'വിശ്വാസമില്ലെങ്കിൽ പദവി ഒഴിയാം, വഞ്ചകർക്ക് പാർട്ടി വിട്ടുകൊടുക്കില്ല'; കൂറുമാറ്റ ഭീഷണികൾക്കിടെ ഉദ്ധവ് താക്കറെ
text_fieldsമുംബൈ: ശിവസേനയിൽ (യു.ബി.ടി) വീണ്ടും കൂറുമാറ്റ അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടയിൽ പാർട്ടി അണികളോട് വൈകാരികമായി പ്രതികരിച്ച് പാർട്ടി അധ്യക്ഷൻ ഉദ്ധവ് താക്കറെ. "വെല്ലുവിളികൾ കണ്ട് ഓടിയൊളിക്കുന്നവനല്ല ഞാൻ. എന്നാൽ നിങ്ങൾക്ക് എന്നിൽ വിശ്വാസമില്ലെങ്കിൽ പാർട്ടി അധ്യക്ഷ സ്ഥാനം ഒഴിയാൻ തയ്യാറാണ്. പാർട്ടിയിൽ നിന്നൊരാൾ അടുത്ത അധ്യക്ഷനാകുന്നതിൽ എനിക്ക് സന്തോഷമേയുള്ളൂ. എന്നാൽ ശിവസേനയെ കള്ളന്മാരുടെ കൈകളിൽ ഏൽപ്പിക്കാൻ ഞാൻ അനുവദിക്കില്ല," ശിവസേനയുടെ അറുപതാം സ്ഥാപക ദിനത്തോടനുബന്ധിച്ച് മുംബൈ ഷൺമുഖാനന്ദ ഹാളിൽ നടന്ന ചടങ്ങിൽ പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഉദ്ധവ് താക്കറെ പറഞ്ഞു.
പാർട്ടിയിലെ ആറ് ലോക്‌സഭാ എം.പിമാർ ഏക്‌നാഥ് ഷിൻഡെ പക്ഷത്തേക്ക് മാറുമെന്ന വാർത്തകൾക്കിടയിലാണ് ഉദ്ധവിന്റെ പ്രതികരണം. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ജയിച്ച ശേഷം പാർട്ടി വിട്ട എം.പിമാർക്ക് വോട്ട് ചെയ്ത വോട്ടർമാരോട് അദ്ദേഹം പരസ്യമായി മാപ്പ് ചോദിച്ചു. ബാലാസാഹേബ് താക്കറെയുടെ പേര് പറഞ്ഞാണ് തങ്ങൾ വോട്ട് ചോദിച്ചതെന്നും മോദിയുടെ പേര് ഉപയോഗിക്കാതെയാണ് ഒൻപത് സീറ്റുകളിൽ വിജയിച്ചതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ബി.ജെ.പിക്കെതിരെ രൂക്ഷമായ വിമർശനമാണ് ഉദ്ധവ് താക്കറെ ഉയർത്തിയത്. രാജ്യം "ഒരു പാർട്ടി, ഒരു തെരഞ്ഞെടുപ്പില്ല" എന്ന അവസ്ഥയിലേക്കാണ് നീങ്ങുന്നതെന്നും ബി.ജെ.പി ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. പതിറ്റാണ്ടുകളായി തങ്ങൾ കോൺഗ്രസിനെതിരെയാണ് പോരാടിയതെങ്കിലും, അവർ ഒരിക്കലും ശിവസേനയെ ഇല്ലാതാക്കാൻ ശ്രമിച്ചിട്ടില്ലെന്നും ബി.ജെ.പിയും കോൺഗ്രസും തമ്മിലുള്ള വ്യത്യാസം ഇതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോൺഗ്രസുമായുള്ള ലയന വാർത്തകൾ തള്ളിയ ഉദ്ധവ്, മറാത്തി ജനതയ്ക്കായി രൂപീകരിച്ച ശിവസേന മറ്റൊരു പാർട്ടിയിലും ലയിക്കില്ലെന്ന് വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

