തെറ്റായ തെരഞ്ഞെടുപ്പ് വിവരങ്ങൾ: സി.എസ്.ഡി.എസിനെതിരെ കാരണം കാണിക്കൽ നോട്ടീസ്
text_fieldsന്യൂഡൽഹി: കൃത്രിമം കാണിച്ച തെരഞ്ഞെടുപ്പ് വിവരങ്ങൾ പുറത്തുവിട്ടെന്ന ആക്ഷേപത്തിൽ ‘സെന്റർ ഫോർ ദ സ്റ്റഡി ഓഫ് ഡെവലപ്പിങ് സൊസൈറ്റീസി’ന് (സി.എസ്.ഡി.എസ്) ഇന്ത്യൻ കൗൺസിൽ ഓഫ് സോഷ്യൽ സയൻസ് റിസർച് (ഐ.സി.എസ്.എസ്.ആർ) കാരണം കാണിക്കൽ നോട്ടീസ് നൽകും. സി.എസ്.ഡി.എസ് സമൂഹമാധ്യമങ്ങളിലിട്ട പോസ്റ്റുകൾ വിവാദമായതിനു പിന്നാലെയാണ് തീരുമാനം. സി.എസ്.ഡി.എസിലെ പ്രഫസറും തെരഞ്ഞെടുപ്പ് വിശകലന വിദഗ്ധനുമായ സഞ്ജയ് കുമാർ, മഹാരാഷ്ട്രയിലെ രണ്ടു നിയമസഭ സീറ്റുകളിലെ വോട്ടർമാരുടെ കണക്കുകൾ ‘എക്സി’ൽ പോസ്റ്റിട്ടിരുന്നു. ചൊവ്വാഴ്ച അത് അദ്ദേഹം നീക്കി. തെറ്റായ കണക്ക് അവതരിപ്പിച്ചതിന് മാപ്പും പറഞ്ഞു.
2024ലെ തെരഞ്ഞെടുപ്പ് വിവരങ്ങൾ വിശകലനം ചെയ്ത തങ്ങളുടെ ഡേറ്റ സംഘത്തിന് പറ്റിയ പിഴവാണ് കാരണമെന്ന് അദ്ദേഹം വിശദീകരിച്ചു. പൊതുതെരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ രണ്ട് നിയമസഭ മണ്ഡലങ്ങളിലുണ്ടായ വോട്ടർമാരുടെ എണ്ണത്തിലെ കുറവാണ് അദ്ദേഹം ആദ്യം പങ്കുവെച്ചത്. വോട്ടർപട്ടികയിലും മറ്റുമുള്ള കൃത്രിമത്വം വഴിയാണ് ബി.ജെ.പി വിജയം ഉറപ്പിക്കുന്നതെന്ന പ്രതിപക്ഷ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ സഞ്ജയ് കുമാറിന്റെ പോസ്റ്റ് ശ്രദ്ധിക്കപ്പെട്ടിരുന്നു. സാമൂഹിക ശാസ്ത്ര, മാനവിക വിഷയങ്ങളുടെ ഗവേഷണങ്ങൾക്കായുള്ള സർക്കാർ സംവിധാനമാണ് ഐ.സി.എസ്.എസ്.ആർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

