത്ത് പറഞ്ഞു.
നിയമസഭ തെരഞ്ഞെടുപ്പ് സമാന സമീപനമായിരിക്കും സ്വീകരിക്കുക. സഭ സംഘടിപ്പിക്കുന്ന സമുദായ ജാഗ്രതാ സദസിൽ ഇക്കാര്യങ്ങൾ വിശദമായി ചർച്ച ചെയ്യുമെന്നും ആൻഡ്രൂസ് താഴത്ത് വ്യക്തമാക്കി.
ആരും വോട്ട് പാഴാക്കരുതെന്നാണ് ഇപ്പോൾ പറയാനുള്ളത്. നാടിന്‍റെ നന്മക്ക് ഉതകുംവിധം വോട്ട് രേഖപ്പെടുത്തണം. പ്രത്യേക നിലപാട് ഇപ്പോൾ സ്വീകരിക്കുന്നില്ല. വേണ്ടി വന്നാൽ പരസ്യമായി നിലപാട് പറയും. കത്തോലിക്ക കോൺഗ്രസിന്‍റെ പേരിൽ ഇത്തവണ സ്ഥാനാർഥികൾ ഉണ്ടാവില്ല.
ഇന്ത്യക്ക് മനോഹരമായ ഭരണഘടനയുണ്ട്. ഈ ഭരണഘടനക്ക് എതിരായി നിയമമുണ്ടാക്കുകയും ചില സമുദായങ്ങളെ എതിർക്കുന്നതും ഒരിക്കലും അംഗീകരിക്കാനാവില്ല. ഇന്ത്യൻ ഭരണഘടന സംരക്ഷിക്കണമെന്നാണ് പ്രധാനമന്ത്രിയോട് ആവശ്യപ്പെടാനുള്ളത്.
മതങ്ങളെ അംഗീകരിക്കുന്നതിൽ വേർതിരിവ് പാടില്ല. മതസ്വാതന്ത്ര്യം സംരക്ഷിക്കണം. കേരളത്തിലും ന്യൂനപക്ഷ ക്ഷേമവകുപ്പും ന്യൂനപക്ഷ മന്ത്രിയുമുണ്ട്. എന്നാൽ, ഇതുവരെ ഒരു ക്രൈസ്തവ മന്ത്രിയുള്ളതായി അറിയില്ല. ന്യൂനപക്ഷ ക്ഷേമവകുപ്പ് ചെയർമാനായി ഒരു ക്രൈസ്തവൻ ഉണ്ടായിട്ടില്ലെന്നും ആൻഡ്രൂസ് താഴത്ത് വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

