അംബേദ്കറും ഭരണഘടനയും ഉണ്ടായിരുന്നില്ലെങ്കിൽ താൻ ഒരിക്കലും ചീഫ് ജസ്റ്റിസ് ആവുകയില്ലായിരുന്നു- ബി. ആർ. ഗവായി
text_fieldsബി.ആർ ഗവായി
നാഗ്പൂർ: അംബേദ്കറും ഭരണഘടനയും ഉണ്ടായിരുന്നില്ലെങ്കിൽ താൻ ഒരിക്കലും ചീഫ് ജസ്റ്റിസ് ആവുകയില്ലായിരുന്നെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഭൂഷൺ രാംകൃഷ്ണ ഗവായി പറഞ്ഞു. മഹാരാഷ്ട്രയിലെ അമരാവതിയിലെ ചേരിപോലുള്ള പ്രദേശത്തെ സ്കൂളിൽ നിന്ന് രാജ്യത്തെ പരമോന്നതമായ ജുഡീഷ്യൽ ഓഫിസിലേക്കുള്ള തന്റെ പരിണാമം അംബേദ്കർ എന്ന മഹാനായ മനുഷ്യന്റെ മഹത്വം കൊണ്ടാണെന്നും ഗവായി പറഞ്ഞു.
ദീക്ഷഭൂമിയിലെ ഡോ. ബാബാ സാഹിബ് അംബേദ്കർ കോളജ് ഡയമണ്ട് ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ചീഫ് ജസ്റ്റിസ്. ദീക്ഷഭൂമിയിലേക്കുള്ള തന്റെ വരവ് ആഘോഷമായല്ല, മറിച്ച് മണ്ണിന്റെ പുത്രനായാണെന്നും അദ്ദേഹം പറഞ്ഞു. ആഘോഷപരമായ വരവല്ല, മറിച്ച് ആത്മാർത്ഥമായും വ്യക്തിപരവുമാണെന്നും തനിക്ക് വൈകാരികമായ ബന്ധമുള്ള സ്ഥലമാണിതെന്നും അദ്ദേഹം പറഞ്ഞു.
എല്ലാവർക്കും തുല്യതയുള്ളതുകൊണ്ടാണ് അംബേദ്കർ ബുദ്ധമതം തെരഞ്ഞെടുത്തത്. അംബേദ്കറുടെ ചിതാഭസ്മവും വഹിച്ചുകൊണ്ട് തന്റെ പിതാവ് ആർ.എസ് ഗവായി നാഗ്പൂരിലെത്തിയ സംഭവം അദ്ദേഹം ഓർത്തെടുത്തു. ‘അന്നു നടന്ന വലിയ ജനാവലിയുടെ പ്രയാണം ഞാൻ ഓർക്കുന്നു. എന്റെ പിതാവ് അംബേദ്കറുടെ ചിതാഭസ്മം തലയിൽ ചുമന്നാണ് നാഗ്പൂരിൽ കൊണ്ടുവന്നത്’-ജസ്റ്റിസ് ഗവായി പറഞ്ഞു.
അംബേദ്കർകോളജിൽ ശമ്പളം കിട്ടാതെ വന്നതിനെത്തുടർന്നുണ്ടായ സമരത്തിൽ സഹായം അഭ്യർഥിച്ചെത്തിയ തന്റെ പിതാവിനോടും ദാദാ സാഹിബ് കുംഭാരെയോടും മനോഹർഭായി പട്ടേൽ പറഞ്ഞത് അദ്ദേഹത്തോടൊപ്പം ഭക്ഷണം കഴിക്കാമെന്നു സമ്മതിക്കണമെന്നായിരുന്നു. ഇത്തരം ത്യാഗങ്ങളായിരുന്നു ഈ അംബേദ്കർ കോളജിനെ നിർമിച്ചെടുത്തതെന്നും ഗവായി പറഞ്ഞു.
ഇവിടെ നേട്ടമുണ്ടാക്കുന്നവരിൽ 80 ശതമാനവും സ്ത്രീകളാണെന്നും ഒരു സമൂഹത്തിന്റെ മുന്നേറ്റം സ്ത്രീകളുടെ മുന്നേറ്റത്തിലാണ് പ്രതിഫലിക്കുന്നതെന്ന അംബേദ്കറുടെ വാക്കുകൾ അന്വർത്ഥമാക്കുകയാണിവിടെയെന്നും ജസ്റ്റിസ് ഗവായി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

