Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightകോവിഡ്​ രോഗികൾക്ക്​...

കോവിഡ്​ രോഗികൾക്ക്​ വില്ലനായി 'ബ്ലാക്ക്​ ഫംഗസ്​'; ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകുമെന്ന്​ ഐ.സി.എം.ആർ

text_fields
bookmark_border
കോവിഡ്​ രോഗികൾക്ക്​ വില്ലനായി ബ്ലാക്ക്​ ഫംഗസ്​; ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമാകുമെന്ന്​ ഐ.സി.എം.ആർ
cancel

ന്യൂഡൽഹി: അനിയന്ത്രിത പ്രമേഹവും ദീർഘകാല ഐ.സി.യു വാസവുമുള്ള കോവിഡ്​ രോഗികളിൽ കണ്ടുവരുന്ന ബ്ലാക്ക്​ ഫംഗസ്​ (​മ്യൂകോർമൈകോസിസ്) ചികിത്സിച്ചില്ലെങ്കിൽ ഗുരുതരമായി മാറിയേക്കാമെന്ന്​ ഇന്ത്യൻ കൗൺസിൽ ഓഫ്​ മെഡിക്കൽ റിസർച്ചിന്‍റെ (ഐ.സി.എം.ആർ) മുന്നറിയിപ്പ്​. കോവിഡ് ഭേദമായാലും പ്രതിരോധശേഷി ദുർബലമായ അവസ്ഥയിലാണ് ബ്ലാക്ക് ഫംഗസ് ബാധ ഉണ്ടാകുന്നതെന്നും ഐ.സി.എം.ആറും കേന്ദ്ര ആരോഗ്യ മ​ന്ത്രാലയവും പുറത്തിറക്കിയ മാർഗനിർദേശരേഖയിൽ പറയുന്നു. മ്യൂകോർമൈകോസിസിന്‍റെ ലക്ഷണങ്ങളും പരിശോധനയും കൈകാര്യം ചെയ്യേണ്ട രീതിയുമെല്ലാം മാർഗനിർദേശരേഖയിൽ വ്യക്​തമാക്കിയിട്ടുണ്ട്​.


സ്റ്റിറോയ്ഡ് മരുന്നുകളുടെ അമിത ഉപയോഗവും ഈ രോഗത്തിന്​ വഴിയൊരുക്കുന്നതായിട്ടാണ്​ കണ്ടെത്തിയിരിക്കുന്നത്​. മ്യൂകോർ എന്ന ഫംഗസാണ് മ്യൂകോർമൈകോസിസ് രോഗത്തിന് കാരണമാകുന്നത്​. സാധാരണയായി തണുത്ത പ്രതലത്തിലാണ് ഇവ കണ്ടുവരുന്നതെന്ന്​ വിദഗ്​ധർ ചൂണ്ടിക്കാട്ടുന്നു. കോവിഡ് രോഗിയെ ഓക്സിജൻ സഹായത്തിൽ കിടത്തുമ്പോൾ അതിലെ ഹ്യുമിഡിഫയറിൽ അടങ്ങിയ വെള്ളം അണുബാധ ഉണ്ടാകാനുള്ള സാഹചര്യം വർധിപ്പിക്കുന്നതാണ് ഫംഗസ് ബാധയ്ക്ക് കാരണം. ഇത് തലച്ചോറിനെ ബാധിച്ചാൽ മരണത്തിന് കാരണമാകുമെന്ന്​ വരെയാണ്​ ആരോഗ്യ വിദഗ്​ധർ നൽകുന്ന മുന്നറിയിപ്പ്​. മരണകാരിയായ ബ്ലാക്ക് ഫംഗസ് പലർക്കും അന്ധതയ്ക്കും കാരണമാകാറുണ്ട്​.

മൂക്കിനും കണ്ണിനും ചുറ്റും വേദനയോടെ ചുവന്ന നിറം ഉണ്ടാകുക, പനി, തലവേദന, ചുമ, ശ്വാസമെടുക്കുന്നതിൽ ബുദ്ധിമുട്ട്​, രക്തം ഛർദിക്കൽ, മുഖ വീക്കം, മൂക്കടപ്പ്, കാഴ്ചക്കുറവ് തുടങ്ങിയവയാണ്​ ലക്ഷണങ്ങളായി ക​ണ്ടെത്തിയിരിക്കുന്നത്​. അനിയന്ത്രിത പ്രമേഹ രോഗമുള്ളവരിൽ സൈനസൈറ്റിസ്​, മുഖത്തിന്‍റെ ഒരു വശത്തിന്​ വേദന, പല്ലുവേദന, വേദനയോടെ മങ്ങിയ അല്ലെങ്കിൽ ഇരട്ട കാഴ്ച, നെഞ്ചുവേദന എന്നീ ലക്ഷണങ്ങളും കണ്ടുവരുന്നുണ്ട്​. പ്രതിരോധശേഷി കുറഞ്ഞവർ, പ്രമേഹ രോഗികർ, അവയവമാറ്റം നടത്തിയവർ എന്നിവരിലാണ് രോഗം കൂടുതലായി ബാധിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്​.

പ്രമേഹമുള്ളവർ കോവിഡ്​ ഭേദമായി കഴിഞ്ഞാൽ നിരന്തരം രക്​തത്തിലെ പഞ്ചസാരയുടെ അളവ്​ പരിശോധിക്കണമെന്നും സ്​റ്റെറോയ്​ഡുകളുടെ അമിത ഉപയോഗം നിയന്ത്രിക്കണമെന്നും ഐ.സി.എം.ആർ ചൂണ്ടിക്കാട്ടുന്നു. സ്റ്റെറോയ്​ഡുകളും ആൻറി ബയോട്ടിക്കുകളും​ ഉപയോഗിക്കേണ്ടവർ കൃത്യമായ അളവിലും സമയത്തും ഇടവേളകളിലുമാണ്​ അവ കഴിക്കേണ്ടത്​. ഓക്​സിജൻ ചികിത്സ നടത്തു​േമ്പാൾ ​ അതിലെ ഹ്യുമിഡിഫയറിൽ സ്​റ്റെറിലൈസ്​ ചെയ്​ത ശുദ്ധവെള്ളം ഉപയോഗിക്കാനും ശ്രദ്ധിക്കണം.

മഹാരാഷ്​ട്രയിൽ മരിച്ചത്​ എട്ടുപേർ

മഹാരാഷ്​ട്രയിൽ കോവിഡിനെ അതിജീവിച്ച എട്ടുപേർ ബ്ലാക്ക് ഫംഗസ് ബാധ കാരണം മരിച്ചെന്ന്​ സംസ്ഥാന മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടറേറ്റ് (ഡി.എം.ഇ.ആർ) ഡയറക്ടർ ഡോ. തത്യാറാവു ലഹാനെ അറിയിച്ചു. നിലവിൽ 200 പേർ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്​തമാക്കി.

ബ്ലാക്​ ഫംഗസ്​ കണ്ടെത്തുന്ന രോഗിയുടെ ഒരു കണ്ണ് പൂർണമായും എടുത്തു കളഞ്ഞാൽ ജീവൻ നിലനിർത്താനായേക്കുമെന്നും അദ്ദേഹം പറയുന്നു. രോഗബാധിതർക്ക്​ 21 ദിവസത്തേക്ക് ഒരു പ്രത്യേക കുത്തിവയ്പ്പ് നൽകിയാലും രക്ഷപ്പെടും. എന്നാൽ ഇതിന്​ പ്രതിദിനം 9000 രൂപ ചെലവാകുമെന്നും അദ്ദേഹം പറഞ്ഞു.

സൂറത്തിലും കോവിഡ് ഭേദമായവരിൽ ബ്ലാക്​ ഫംഗസ്​ കണ്ടുവരുന്നതായി കിരൺ സൂപ്പർ മൾട്ടി സ്പെഷാലിറ്റി ആശുപത്രി ചെയർമാൻ മഥുർ സവാനി വെളിപ്പെടുത്തിയിരുന്നു. 50 പേർക്ക് ചികിത്സ നടത്തികൊണ്ടിരിക്കുകയാണെന്നും 60 പേർ ചികിത്സ കാത്തിരിക്കുകയാണെന്നും ഏഴുപേരുടെ കാഴ്ച പൂർണമായും നഷ്ടപ്പെട്ടുവെന്നുമാണ്​ അദ്ദേഹം പറഞ്ഞത്​. കർണാടകയിലും ​കോവിഡ്​ ഭേദമായവരിൽ ഈ രോഗം കണ്ടെത്തിയതായി റിപ്പോർട്ടുണ്ട്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ICMR.black fungus in covid patients
News Summary - ICMR issues advisory saying 'black fungus' in Covid patients can turn fatal if left untreated
Next Story