ന്യൂഡൽഹി: വായ്പ ക്രമക്കേടുമായി ബന്ധപ്പെട്ട് എൻഫോഴ്സ്മെൻറ് ഡയറക്ടേററ്റിെൻറ കസ്റ്റഡിയിൽ കഴിയുന്ന ദീപക് കൊച്ചാറിന് കോവിഡ്. ഐ.സി.ഐ.സി.ഐ ബാങ്ക് മുൻ ഡയറക്ടറുമായ ചന്ദ കൊച്ചാറിെൻറ ഭാർത്താവ് ദീപക് സെപ്റ്റംബർ ഏഴിനാണ് അറസ്റ്റിലാകുന്നത്. ഡൽഹിയിലെ ഇ.ഡി ഓഫിസിൽ വിളിച്ചുവരുത്തിയ ദീപകിനെ കള്ളപ്പണം വെളുപ്പിക്കൽ നിയമപ്രകാരം അറസ്റ്റ് ചെയ്യുകയായിരുന്നു.
കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ദീപക്കിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു. ദീപക് കൊച്ചാറിനെ ചോദ്യം ചെയ്ത ഇ.ഡി ഉദ്യോഗസ്ഥരും അഭിഭാഷകനും ഉൾപ്പെടെ ക്വാറൻറീനിൽ പ്രവേശിച്ചു. സെപ്റ്റംബർ എട്ടിന് പ്രത്യേക കോടതിയിൽ ഹാജരാക്കിയ ദീപക് കൊച്ചറിനെ സെപ്റ്റംബർ 19 വരെ ഇ.ഡിയുടെ കസ്റ്റഡിയിൽ വിടുകയായിരുന്നു.
വിഡിയോകോൺ ഗ്രൂപ്പിന് ഐ.സി.ഐ.സി.ഐ അനധികൃതമായി വായ്പ അനുവദിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ദീപക് കൊച്ചാറിെൻറ അറസ്റ്റ്. ചില പണമിടപാടുകളുമായി ബന്ധപ്പെട്ട വിവരങ്ങൾ ദീപക് കൊച്ചാറിന് ഇ.ഡിക്ക് നൽകാൻ കഴിഞ്ഞിട്ടില്ലെന്നാണ് വിവരം.
ചന്ദ കൊച്ചാർ ഐ.സി.ഐ.സി.ഐ ബാങ്ക് ഡയറക്ടറായിരുന്ന കാലയളവിൽ വിഡിയോകോൺ ഗ്രൂപ്പിന് 1875 കോടി രൂപ നിയമവിരുദ്ധമായി വായ്പ അനുവദിച്ചതായി കണ്ടെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് ചന്ദ കൊച്ചാറിനെതിരെയും കേസെടുത്തിരുന്നു. ജനുവരിയിൽ ചന്ദ കൊച്ചാറിെൻറ 78 കോടിയുടെ ആസ്തി ഇ.ഡി കണ്ടുകെട്ടിയിരുന്നു.