Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഐ.ബി ഉദ്യോഗസ്ഥൻ അങ്കിത് ശർമയുടെ കൊലപാതകം: മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

text_fields
bookmark_border
Tahir Hussain
cancel
camera_alt

താഹിർ ഹുസൈൻ

ന്യൂഡൽഹി: 2020ലെ വടക്കുകിഴക്കൻ ഡൽഹി കലാപത്തിനിടെ ഇന്റലിജൻസ് ബ്യൂറോ (ഐ.ബി) ഉദ്യോഗസ്ഥൻ അങ്കിത് ശർമയെ കൊലപ്പെടുത്തിയ കേസിൽ മുൻ എ.എ.പി കൗൺസിലർ താഹിർ ഹുസൈനെ ഡൽഹി കർകർദൂമ കോടതി കുറ്റക്കാരനെന്ന് വിധിച്ചു. കേസിൽ നിർണായകമായ വിധിപ്രസ്താവനയാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നത്. കൊലപാതകം, കലാപം, നിയമവിരുദ്ധമായി സംഘം ചേരൽ, ശത്രുത വളർത്തൽ തുടങ്ങിയ വിവിധ വകുപ്പുകൾ പ്രകാരം താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. എന്നാൽ, പ്രതിക്കെതിരെ ചുമത്തിയിരുന്ന 'ക്രിമിനൽ ഗൂഢാലോചന' (ഐ.പി.സി സെക്ഷൻ 120ബി) എന്ന കുറ്റം തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി കോടതി ആ കുറ്റം ഒഴിവാക്കി.

താഹിർ ഹുസൈനെ കൂടാതെ നസീം, കാസിം, അനസ്, ജാവേദ് എന്നീ നാലുപേരെയും കോടതി ഈ കേസിൽ കുറ്റക്കാരായി കണ്ടെത്തിയിട്ടുണ്ട്. തെളിവുകളുടെ അഭാവത്തിൽ മറ്റ് ആറ് പ്രതികളെ കോടതി വെറുതെ വിട്ടു. ഡയാൽപൂർ പൊലീസ് സ്റ്റേഷനിൽ അങ്കിത് ശർമയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്. കലാപത്തിനിടെ അങ്കിത് ശർമയെ ഒരു സംഘം ആളുകൾ ക്രൂരമായി കൊലപ്പെടുത്തിയ ശേഷം മൃതദേഹം സമീപത്തെ ഓടയിൽ തള്ളുകയായിരുന്നു. ഈ സംഭവം അന്ന് രാജ്യവ്യാപകമായി വലിയ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു.

പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള (സി.എ.എ) പ്രതിഷേധങ്ങളാണ് 2020 ഫെബ്രുവരി 23 മുതൽ 29 വരെ വടക്കുകിഴക്കൻ ഡൽഹിയിൽ രൂക്ഷമായ കലാപത്തിന് തിരി കൊളുത്തിയത്. ജാഫ്രാബാദ്, മൗജ്പൂർ തുടങ്ങിയ മേഖലകളിൽ സി.എ.എ അനുകൂലികളും പ്രതികൂലികളും തമ്മിലുണ്ടായ വാഗ്വാദങ്ങൾ പിന്നീട് വലിയ തോതിലുള്ള അക്രമങ്ങളിലേക്ക് വഴിമാറുകയായിരുന്നു. അഞ്ച് ദിവസത്തോളം നീണ്ടുനിന്ന കലാപത്തിൽ 53 പേർ കൊല്ലപ്പെടുകയും 500ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. വീടുകൾ, കടകൾ, സ്കൂളുകൾ, ആരാധനാലയങ്ങൾ എന്നിവ വ്യാപകമായി തീവെച്ച് നശിപ്പിക്കപ്പെട്ടു.

തലസ്ഥാന നഗരിയെ നടുക്കിയ ഈ കലാപം വലിയൊരു വിഭാഗം ജനങ്ങളെ ഭീതിയിലാഴ്ത്തുകയും പ്രദേശവാസികളുടെ ദൈനംദിന ജീവിതത്തെയും സാമ്പത്തിക നിലയെയും ബാധിക്കുകയും ചെയ്തു. അക്രമത്തെ തുടർന്ന് പലരും തങ്ങളുടെ വീടുകൾ ഉപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. കലാപവുമായി ബന്ധപ്പെട്ട് നൂറുകണക്കിന് കേസുകളാണ് ഡൽഹി പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിൽ പലതിലും അന്വേഷണങ്ങളും കോടതി നടപടികളും ഇപ്പോഴും തുടരുകയാണ്. അങ്കിത് ശർമ വധക്കേസിൽ ശിക്ഷ പിന്നീട് കോടതി തീരുമാനിക്കും.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - IB officer Ankit Sharma's murder Court finds former AAP councilor Tahir Hussain guilty
Next Story