‘ചരിത്രം അറിയാമായിരുന്നെങ്കിൽ റൂബിയോ താജ്മഹലിൽ ചിത്രം പകർത്താൻ നിൽക്കില്ലായിരുന്നു’: താജ്മഹൽ സന്ദർശനത്തെ പരിഹസിച്ച് ഇറാൻ
text_fieldsന്യൂഡൽഹി: ഇന്ത്യയിൽ ഔദ്യോഗിക സന്ദർശനം നടത്തുന്ന യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോയുടെ താജ്മഹൽ സന്ദർശനത്തെ പരിഹസിച്ച് ഇറാൻ. താജ്മഹലിന്റെ ചരിത്രപരമായ പേർഷ്യൻ (ഇറാനിയൻ) വേരുകൾ ചൂണ്ടിക്കാണിച്ചാണ് ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് ജനറൽ യു.എസ് വിദേശകാര്യ സെക്രട്ടറിക്കെതിരെ നയതന്ത്ര പരിഹാസം ഉന്നയിച്ചത്.
നാല് ദിവസത്തെ ഔദ്യോഗിക നയതന്ത്ര പര്യടനത്തിനായി ഇന്ത്യയിലെത്തിയ മാർക്കോ റൂബിയോയും ഭാര്യയും തിങ്കളാഴ്ച രാവിലെയാണ് ആഗ്രയിലെ താജ്മഹൽ സന്ദർശിച്ചത്. "ലോകത്തിലെ പ്രണയ സ്മാരകങ്ങളിൽ ഒന്ന്'' എന്ന് വിശേഷിപ്പിക്കുകയും താജ്മഹലിന് മുന്നിൽ റൂബിയോയും ഭാര്യയും ഫോട്ടോക്ക് പോസ് ചെയ്യുകയും ചെയ്തു.
ഇതിന് തൊട്ടുപിന്നാലെയാണ് ഇറാൻ കോൺസുലേറ്റ് തങ്ങളുടെ ഔദ്യോഗിക എക്സ് ഹാൻഡിലിലൂടെ റൂബിയോയെ ലക്ഷ്യമിട്ട് കുറിപ്പ് പങ്കുവെച്ചത്.
"മാർക്കോ റൂബിയോക്ക് ചരിത്രത്തെക്കുറിച്ചോ വാസ്തുവിദ്യയെക്കുറിച്ചോ കൃത്യമായ അറിവുണ്ടായിരുന്നെങ്കിൽ, അദ്ദേഹം ഒരിക്കലും ഇവിടെ നിന്ന് ഒരു ചിത്രമെടുക്കാൻ മുതിരില്ലായിരുന്നു."-ഹൈദരാബാദിലെ ഇറാൻ കോൺസുലേറ്റ് ജനറൽ എക്സിൽ കുറിച്ചത് ഇങ്ങനെയാണ്.
ഒരു വശത്ത് ഇറാനിയൻ സംസ്കാരത്തെയും നാഗരികതയെയും തകർക്കാൻ ശ്രമിക്കുന്ന യു.എസ് ഭരണകൂടം മറുവശത്ത് അതേ പേർഷ്യൻ സംസ്കാരത്തിന്റെ പ്രതീകമായ താജ്മഹൽ സന്ദർശിച്ചു ആസ്വദിക്കുന്നതിലെ വൈരുദ്ധ്യമാണ് ഇറാൻ ഇതിലൂടെ ചൂണ്ടിക്കാണിച്ചത്.
മുഗൾ ചക്രവർത്തി ഷാജഹാൻ തന്റെ പ്രിയ പത്നിയായ മുംതാസ് മഹലിന്റെ ഓർമ്മക്കായാണ് താജ്മഹൽ നിർമ്മിച്ചത്. മുംതാസ് മഹൽ പേർഷ്യൻ (ഇറാനിയൻ) വംശജയായിരുന്നു. താജ്മഹലിന്റെ നിർമാണ ശൈലിയിൽ പേർഷ്യൻ വാസ്തുവിദ്യയുടെ വലിയ സ്വാധീനമുണ്ട്. ഇതിന്റെ കൂറ്റൻ താഴികക്കുടങ്ങൾ, ചുവരുകളിലെ കാലിഗ്രാഫി കലകൾ, പരമ്പരാഗതമായ 'ചാർബാഗ്' എന്നിവയെല്ലാം പേർഷ്യൻ നിർമണ ശൈലിയിൽ നിന്ന് കടംകൊണ്ടവയാണ്.
വാഷിങ്ടണും തെഹ്‌റാനും തമ്മിൽ നിലനിൽക്കുന്ന കടുത്ത നയതന്ത്ര-ആണവ തർക്കങ്ങളുടെ പശ്ചാത്തലത്തിലാണ് ഈ പരിഹാസം. റൂബിയോയുടെ ഇന്ത്യയിലെ സന്ദർശന വേളയിൽ ഇറാനുമായുള്ള യു.എസിന്റെ ആണവ ചർച്ചകൾ ഇപ്പോഴും പുരോഗതിയില്ലാതെ തുടരുകയാണെന്ന് അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

