വീട്ടിലെ ഫ്രിഡ്ജിലെ ഐസിൽ ശിവലിംഗാകൃതി; ജലാഭിഷേകം, കാണിക്ക നിക്ഷേപിക്കൽ, ഭക്തജന പ്രവാഹം
text_fieldsആഗ്ര: വീട്ടിലെ ഫ്രിഡ്ജിനുള്ളിൽ മഞ്ഞുപാളികൾ ശിവലിംഗത്തിന്റെ ആകൃതിയിൽ രൂപപ്പെട്ടത് പ്രദേശവാസികളിൽ കൗതുകവും ഭക്തിയും നിറച്ചു. ഉത്തർപ്രദേശിലെ ആഗ്രയിലെ ഖേരിയ മോഡിന് സമീപമുള്ള നഗ്ല ഭുജ മേഖലയിലെ ഒരു വീട്ടിലാണ് സംഭവം.ഫ്രീ പ്രസ് ജേണലാണ് ഇത് സംപബന്ധിച്ച വാർത്ത പ്രസിദ്ധീകരിച്ചത്.
വീട്ടിലെ ഫ്രിഡ്ജ് തുറന്നപ്പോഴാണ് ഐസ് ശിവലിംഗത്തിന്റെ രൂപത്തിൽ കാണപ്പെട്ടതെന്ന് റിപ്പോർട്ടിൽ പറയുന്നു. വിവരം പുറത്തറിഞ്ഞതോടെ അയൽവാസികളടക്കം നിരവധിപേർ കാഴ്ച കാണാനും ആരാധിക്കാനുമായി തടിച്ചുകൂടി. അമർനാഥ് ഗുഹയിലെ മഞ്ഞുലിംഗത്തോട് ഇതിനെ ഉപമിച്ച് പലരും സമൂഹമാധ്യമങ്ങളിൽ ചിത്രങ്ങളും വിഡിയോകളും പങ്കുവെച്ചതോടെ സംഭവം വൈറലായി.
ശിവന്റെ അത്ഭുതമാണെന്ന് വിശ്വസിച്ചെത്തിയ ഭക്തർ ഫ്രിഡ്ജിന് മുന്നിൽ ജലാഭിഷേകം നടത്തുകയും ‘ഹർ ഹർ മഹാദേവ്’ വിളികളാൽ പരിസരം മുഖരിതമാക്കുകയും ചെയ്തു. ശിവലിംഗത്തിന്റെ രൂപത്തിനരികിൽ ഭക്തർ കാണിക്ക നിക്ഷേപിക്കുന്നതും ദൃശ്യങ്ങളിൽ കാണാം. രാവിലെ മുതൽ രാത്രി വൈകുവോളം ദർശനത്തിനായി ആളുകളുടെ തിരക്കായിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
അതേസമയം, അമർനാഥിലെ മഞ്ഞുലിംഗം നേരത്തെ ഉരുകിത്തുടങ്ങിയ വാർത്തയും ചർച്ചയാകുന്നുണ്ട്. 57 ദിവസത്തെ തീർഥയാത്ര പൂർത്തിയാകുന്നതിന് മുമ്പുതന്നെ 90 ശതമാനത്തോളം മഞ്ഞുലിംഗം ഉരുകിത്തീർന്നതായാണ് റിപ്പോർട്ടുകൾ. ഹിമാലയൻ മേഖലയിൽ താപനില വർധിക്കുന്നതും ആഗോളതാപനവുമാണ് ഇതിന് കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. സമുദ്രനിരപ്പിൽനിന്ന് 3,888 മീറ്റർ ഉയരത്തിലുള്ള അമർനാഥ് ഗുഹയിലെ കാലാവസ്ഥയിലുണ്ടായ മാറ്റം മഞ്ഞ് നിലനിൽക്കാൻ തടസ്സമാകുന്നുവെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

