താലിബാൻ മസാറെ ശെരീഫ് പിടിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പേ ഇന്ത്യക്കാരെ രക്ഷിച്ചതായി റിപ്പോർട്ട്
text_fieldsന്യൂഡൽഹി: താലിബാൻ അഫ്ഗാനിസ്താനിലെ മസാറെ ശെരീഫ് പിടിച്ചെടുക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് അവിടെ കുടുങ്ങിയ ഇന്ത്യക്കാരെ രക്ഷിച്ചതായി റിപ്പോർട്ട്. മസാറെ ശെരീഫ് ഇന്ത്യൻ കോൺസുലേറ്റിലെ അംഗങ്ങൾ, ഐ.ടി.ബി.പി സുരക്ഷാ ഉദ്യോഗസ്ഥർ അടക്കം 50 പേരെയാണ് വ്യോമസേനയുടെ സി-17 യുദ്ധവിമാനത്തിൽ ഒഴിപ്പിച്ചത്.
ഡൽഹിക്ക് സമീപമുള്ള ഹിന്ദർ വ്യോമത്താവളത്തിൽ നിന്ന് ആഗസ്റ്റ് 11ന് പുറപ്പെട്ട സി-17 വിമാനം മസാറെ ശെരീഫിലെത്തി അവിടെയുള്ള ഇന്ത്യൻ പൗരന്മാരുമായി 12ന് തിരിച്ചെത്തിയെന്ന് കേന്ദ്ര സർക്കാറിലെ ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു. വടക്കൻ അഫ്ഗാനിസ്താനിലെ പട്ടണമാണ് മസാറെ ശെരീഫ്.
താലിബാൻ അധികാരം പിടിച്ചതിന് പിന്നാലെ കാബൂളിലെ ഇന്ത്യൻ എംബസി ഒഴിപ്പിച്ചിരുന്നു. അംബാസഡറും നയതന്ത്ര പ്രതിനിധികളും മാധ്യമപ്രവർത്തകരും അടക്കം 180 പേരെയാണ് പ്രത്യേക വിമാനത്തിൽ ഡൽഹിയിലെത്തിച്ചത്. കഴിഞ്ഞ തിങ്കളാഴ്ച കാബൂളിൽ നിന്ന് 46 ഉദ്യോഗസ്ഥരെയും മറ്റ് ചില ഉപകരണങ്ങളും വ്യോമസേനാ വിമാനത്തിൽ ഡൽഹിയിൽ എത്തിച്ചിരുന്നു.
അതേസമയം, കാബൂൾ വിമാനത്താവളത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്ത അമേരിക്കൻ സേനയുടെ അനുമതിക്ക് കാത്തിരിക്കുകയാണ് കേന്ദ്ര സർക്കാറും വ്യോമസേനയും. അനുമതി ലഭിച്ചാലുടൻ ഇന്ത്യൻ പൗരന്മാർ ഒഴിപ്പിക്കാനുള്ള നടപടികൾ സേന ആരംഭിക്കും. വ്യോമസേനയുടെ മൂന്നു സി-17 യുദ്ധവിമാനങ്ങൾ തജികിസ്താനിലെ വ്യോമത്താവളത്തിലും എയർ ഇന്ത്യയുടെ വിമാനങ്ങൾ ഡൽഹിയിലുമാണുള്ളത്.
ഔദ്യോഗിക കണക്ക് പ്രകാരം 400 ഇന്ത്യൻ പൗരന്മാണ് അഫ്ഗാനിലുള്ളത്. എന്നാൽ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളുടെ വിവിധ കമ്പനികൾ, അഫ്ഗാൻ സേനയുടെ ഭാഗമായി പ്രവർത്തിച്ചവർ കൂടി ഉൾപ്പെടുത്തിയാൽ 1500ഒാളം പേർ കുടുങ്ങി കിടക്കുന്നതായാണ് അനൗദ്യോഗിക കണക്ക്.
അഫ്ഗാനിലുള്ള ഇന്ത്യക്കാരെ മടക്കി കൊണ്ടു വരുന്നതിന്‍റെ ഭാഗമായുള്ള പ്രവർത്തനങ്ങളുടെ ഏകോപനത്തിന് വിദേശകാര്യ മന്ത്രാലയം പ്രത്യേക അഫ്ഗാനിസ്താൻ സെൽ രൂപീകരിച്ചു. ആളുകൾക്ക് ബന്ധപ്പെടാൻ പ്രത്യേക ഫോൺ നമ്പറും (ഫോൺ നമ്പർ: +919717785379) ഇമെയ്ൽ ഐ.ഡിയും (MEAHelpdeskIndia@gmail.com) പ്രസിദ്ധീകരിച്ചിട്ടുണ്ട്്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

