മണി ബില്ലുകൾ പോലും തടയാം; ഗവർണർമാരുടെ അധികാരത്തിൽ ആശങ്കയെന്ന് സുപ്രീംകോടതി
text_fieldsന്യൂഡൽഹി: നിയമസഭകൾ പാസാക്കുന്ന ബില്ലുകൾ തടഞ്ഞു വെക്കാനുള്ള ഗവർണറുടെ അധികാരത്തിൽ ആശങ്ക പ്രകടിപ്പിച്ച് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ച്. ഭരണഘടനയെ ഇത്തരത്തിൽ വ്യാഖ്യാനിക്കുന്നതിൽ ആശങ്കയുണ്ടെന്നും അങ്ങനെയെങ്കിൽ മണി ബില്ലുകൾ പോലും തടഞ്ഞുവെക്കാവുന്ന സ്ഥിതിയല്ലേയെന്നും സുപ്രീം കോടതി ചോദിച്ചു.
ഭരണഘടന അനുഛേദം 200 അനുസരിച്ച് ഗവർണർക്ക് ബിൽ തിരിച്ചയക്കാതെ പിടിച്ച് വെക്കാനുള്ള അധികാരമുണ്ട്. ഈ രീതിയിൽ വ്യാഖ്യാനിക്കപ്പെടുകയാണെങ്കിൽ അംഗീകരിക്കാൻ ബാധ്യസ്ഥമായ മണി ബിൽ പോലും ഗവർണർക്ക് തടഞ്ഞ് വെക്കാമെന്ന സ്ഥിതിയുണ്ടാകുമെന്ന് കോടതി നിരീക്ഷിച്ചു.
ഇത്തരം വ്യാഖ്യാനത്തിലൂടെ ഉളവെടുക്കുന്ന സാഹചര്യം സംസ്ഥാനങ്ങളിൽ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് ചീഫ് ജസ്റ്റിസ് ബി.ആർ. ഗവായ്, ജസ്റ്റിസുമാരായ സൂര്യകാന്ത്, വിൽക്രം നാഥ്, പി.എസ്. നരസിംഹ, എ.എസ്. ചന്ദുർക്കർ എന്നിവരടങ്ങിയ ഭരണഘടന ബെഞ്ച് വിലയിരുത്തി. ഗവർണർ അനിശ്ചിതക്കാലം ബില്ലുകൾ പിടിച്ചുവെക്കുന്നത് നിയമസഭകളെ പ്രവർത്തനരഹിതമാക്കുമെന്ന് കഴിഞ്ഞ ദിവസം സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു.
ഗവർണറുടെ നിഷ്ക്രിയത്വത്തിനെതിരെ ഒരു സംസ്ഥാനം കോടതിയെ സമീപിച്ചാൽ അതിൽ ഇടപെടാനാകില്ലേയെന്നും കോടതി ചോദിച്ചു. അനുഛേദം 200 പ്രകാരം ബില്ല് തടഞ്ഞുവെക്കാൻ ഗവർണർക്ക് അധികാരമുണ്ടെങ്കിൽ തെരഞ്ഞെടുക്കപ്പെട്ട സർക്കാരിനുള്ള പരിരക്ഷ എന്താണെന്നും കേന്ദ്രത്തോട് കോടതി ആരാഞ്ഞു. രാഷ്ട്രപതിയുടെ റഫറൻസ് സംബന്ധിച്ച് ഹർജികൾ പരിഗണിക്കവേയാണ് നിരീക്ഷണം.
നിയമസഭകൾ അംഗീകാരത്തിനായി അയച്ച ബില്ലുകളിൽ ഗവർണർമാർക്ക് തീരുമാനം എടുക്കാതെ മാറ്റിവെയ്ക്കാൻ അധികാരമുണ്ടെന്ന കേന്ദ്രവാദത്തിനിടെയാണ് സംസ്ഥാനങ്ങൾ കോടതിയെ സമീപിച്ചാൽ ഇടപെടാനാകില്ലേ എന്ന ചോദ്യം ഭരണഘടന ബഞ്ച് ഉന്നയിച്ചത്. എന്നാൽ നീതിന്യായ വ്യവസ്ഥക്ക് പരിഹരിക്കാൻ കഴിയാത്ത ചില പ്രശ്നങ്ങൾ ഉണ്ടെന്നും അവ ജനാധിപത്യപ്രക്രിയിലൂടെ പരിഹരിക്കേണ്ടെതാണെന്നും കേന്ദ്രം വാദം ഉന്നയിച്ചു. ഗവർണർ ആരോടും ഉത്തരം പറയേണ്ടതില്ല എന്നാണോ നിലപാട് എന്ന് കോടതി ആരാഞ്ഞു. ഗവർണറുടെ ഭാഗത്ത് പ്രശ്നമുണ്ടായാൽ തിരികെ വിളിക്കാൻ രാഷ്ട്രപതിക്കാകുമെന്നും കേന്ദ്രം അറിയിച്ചു. കേസിൽ വാദം പുരോഗമിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

