തമിഴ്നാട്ടിലെ മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഡോ. ബീല വെങ്കിടേശൻ അന്തരിച്ചു
text_fieldsഡോ. ബീല വെങ്കിടേശൻ
ചെന്നൈ: തമിഴ്നാട്ടിൽ കോവിഡ്-19 കൈകാര്യം ചെയ്യുന്നതിൽ സുപ്രധാന പങ്കുവഹിച്ചിരുന്ന മുതിർന്ന ഐ.എ.എസ് ഉദ്യോഗസ്ഥ ഡോ. ബീല വെങ്കിടേശൻ(56) അന്തരിച്ചു. ദീർഘകാലമായി ബ്രെയിൻ ട്യൂമർ ബാധിച്ച് ചികിത്സയിലായിരുന്നു. ഊർജ വകുപ്പ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ചുവരികയായിരുന്നു. ദിവസവും നടത്തുന്ന വാർത്താസമ്മേളനം വഴി കോവിഡ് കാലത്ത് തമിഴ്നാട്ടിലെ ഓരോ കുടുംബത്തിനും ചിരപരിചിത മുഖമായി മാറിയിരുന്നു ബീല വെങ്കിടേശൻ. ആ സമയത്ത് ആരോഗ്യവകുപ്പ് സെക്രട്ടറിയായിരുന്നു.
1969 നവംബർ 15 ന് തൂത്തുക്കുടി ജില്ലയിലാണ് ബീല വെങ്കിടേശൻ ജനിച്ചത്. പിന്നീട് ചെന്നൈയിലെ കൊട്ടിവാക്കം പ്രദേശത്താണ് അവർ താമസിച്ചിരുന്നത്. മദ്രാസ് മെഡിക്കൽ കോളജിൽ നിന്നാണ് ഡോ. ബീല വെങ്കിടേശൻ എം.ബി.ബി.എസ് പൂർത്തിയാക്കിയത്. 1997ൽ സിവിൽ സർവീസ് നേടി. ബിഹാറിലായിരുന്നു ആദ്യ നിയമനം. പിന്നീട് കുറെ കാലം ഝാർഖണ്ഡിലും സേവനം ചെയ്തു. അതിനു ശേഷമാണ് തമിഴ്നാട്ടിലേക്ക് സ്ഥലംമാറ്റം കിട്ടിയത്.
ചെങ്കൽപട്ടു സബ്കലക്ടറായാണ് തമിഴ്നാട്ടിൽ നിയമനം. പിന്നീട് ഫിഷറീസ് കമീഷണർ, ടൗൺ ആൻഡ് കൺട്രി പ്ലാനിങ് കമീഷണർ, ആരോഗ്യവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി, ഇന്ത്യൻ മെഡിസിൻ ആൻഡ് ഹോമിയോപ്പതി കമീഷണർ എന്നീ നിലകളിലും സേവനമനുഷ്ഠിച്ചു. ആരോഗ്യ സെക്രട്ടറി എന്ന നിലയിൽ, ഭാവി റഫറൻസിനും ഗവേഷണ ആവശ്യങ്ങൾക്കുമായി തമിഴ്‌നാട്ടിലുടനീളമുള്ള രോഗികളുടെ ഡാറ്റ ഡിജിറ്റൈസ് ചെയ്യുകയും ക്ലൗഡിൽ സൂക്ഷിക്കുകയും ചെയ്യുന്ന ആശുപത്രി മാനേജ്‌മെന്റ് ഇൻഫർമേഷൻ സിസ്റ്റം ആരംഭിക്കുന്നതിൽ ബീല വെങ്കിടേശൻ നിർണായക പങ്കുവഹിച്ചു. 2019 ൽ സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ഡെങ്കിപ്പനി കേസുകളുടെ എണ്ണം കുറക്കുന്നതിലും അവരുടെ പങ്ക് നിർണായകമായി.
ബീലയുടെ അമ്മ റാണി വെങ്കിടേശൻ മുതിർന്ന കോൺഗ്രസ് നേതാവും എം.എൽ.എയുമായിരുന്നു. നാഗർകോവിൽ സ്വദേശിയായിരുന്നു അവർ. പിതാവ് എസ്.എൻ. വെങ്കിടേശൻ ഡി.ജി.പിയായാണ് വിരമിച്ചത്. നിര്യാണത്തിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

