ഭോപാൽ: മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിലേറിയാൽ 10 ദിവസത്തിനുള്ളിൽ കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. സംസ്ഥാനത്തെ മന്ദ്സൗർ ജില്ലയിൽ കർഷകർക്കു നേരെയുണ്ടായ പൊലീസ് വെടിവെപ്പിൽ ആറു കർഷകർ കൊല്ലപ്പെട്ട സംഭവത്തിെൻറ ഒന്നാം വാർഷികത്തോടനുബന്ധിച്ച് പിപ്ലിയ മന്ദിയിൽ നടന്ന കർഷക റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ജൂണിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ആറു കർഷകരിൽ മൂന്നു പേരുടെ കുടുംബാംഗങ്ങൾ രാഹുൽഗാന്ധിയോടൊപ്പം വേദി പങ്കിട്ടു. മരിച്ച കർഷകർക്ക് കോൺഗ്രസ് അധ്യക്ഷൻ ആദരമർപ്പിച്ചു. തങ്ങളുടെ വിളകൾക്ക് മികച്ച വില ആവശ്യപ്പെട്ട് കർഷകർ സംസ്ഥാന വ്യാപകമായി പ്രതിഷേധ സമരം സംഘടിപ്പിച്ചിരുന്നു. ഇത് പല ഭാഗങ്ങളിലും അക്രമത്തിലേക്ക് നീങ്ങുകയും തുടർന്ന് പ്രതിഷേധക്കാർക്കു നേരെ പൊലീസ് വെടി വെക്കുകയുമായിരുന്നു.