‘അന്യായം കണ്ടാൽ ഇടപെടും; റദ്ദാക്കും’; ബിഹാർ എസ്.ഐ.ആറിൽ സുപ്രീംകോടതി, അന്തിമ വാദം ഒക്ടോബർ ഏഴിന്
text_fieldsസുപ്രീംകോടതി
ന്യൂഡൽഹി: ബിഹാറിൽ വോട്ടർ പട്ടിക തീവ്ര പരിശോധന (എസ്.ഐ.ആർ) നടത്തുന്ന തെരഞ്ഞെടുപ്പ് കമീഷന് സുപ്രീംകോടതിയുടെ മുന്നറിയിപ്പ്. ഭരണഘടനാ സ്ഥാപനം എന്ന നിലയിൽ എസ്.ഐ.ആർ പ്രക്രിയയുമായി മുന്നോട്ടുപോകാനുള്ള കമീഷന്റെ അവകാശത്തെ തടയുന്നില്ലെന്നും എന്നാൽ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ പ്രവൃത്തികൾ ശ്രദ്ധയിൽപെട്ടാൽ പദ്ധതി പൂർണമായും റദ്ദാക്കുമെന്നും പരമോന്നത നീതിപീഠം വ്യക്തമാക്കി.
ജസ്റ്റിസുമാരായ സൂര്യകാന്ത്, ജോയ് മല്യ ബഗ്ചി എന്നിവരടങ്ങുന്ന ബെഞ്ചാണ് എസ്.ഐ.ആറിനെതിരായ ഹരജി കേൾക്കവെ ഇക്കാര്യം വ്യക്തമാക്കിയത്. അതേസമയം, എസ്.ഐ.ആർ നടപടികൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള അഭിപ്രായ പ്രകടനത്തിനും നിരീക്ഷണത്തിനും ബെഞ്ച് തയാറായില്ല. എന്നാൽ, ബിഹാർ എസ്.ഐ.ആർ വിധി ദേശീയ എസ്.ഐ.ആറിനും ബാധകമാക്കുമെന്ന് വ്യക്തമാക്കി നീതിപീഠം അന്തിമവാദം ഒക്ടോബർ ഏഴിന് നടക്കുമെന്ന് അറിയിച്ചു.
എസ്.ഐ.ആറിൽ ഉൾപ്പെടുത്താനുള്ള മാനദണ്ഡമായി ആധാർ കാർഡ് 12ാം രേഖയായി അംഗീകരിക്കണമെന്ന നിർദേശം കോടതി ആവർത്തിച്ചു. സെപ്റ്റംബർ എട്ടിന് ഇതുസംബന്ധിച്ച കോടതി ഉത്തരവുണ്ടായിട്ടും കമീഷൻ അത് അംഗീകരിക്കുന്നില്ലെന്ന് ഹരജിക്കാർ ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് കോടതി നിർദേശം.
തുടർന്നായിരുന്നു, ഏതെങ്കിലും തരത്തിലുള്ള അന്യായ ഇടപെടൽ ശ്രദ്ധയിൽപെട്ടാൽ മുഴുവൻ പ്രക്രിയയും റദ്ദാക്കുമെന്ന മുന്നറിയിപ്പുണ്ടായത്. ഇതിനിടെ, എസ്.ഐ.ആർ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നതുവരെ അന്തിമവാദം നീട്ടിവെക്കണമെന്ന് കമീഷനുവേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ രാകേഷ് ദ്വിവേദി അപേക്ഷിച്ചുവെങ്കിലും അംഗീകരിച്ചില്ല.
ബിഹാർ മാതൃകയിൽ മറ്റു സംസ്ഥാനങ്ങളിലും കമീഷൻ എസ്.ഐ.ആർ നടപ്പാക്കുന്നുവെന്ന് ഹരജിക്കാരിൽ ഒരാളായ എ.ഡി.ആർ എന്ന എൻ.ജി.ഒയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. എന്നാൽ, അതിൽ ഇടപെടാനാകില്ലെന്നായിരുന്നു കോടതിയുടെ മറുപടി. അതേസമയം, ബിഹാർ എസ്.ഐ.ആർ വിഷയത്തിൽ അന്തിമവാദം അവതരിപ്പിക്കുമ്പോൾ ദേശീയ എസ്.ഐ.ആർ ഉൾപ്പെടെ ഉന്നയിക്കാമെന്ന് കോടതി അറിയിച്ചു.
രാഷ്ട്രീയ ജനതാദളിനുവേണ്ടി ഹാജരായ അഭിഭാഷകൻ പ്രശാന്ത് ഭൂഷൺ തെരഞ്ഞെടുപ്പ് കമീഷൻ സ്വന്തം മാന്വൽപോലും ലംഘിച്ചാണ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ചു. കമീഷന്റെ വെബ്സൈറ്റ് പ്രവർത്തനം സുതാര്യമല്ലെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

