പരിഹസിച്ച് ശിവസേന: നിതീഷിനെ ബി.ജെ.പി മുഖ്യമന്ത്രിയാക്കുമോ?
text_fieldsമുംബൈ: ബി.ജെ.പി എൻ.ഡി.എയിെല ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുകയും ജെ.ഡി.യു ബഹുദൂരം പിറകിലാകുകയും ചെയ്ത ബിഹാറിൽ മുഖ്യമന്ത്രി നിതീഷ് കുമാറിനെ നിലനിർത്താൻ ബി.ജെ.പി നേതൃത്വം തയാറാകുമോ എന്ന് ശിവസേന. സമാന സാഹചര്യമുണ്ടായ മഹാരാഷ്ട്രയിൽ അധികാരം പങ്കിടാൻ ബി.ജെ.പി തയാറാകാതെ വന്നതോടെ കോൺഗ്രസ്- എൻ.സി.പി സഖ്യവുമായി ചേർന്ന് അധികാരത്തിലെത്തിയത് ഓർമപ്പെടുത്തിയാണ് പരിഹാസം.
''നിതീഷ് ബാബുതന്നെ മുഖ്യമന്ത്രിയാകുമെന്ന് ഒറ്റക്കെട്ടായി (ടെലിവിഷൻ ചർച്ചകളിൽ) ബി.ജെ.പി നേതാക്കൾ പറഞ്ഞുകൊണ്ടിരുന്നതാണ്. അതിന് നിതീഷ് ശിവസേനയോട് നന്ദി പറയണം. ബിഹാറിൽ അവർക്ക് വാക്കുപാലിക്കാതിരിക്കാനാകില്ല. കാരണം, വാക്കുമാറിയാൽ എന്തു സംഭവിക്കുമെന്ന് മഹാരാഷ്ട്രയിൽ കാണിച്ചുകൊടുത്തതാണ്'' - ശിവസേന എം.പി സഞ്ജയ് റാവത്ത് പരിഹസിച്ചു. 2019ൽ മഹാരാഷ്ട്രയിൽ ബി.ജെ.പിയും ശിവസേനയും സഖ്യമായി മത്സരിച്ച് ഭൂരിപക്ഷം നേടുകയും മുഖ്യമന്ത്രിപദത്തെ ചൊല്ലി തെറ്റിപ്പിരിയുകയുമായിരുന്നു.