ഞാനൊരു രാഷ്ട്രീയ നേതാവാണ്, തീവ്രവാദിയല്ല; യാസീൻ മാലിക് സുപ്രീംകോടതിയിൽ
text_fieldsയാസീൻ മാലിക്
ന്യൂഡൽഹി: താനൊരു തീവ്രവാദിയല്ലെന്നും രാഷ്ട്രീയ നേതാവാണെന്നും ജെ.കെ.എൽ.എഫ് നേതാവ് യാസീൻ മാലിക് സുപ്രീംകോടതിയിൽ. ഏഴ് പ്രധാനമന്ത്രിമാരുമായി ഒരുമിച്ച് പ്രവർത്തിച്ച വ്യക്തിയാണ് താനെന്നും അദ്ദേഹം വ്യക്തമാക്കി. തിഹാർ ജയിലിൽ നിന്ന് വിഡിയോ ലിങ്ക് വഴിയാണ് യാസീൻ മാലിക് സുപ്രീംകോടതിയിൽ ഹാജരായത്.
അതിനിടെ, യാസീൻ മാലിക് പാക് ഭീകരനും മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ഹാഫിസ് സഈദിനൊപ്പം നിൽക്കുന്ന ഫോട്ടോ ദേശീയ-പ്രാദേശിക മാധ്യമങ്ങളടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും സോളിസിറ്റർ ജനറൽ തുഷാർ മേത്ത ജസ്റ്റിസുമാരായ അഭയ് എസ്. ഒക, ഉജ്ജ്വൽ ഭുയാൻ എന്നിവരടങ്ങിയ ബെഞ്ചിനെ സത്യവാങ്മൂലത്തിലൂടെ അറിയിച്ചു. എന്നാൽ ഈ പ്രസ്‍താവന തനിക്കെതിരായ പൊതുവിവരണമാണെന്നും കേന്ദ്രസർക്കാർ യു.എ.പി.എ പ്രകാരം കേന്ദ്രസർക്കാർ എന്റെ സംഘടനയെ തീവ്രവാദ സംഘടനകളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നും യാസീൻ മാലിക്ക് വ്യക്തമാക്കി.
മാത്രമല്ല, 1994ലെ ഏകപക്ഷീയമായ വെടിനിർത്തലിനു ശേഷം 32 കേസുകളിൽ തനിക്ക് ജാമ്യം ലഭിച്ചുവെന്നും ഒരു കേസും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുകയും ചെയ്തു. പ്രധാനമന്ത്രിമാരായ പി.വി. നരസിംഹറാവു, എച്ച്.ഡി. ദേവഗൗഡ, ഐ.കെ. ഗുജ്റാൾ, എ.ബി. വാജ്പേയി, മൻമോഹൻ സിങ് എന്നിവരുടെ കാലത്തും നരേന്ദ്രമോദി ഭരിച്ച ആദ്യ അഞ്ചുവർഷങ്ങളിലും വെടിനിർത്തൽ നിയമം പാലിച്ചു. എന്നാൽ മോദിയുടെ രണ്ടാമൂഴത്തിൽ തനിക്കെതിരെ 35 വർഷം പഴക്കമുള്ള കേസുകളുടെ വിചാരണ തുടങ്ങിയിരിക്കുകയാണെന്നും യാസീൻ മാലിക് സുപ്രീംകോടതിയെ അറിയിച്ചു. ഇപ്പോഴത്തെ കേസിൽ വെടിനിർത്തലിന് പ്രസക്തിയില്ലെന്ന് തുഷാർ മേത്ത വാദിച്ചു.
തീവ്രവാദിയായതിനാൽ യാസീൻ മാലിക്കിനെ നേരിട്ട് ജമ്മു കശ്മീരിലെ കോടതിയിൽ ഹാജരാക്കാൻ കഴിയില്ല എന്നായിരുന്നു സി.ബി.ഐയുടെ വാദം. ആ വാദത്തിന് എതിരെയാണ് തന്റെ പ്രതികരണമെന്നും താൻ ഒരിക്കലും തീവ്രവാദിയല്ലെന്നും രാഷ്ട്രീയ നേതാവ് മാത്രമാണെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.
ഏഴ് പ്രധാനമന്ത്രിമാർ എനിക്കൊപ്പം പ്രവർത്തിച്ചിട്ടുണ്ട്. തീവ്രവാദികളെ പിന്തുണയ്ക്കുന്നതിനോ അവർക്ക് ഒളിത്താവളം നൽകുന്നതിനോ എനിക്കും എന്റെ സംഘടനയ്ക്കും എതിരെ ഒരു എഫ്.ഐ.ആർ പോലും ഇല്ല. എന്നാൽ അക്രമരഹിതമായ രാഷ്ട്രീയ പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് തനിക്കെതിരെ എഫ്.ഐ.ആറുകൾ ഉണ്ടെന്നും അദ്ദേഹം സുപ്രീംകോടതിയിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

