ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്ന സ്ത്രീകളെ അംഗനവാടി വർക്കർമാർ പരിശോധിക്കണം; തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ ഉത്തരവിനെതിരെ സമാജ്‍വാദി പാർട്ടി
text_fieldsലഖ്നോ: ബുർഖ ധരിച്ച് വോട്ട് ചെയ്യാനെത്തുന്നവരെ തിരിച്ചറിയണമെന്ന തെരഞ്ഞെടുപ്പ് കമീഷന്റെ ഉത്തരവ് പിൻവലിക്കണമെന്ന് സമാജ്‍വാദി പാർട്ടി. ഒരു പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ളതും കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ നിയമങ്ങൾക്ക് വിരുദ്ധമാണിതെന്നും പാർട്ടി ആവശ്യപ്പെട്ടു. സമാജ്‍വാദി പാർട്ടി പ്രസിഡന്റ് ശ്യാം ലാൽ പാൽ ആണ് ഇതുസംബന്ധിച്ച് മുഖ്യതെരഞ്ഞെടുപ്പ് കമീഷണർക്ക് കത്ത് നൽകിയത്.
ബുർഖ ധരിച്ചെത്തുന്ന വനിത വോട്ടർമാരെ അംഗനവാടി വർക്കർമാർ തിരിച്ചറിഞ്ഞ ശേഷം മാത്രമേ വോട്ട് ചെയ്യാൻ അനുവദിക്കാവൂ എന്നായിരുന്നു തെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ ഉത്തരവ്. ഈ ഉത്തരവിനെതിരെയാണ് സമാജ് വാദി പാർട്ടി രംഗത്തുവന്നിരിക്കുന്നത്.
റിട്ടേണിങ് ഓഫിസർമാർക്കുള്ള കൈപ്പുസ്തകത്തിലെ ഖണ്ഡിക 13.6.9 (പേജ് 143) പ്രകാരം പോളിങ് ഉദ്യോഗസ്ഥന് വോട്ടറുടെ ഐഡന്റിറ്റി ഉറപ്പാക്കാൻ അവകാശമുണ്ട് എന്നും വോട്ടെടുപ്പ് നടക്കുന്ന ദിവസം വോട്ടർ ഐ.ഡി കാർഡ് പരിശോധിക്കാമെന്നും പറയുന്നു. മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിന്റെ പുതിയ നിർദേശം തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിയമങ്ങൾക്ക് വിരുദ്ധമാണെന്നും ഇത് കമ്മീഷന്റെ നിഷ്പക്ഷതയെയും സുതാര്യതയെയും കുറിച്ച് ചോദ്യങ്ങൾ ഉയർത്തുന്നുവെന്നും സമാജ്‍വാദി പാർട്ടി കത്തിൽ ആരോപിച്ചു.
രാജ്യത്തെ പ്രത്യേക സമുദായത്തെ ഉന്നമിട്ടുള്ളതാണ് പുതിയ നിയമം. ഇത് തികച്ചും ജനാധിപത്യ വിരുദ്ധവും ഭരണഘടനക്ക് നിരക്കാത്തതുമാണ്. പ്രത്യേക സമുദായത്തെ ലക്ഷ്യമിട്ടുള്ള നിർദേശമാകയാൽ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്റെ പുതിയ നിർദേശം തെറ്റാണെന്നും കത്തിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

