ബി.ജെ.പി വന്നാൽ കർണാടകയെ ഏറ്റവും മികച്ചതാക്കും –അമിത് ഷാ
text_fieldsബല്ലാരിയിലെ സന്ദൂറിൽ ബി.ജെ.പി ‘വിജയ് സങ്കൽപ്’ യാത്രയിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
ബംഗളൂരു: വരുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനെത്ത ജനങ്ങൾ ബി.ജെ.പിയെ അധികാരത്തിലെത്തിച്ചാൽ കർണാടകയെ ദക്ഷിണേന്ത്യയിലെ ഏറ്റവും മികച്ചതാക്കുമെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബല്ലാരിയിലെ സന്ദൂറിൽ ബി.ജെ.പി ‘വിജയ് സങ്കൽപ്’ യാത്രയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജനങ്ങൾ മോദിയിലും മുൻ മുഖ്യമന്ത്രി യെദിയൂരപ്പയിലും വിശ്വാസം അർപ്പിച്ചാൽ ഇത് സാധ്യമാകും. സംസ്ഥാനത്ത് അഴിമതിരഹിത ഭരണം ബി.ജെ.പി ഉണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജെ.ഡി.എസിനുള്ള ഓരോ വോട്ടും പോവുക കോൺഗ്രസിനാണ്. കോൺഗ്രസിനുള്ളതാകട്ടെ കോൺഗ്രസിന്റെ കുടുംബവാഴ്ചക്കുമാണ് പോവുക.
പ്രധാനമന്ത്രി മോദിക്ക് മാത്രമേ രാജ്യത്തെ സുരക്ഷിതമാക്കാൻ കഴിയൂ. തുക്ഡെ തുക്ഡെ ഗ്യാങ്ങിനൊപ്പമാണ് രാഹുൽ ഗാന്ധി. മോദി പോപുലർഫ്രണ്ടിനെ നിരോധിച്ചു. എന്നാൽ സിദ്ധരാമയ്യ നയിച്ച കോൺഗ്രസ് സർക്കാർ അവർക്കെതിരായ 1700 കേസുകളാണ് പിൻവലിച്ചതെന്നും ഷാ കുറ്റപ്പെടുത്തി. ബംഗളൂരിലെ പരിപാടിയിലും അമിത് ഷാ പങ്കെടുത്തു.
ലക്ഷ്യം ജനാർദന റെഡ്ഡിയെ പിടിച്ചുകെട്ടൽ
ബല്ലാരിയിൽ അമിത് ഷാ പങ്കെടുത്ത പരിപാടിയിലൂടെ ബി.ജെ.പി ലക്ഷ്യമിടുന്നത് ഖനനരാജാവ് ജി. ജനാർദന റെഡ്ഡി മേഖലയിൽ പാർട്ടിക്ക് നേരെ ഉയർത്തുന്ന ഭീഷണി തടയൽ.
കർണാടകയിൽ ഓപറേഷൻ താമരയിലൂടെ ബി.ജെ.പിക്ക് അധികാരത്തിലേക്ക് വഴിതുറന്നതിൽ പ്രധാന പങ്കുവഹിച്ച വിവാദ ഖനനരാജാവും മുൻമന്ത്രിയുമായ ജി. ജനാർദനൻ റെഡ്ഡി അടുത്തിടെയാണ് ബി.ജെ.പി വിട്ടത്.
‘കല്യാണ രാജ്യ പ്രഗതി പക്ഷ’ (കെ.ആർ.പി.പി) എന്ന പേരിൽ പുതിയ പാർട്ടിയും രൂപവത്കരിച്ചു. കൊപ്പാൽ ജില്ലയിലെ ഗംഗാവതി മണ്ഡലത്തിൽനിന്ന് മത്സരിക്കുമെന്നും അറിയിച്ചിരുന്നു. തന്റെ ഭാര്യ അരുണ ലക്ഷ്മി ബല്ലാരി മണ്ഡലത്തിൽ നിന്ന് മത്സരിക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. നിലവിൽ റെഡ്ഡിയുടെ സഹോദരൻ ജി. സോമശേഖര റെഡ്ഡിയാണ് ഈ മണ്ഡലത്തിലെ എം.എൽ.എ.
എന്നാൽ ആര് എതിർ സ്ഥാനാർഥിയായാലും മണ്ഡലത്തിൽ ജയിക്കുമെന്നും ജനാർദന റെഡ്ഡി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

