'പണമില്ലെങ്കിൽ സ്കോളർഷിപ്പ് നേടൂ, സ്വകാര്യ കോളജിലെ ഫീസ് കുറക്കാനാകില്ല'; ഹരജി തള്ളി സുപ്രീം കോടതി
text_fieldsസ്വകാര്യ മെഡിക്കൽ കോളേജുകളിൽ പ്രവേശനം ലഭിച്ച ഭാരമേറിയ ഫീസ് ഘടനയിൽ ഇടപെടാൻ സുപ്രീം കോടതി വിസമ്മതിച്ചു. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗത്തിൽപ്പെട്ടിട്ടും സ്വകാര്യ കോളജിൽ വൻ തുക ഫീസ് നൽകേണ്ടി വരുന്ന വിദ്യാർഥിയുടെ ഹരജി തള്ളിക്കൊണ്ടാണ് കോടതിയുടെ ഈ സുപ്രധാന നിരീക്ഷണം. പഠിക്കാൻ പണമില്ലെങ്കിൽ സ്കോളർഷിപ്പുകളെയോ മറ്റ് സർക്കാർ സബ്‌സിഡി പദ്ധതികളെയോ ആശ്രയിക്കണമെന്നും, അല്ലാതെ സ്വകാര്യ സ്ഥാപനങ്ങളിലെ ഫീസ് ഘടന സർക്കാർ കോളജുകൾക്ക് തുല്യമാക്കാൻ ഉത്തരവിടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
രാജസ്ഥാനിലെ ഒരു സ്വകാര്യ മെഡിക്കൽ കോളജിൽ പ്രവേശനം ലഭിച്ച ഹർഷവർദ്ധൻ സിങ് എന്ന വിദ്യാർഥിയാണ് ഈ ആവശ്യവുമായി കോടതിയെ സമീപിച്ചത്. വാർഷിക വരുമാനം എട്ട് ലക്ഷത്തിൽ താഴെയുള്ള സാമ്പത്തിക പിന്നാക്കാവസ്ഥയിലുള്ള സർട്ടിഫിക്കറ്റ് കൈവശമുണ്ടായിട്ടും, കൗൺസിലിങ് ബോർഡ് ഇദ്ദേഹത്തിന് സീറ്റ് അനുവദിച്ചത് ജനറൽ കാറ്റഗറിയിലായിരുന്നു. പ്രതിവർഷം 18.9 ലക്ഷം രൂപയാണ് ഈ കോളജിലെ ട്യൂഷൻ ഫീസ്. ഇത്രയും വലിയ തുക തന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാൻ കഴിയില്ലെന്നും, ഫീസ് തുക കുറക്കുകയോ സർക്കാർ കോളജുകളിലെ ഫീസിന് സമാനമാക്കുകയോ വേണമെന്നായിരുന്നു വിദ്യാർഥിയുടെ ആവശ്യം. എന്നാൽ രാജസ്ഥാൻ ഹൈകോടതി ഈ ഹരജി നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെ നൽകിയ അപ്പീലിലാണ് സുപ്രീം കോടതിയും നിലപാട് വ്യക്തമാക്കിയത്.
ജസ്റ്റിസുമാരായ ബി.വി. നാഗരത്ന, ജോയ്മല ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് ഈ കേസ് പരിഗണിച്ചത്. സർക്കാർ കോളജുകളും സ്വകാര്യ കോളജുകളും തമ്മിൽ വലിയ വ്യത്യാസമുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. സർക്കാർ സ്ഥാപനങ്ങൾ ഭരണകൂടത്തിന്റെ സാമ്പത്തിക സഹായത്തോടെയാണ് പ്രവർത്തിക്കുന്നത്, എന്നാൽ സ്വകാര്യ കോളജുകൾ സ്വന്തം നിലയിൽ ഫണ്ട് കണ്ടെത്തുന്നവയാണ്. മുൻപത്തെ സുപ്രധാന കോടതി വിധികൾ അനുസരിച്ച് സ്വകാര്യ കോളജുകൾ ക്യാപിറ്റേഷൻ ഫീസ് (കോഴപ്പണം) വാങ്ങുന്നത് കർശനമായി നിരോധിച്ചിട്ടുണ്ടെങ്കിലും, സ്ഥാപനം മുന്നോട്ട് കൊണ്ടുപോകാൻ ആവശ്യമായ പൊതുവായ കോളജ് ഫീസ് ഈടാക്കാൻ അവർക്ക് പൂർണ അവകാശമുണ്ടെന്ന് ജഡ്ജിമാർ ഓർമ്മിപ്പിച്ചു.
സ്വകാര്യ മെഡിക്കൽ കോളജുകളിലെ പകുതി സീറ്റുകളിലെ ഫീസ് സർക്കാർ കോളജുകൾക്ക് സമാനമാക്കണമെന്ന് നാഷണൽ മെഡിക്കൽ കമ്മീഷൻ നിർദ്ദേശിച്ചിട്ടുണ്ടെന്നും മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ ഇത് നടപ്പിലാക്കുന്നുണ്ടെന്നും ഹരജിക്കാരന്റെ അഭിഭാഷകൻ വാദിച്ചു. എന്നാൽ രാജസ്ഥാൻ ഫീ റെഗുലേറ്ററി കമ്മിറ്റി അംഗീകരിച്ച ഫീസാണ് ഈ കോളജ് ഈടാക്കുന്നതെന്നും, എൻ.എം.സി നിർദ്ദേശം വെറുമൊരു ശുപാർശ മാത്രമാണെന്നും കോടതി നിരീക്ഷിച്ചു. രാജ്യത്തിന് ഡോക്ടർമാരെ ആവശ്യമുണ്ടെന്നത് ശരിയാണെന്നും, എന്നാൽ പണമില്ലാത്തവർക്ക് അതിനായി സ്കോളർഷിപ്പുകളെ ആശ്രയിക്കാമെന്നും വ്യക്തമാക്കിക്കൊണ്ട് സുപ്രീം കോടതി ഹരജി പൂർണമായി തള്ളി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

