‘വിജയ് യുടെ ജനനായകൻ റിലീസ് ചെയ്യാൻ കഴിയില്ലെങ്കിൽ, ടി.എൻ 2026 എങ്ങനെ റിലീസ് ചെയ്യും’ -മദ്രാസ് ഹൈകോടതിയിൽ ഹരജി
text_fieldsചെന്നൈ: തമിഴ്നാട്ടിൽ നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ‘ടി.എൻ 2026 തങ്കനച്ചത്തിരം’ എന്ന സിനിമയുടെ ടീസർ വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. നടനും തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവുമായ വിജയ് യുടെ രാഷ്ട്രീയ പ്രവേശനമാണ് സിനിമയുടെ കഥയെന്നായിരുന്നു ഉയരുന്ന വിമർശനം. ഇതിനുപിന്നാലെ തമിഴ്നാട് തെരഞ്ഞെടുപ്പിന് മുമ്പ് ചിത്രം റിലീസ് ചെയ്യുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് ദേശീയ മക്കൾ ശക്തി കച്ചി (ഡി.എം.എസ്.കെ) പ്രസിഡന്റ് എം.എൽ. രവി മദ്രാസ് ഹൈകോടതിയിൽ പൊതു താൽപര്യ ഹരജി സമർപ്പിച്ചു. ഏപ്രിൽ 10ന് നിശ്ചയിച്ച ചിത്രത്തിന്റെ റിലീസ് തടയാൻ മദ്രാസ് ഹൈകോടതി, തമിഴ്നാട് ചീഫ് ഇലക്ടറൽ ഓഫിസർക്ക് നിർദ്ദേശം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
രാഷ്ട്രീയ പരാമർശങ്ങളുടെ പേരിലും തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനാലും വിജയ് അഭിനയിച്ച ജനനായകൻ സിനിമയുടെ റിലീസ് തടഞ്ഞിരുന്നു. അതേപോലെ ടി.എൻ 2026 സിനിമയും തെരഞ്ഞെടുപ്പിന് മുമ്പ് റിലീസ് ചെയ്യാൻ അനുവദിക്കരുതെന്ന് അദ്ദേഹം പറഞ്ഞു. ചിത്രത്തിലെ രാഷ്ട്രീയ പരാമർശങ്ങൾ വോട്ടർമാരെ സ്വാധീനിക്കുമെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നും ഹരജിക്കാരൻ പറയുന്നു. തമിഴ്‌നാട്ടിലെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെയും രാഷ്ട്രീയക്കാരെയും സിനിമ വിമർശിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പെരുമാറ്റച്ചട്ടം നിലവിലുള്ളപ്പോൾ രാഷ്ട്രീയ പ്രമേയമുള്ള സിനിമ എങ്ങനെ റിലീസ് ചെയ്യാൻ കഴിയുമെന്നും അദ്ദേഹം ചോദിച്ചു. തെരഞ്ഞെടുപ്പ് കമീഷനും തമിഴ്‌നാട് ചീഫ് ഇലക്ടറൽ ഓഫിസറും ചിത്രത്തിന്റെ റിലീസ് അനുവദിച്ചാൽ, ‘സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പിനുള്ള’ ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനമാണെന്നും രവി ഹരജിയിൽ പറയുന്നു.
വിജയ് യുടെ ജന നായകന്റെ റിലീസ് മാതൃകാ പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാകുമ്പോൾ വിജയ്‌യെ ലക്ഷ്യംവെച്ചുള്ള ഒരു രാഷ്ട്രീയ സ്പൂഫ് സിനിമ റിലീസ് ചെയ്യുന്നത് എന്തുകൊണ്ടാണെന്ന് ടി.വി.കെ നേതാവ് ആധവ് അർജുന ചോദിച്ചിരുന്നു. ഉമാപതി രാമയ്യ സംവിധാനം ചെയ്യുന്ന ടി.എൻ 2026ൽ വിജയ് യുടെ മാനറിസങ്ങളാണ് ചിത്രത്തിന്റെ നായകനായ നട്ടി നടരാജ് അവതരിപ്പിക്കുന്നത്. അദ്ദേഹത്തിന്റെ നടത്തം, വസ്ത്രധാരണം, വിജയ് യുടെ പെരുമാറ്റ രീതികൾ വരെ നായകനുള്ളതായി സിനിമ പ്രേമികൾ ചൂണ്ടിക്കാണിച്ചിരുന്നു. ചിത്രം ഒരു ആക്ഷേപ ഹാസ്യ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. വൻ ആരാധകവൃന്ദമുള്ള ഒരു സിനിമാ സൂപ്പർസ്റ്റാർ മുഖ്യമന്ത്രിയാകാൻ സ്വപ്നം കണ്ട് രാഷ്ട്രീയത്തിലേക്ക് കടക്കുന്നതിന്റെ കഥയാണ് ടീസർ കാണിക്കുന്നത്.
ചിത്രത്തിന്റെ ടീസർ റിലീസ് ചെയ്തതിന് പിന്നാലെ വിജയ് യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട സ്പൂഫാണ് സിനിമ എന്ന രീതിയിൽ വലിയ പ്രചാരണം നടന്നിരുന്നു. വിജയ് യുടെ ലുക്ക്, ടി.വി.കെയുടെ കൊടിയുടെ നിറം, വിജയ് യുടെ ഡയലോഗുകൾ തുടങ്ങിയവയെല്ലാം ചിത്രത്തിന്റെ ടീസറിലുണ്ടെന്നും ആളുകൾ പറയുന്നു.
2026 ഏപ്രിൽ 10നാണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. കണ്ണൻ രവി ഗ്രൂപ്പ് നിർമിക്കുന്ന ചിത്രം ഒരു ആക്ഷേപ ഹാസ്യ സമീപനമാണ് സ്വീകരിച്ചിരിക്കുന്നതെന്നാണ് വിവരം. ടീസർ സോഷ്യൽ മീഡിയയിൽ വൈറലാകുകയും പ്രതികരണവുമായി നിരവധിപേർ രംഗത്തെത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

