പവാർ എൻ.ഡി.എയിൽ ചേർന്നാൽ രാഷ്ട്രപതി സ്ഥാനാർഥിയാക്കാം -കേന്ദ്ര സഹമന്ത്രി
text_fieldsതാണെ: എൻ.സി.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരദ് പവാർ ദേശീയ ജനാധിപത്യ സഖ്യത്തിൽ (എൻ.ഡി.എ) ചേർന്നാൽ രാഷ്ട്രപതി സ്ഥാനാർഥിയാക്കാമെന്ന് കേന്ദ്ര സാമൂഹികനീതി സഹമന്ത്രി രാംദാസ് അതാവലെ. പ്രതിപക്ഷ പാർട്ടികളുടെ കൂട്ടായ്മ പവാറിനെ രാഷ്ട്രപതിസ്ഥാനത്തേക്ക് മത്സരിപ്പിക്കാൻ ആലോചിച്ചിരുന്നെന്ന വാർത്തകൾ പുറത്തുവന്ന സാഹചര്യത്തിലാണ് എൻ.ഡി.എ ഘടകകക്ഷിയായ റിപ്പബ്ലിക്കൻ പാർട്ടി ഒാഫ് ഇന്ത്യ നേതാവ് താണെയിൽ മാധ്യമങ്ങളാട് പ്രതികരിച്ചത്. കഴിഞ്ഞയാഴ്ച നാഗ്പുരിലും അദ്ദേഹം സമാന പ്രസ്താവന നടത്തിയിരുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി പവാറിന് നല്ല ബന്ധമാണുള്ളതെന്നും മോദിയുമായും ബി.ജെ.പി പ്രസിഡൻറ് അമിത് ഷായുമായും അദ്ദേഹം ഇക്കാര്യം ചർച്ചചെയ്യുമെന്നും കേന്ദ്രമന്ത്രി സൂചിപ്പിച്ചു. മാധ്യമപ്രവർത്തകരെ ചെരിപ്പുകൊണ്ട് തല്ലണമെന്ന മഹാരാഷ്ട്ര മന്ത്രിയുടെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, മാധ്യമപ്രവർത്തകർ തങ്ങളുടെ സുഹൃത്തുക്കളാണെന്നും ചോദ്യങ്ങൾ ചോദിക്കാൻ അവർക്ക് അവകാശമുണ്ടെന്നുമായിരുന്നു മറുപടി.
