സൈനിക ഉദ്യോഗസ്ഥൻ നടത്തിയ നട്ടെല്ലൊടിച്ച ആക്രമണം; കശ്മീരി മുസ്‍ലിമായതിന്റെ പേരിൽ അധിക്ഷേപവും നേരിടേണ്ടി വരുന്നുവെന്ന് സ്‌പൈസ് ജെറ്റ് ജീവനക്കാരൻ
text_fieldsശ്രീനഗർ: ഡ്യൂട്ടി നിർവഹിച്ചതിന്റെ പേരിൽ നട്ടെല്ല് ഒടിഞ്ഞ് കിടപ്പാണിപ്പോൾ മുദാസിർ അഹമ്മദ് എന്ന കശ്മീരി യുവാവ്. സുഖം പ്രാപിക്കാനുള്ള നീണ്ടതും അനിശ്ചിതമായ വഴിയിലേക്ക് ഉറ്റുനോക്കുകയാണ് ഈ സ്‌പൈസ് ജെറ്റ് ജീവനക്കാരൻ. അധിക ലഗേജിന് പണം നൽകാൻ ഒരു സൈനിക ഉദ്യോഗസ്ഥനോട് ആവശ്യപ്പെടുക മാത്രമാണ് അദ്ദേഹം ചെയ്തത്. എന്നാൽ, പകരം ഏറ്റുവാങ്ങേണ്ടി വന്നതാവട്ടെ ജീവിതം തന്നെ ഇരുട്ടിലാഴ്ത്തുന്ന ആക്രമണം.
ശാരീരികമായ ആക്രമണത്തിനു പുറമെ, തന്റെ കാശ്മീരി മുസ്‍ലിം ഐഡന്റിറ്റി ഉപയോഗിച്ച് അധിക്ഷേപിക്കുകയും ആക്രമണത്തെ ന്യായീകരിക്കുകയും ചെയ്യുന്ന ആളുകളുടെ പരിഹാസവും ഏറ്റുവാങ്ങുകയാണ് മുദാസിർ ഇപ്പോൾ. ലഫ്റ്റനന്റ് കേണൽ ആർ.കെ. സിങ് എന്നറിയപ്പെടുന്ന ഒരു മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ ശ്രീനഗർ വിമാനത്താവളത്തിൽ വെച്ച് അധിക ലഗേജ് ചാർജ് നൽകാൻ ആവശ്യപ്പെട്ടതിനെത്തുടർന്ന് തങ്ങളുടെ ഗ്രൗണ്ട് സ്റ്റാഫിലെ നാല് അംഗങ്ങളെ ആക്രമിച്ചതായി സ്‌പൈസ് ജെറ്റ് ഞായറാഴ്ച പുറത്തുവിട്ടിരുന്നു.
ആക്രമണത്തിൽ മുദാസിറിന്റെ നട്ടെല്ലും മറ്റൊരു ജീവനക്കാരന്റെ താടിയെല്ലും ഒടിഞ്ഞു. ‘കൊലപാതകം ലക്ഷ്യമിട്ടുള്ള ആക്രമണം’ എന്ന് വിശേഷിപ്പിച്ച എയർലൈൻ, ശ്രീനഗർ പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും യാത്രക്കാരനെ നിരോധിത പട്ടികയിൽ ഉൾപ്പെടുത്താനുള്ള നടപടികൾ ആരംഭിച്ചതായും പറഞ്ഞിരുന്നു. ആക്രമണത്തിന് ഇരയായതായി ആരോപിച്ച് ഉദ്യോഗസ്ഥൻ നൽകിയ എതിർ പരാതിയിൽ എയർലൈൻ ജീവനക്കാർക്കെതിരെയും പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു. സമൂഹ മാധ്യമത്തിൽ പ്രചരിക്കുന്ന നിരവധി വിഡിയോകളിൽ യാത്രക്കാരൻ എയർലൈൻ ജീവനക്കാരെ ആക്രമിക്കുന്നതായി കാണാം.
വിഷയത്തെ ഇപ്പോൾ ‘ദേശീയത’യും ‘വർഗീയത’യും കൈയ്യേറിയിരിക്കുന്നു. ‘സ്‌പൈസ്‌ജെറ്റിനെ’ ബഹിഷ്‌കരിക്കാൻ നിരവധി മുൻ സൈനികർ ആളുകളോട് അഭ്യർഥിക്കുന്നുണ്ട്. കൂടാതെ നിരവധി പേർ മുദാസിറിന്റെ മതവും ഉദ്ധരിക്കുന്നു. ആക്രമിക്കപ്പെട്ട എയർലൈൻ ജീവനക്കാരിൽ ഇതുവരെ പേര് പരാമർശിച്ചിട്ടുള്ള ഒരേയൊരു വ്യക്തി മുദാസിർ ആണ്. അയാളാണ് കുറ്റക്കാരനാണെന്നും ആരോപിക്കുന്നു.
‘സഹതാപം ലഭിക്കുന്നതിനുപകരം ദേശവിരുദ്ധരാണെന്ന ആരോപണമാണ് ഞങ്ങൾ നേരിടുന്നത്. ഞങ്ങൾ ഇന്ത്യയിലെ അഭിമാനികളായ പൗരന്മാരാണ്. കശ്മീരിയും മുസ്‍ലിമും ആയിരിക്കുന്നത് ആളുകൾ അധിക്ഷേപിക്കാനുള്ള കാരണമാക്കരുത്’ -മുദാസിറിന്റെ ബന്ധുവായ ഒരാൾ അഭ്യർഥിച്ചു. ‘അദ്ദേഹത്തെ ഒരു പന്നിയോട് ഉപമിച്ചുള്ള കമന്റുകൾ വരെ ഉണ്ട്. മറ്റു ചിലർ ഉദ്യോഗസ്ഥനോട് ഇങ്ങനെ ചെയ്തതിന് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുന്നു. വളരെ വേദനാജനകമാണ്. എന്താണ് ഞങ്ങൾ ചെയ്ത തെറ്റെന്നും’ ബന്ധു ചോദിച്ചു. മുദാസിറിന് രണ്ടോ മൂന്നോ മാസത്തേക്ക് പൂർണ്ണ വിശ്രമം നൽകാൻ ഡോക്ടർമാർ നിർദേശിച്ചതായി കുടുംബാംഗം പറഞ്ഞു. ‘ദൈവത്തിന് നന്ദി. ഒരു ശസ്ത്രക്രിയയും നിർദേശിച്ചിട്ടില്ല. പക്ഷേ, മാസങ്ങളോളം കിടപ്പിലായിരിക്കും’ - അദ്ദേഹം കൂട്ടിച്ചേർത്തു.
എതിർവാദങ്ങളെക്കുറിച്ച് തനിക്ക് അറിയാമെന്നും എന്നാൽ തെറ്റ് ആരുടേതാണെന്ന് കണ്ടെത്താൻ ആർക്കും സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാമെന്നും മുദാസിർ പറയുന്നു?. ‘അയാളുടെ ബാഗേജിന്റെ പേരിൽ ഞങ്ങൾ തടഞ്ഞു. അത് സാധാരണമാണ്. സി.സി.ടി.വിയിൽ അതിനുള്ള തെളിവുണ്ട്. അതിന്റെ പേരിൽ അയാൾ ഞങ്ങളെ അടിക്കാനും ഇടിക്കാനും തുടങ്ങി. സി.ഐ.എസ്.എഫ് ജീവനക്കാരനെ തള്ളിമാറ്റി അകത്തുകയറി. തുടർന്ന് കയ്യിൽ കിട്ടിയതെടുത്ത് ആളുകളുടെ തലയിൽ അടിക്കാൻ തുടങ്ങി. ഓഫിസർ തന്റെ ബാഗേജ് ഉപയോഗിച്ച് മുഖത്ത് അടിച്ചതായും ഇടിച്ചിട്ടതായും മുദാസിർ പറഞ്ഞു. അയാൾ തന്റെ മുഷ്ടിയും കാലും ഉപയോഗിച്ച് എന്നെ അടിച്ചു. ഞാൻ താഴെ വീണു. കടുത്ത രക്തസ്രാവമുണ്ടായെന്നും മുദാസിർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

