ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിൽ ജയിച്ച മണ്ഡലങ്ങളിലെ മുസ്‍ലിം വോട്ടുകൾ ഇല്ലാതാക്കാൻ സമ്മർദം ചെലുത്തിയെന്ന്; ആത്മഹത്യാ ഭീഷണി മുഴക്കി ബി.എൽ.ഒ
text_fieldsജയ്പൂർ: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പി നേരിയ ഭൂരിപക്ഷത്തിന് വിജയിച്ച മണ്ഡലങ്ങളിലെ മുസ്‍ലിം വോട്ടർമാരുടെ പേരുകൾ ഇല്ലാതാക്കാൻ സമ്മർദം ചെലുത്തിയതിനെ തുടർന്ന് രാജസ്ഥാനിലെ ബൂത്ത് ലെവൽ ഓഫിസർ ആത്മഹത്യാ ഭീഷണി മുഴക്കി. ബി.ജെ.പി കൗണ്‍സിലര്‍ സുരേഷ് സൈനിയെ ഫോണില്‍ വിളിച്ചായിരുന്നു ഭീഷണി. ഫോണ്‍ സംഭാഷണത്തിന്റെ വിഡിയോ ഇതിനോടകം തന്നെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിട്ടുണ്ട്.
ജയ്പൂരിലെ ഹവാ മഹൽ നിയമസഭാ മണ്ഡലത്തിലെ ബി.എൽ.ഒ ആയ കീർത്തി കുമാർ, എസ്.ഐ.ആറിനു ശേഷം പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽനിന്ന് തന്റെ ബൂത്തിലെ 40 ശതമാനത്തോളം വരുന്ന 470 വോട്ടർമാരെ നീക്കം ചെയ്യണമെന്ന് ബി.ജെ.പിക്കാർ തന്നെ ഭീഷണിപ്പെടുത്തുകയും നിർബന്ധിക്കുകയും ചെയ്തുവെന്നും ഇവർ ഉന്നമിട്ടത് മുസ്‍ലിം വോട്ടർമാരെയാണെന്നും പറയുന്നു. ഇതിനകം തന്നെ വോട്ടർമാരെ പരിശോധിച്ചു കഴിഞ്ഞതാണെന്നും ഇത് തന്റെ കഴിവിനപ്പുറമുള്ളതാണതെന്നും ബി.എൽ.ഒ പറയുന്നു.
സമൂഹ മാധ്യമത്തിൽ വൈറലായ വിഡിയോ ക്ലിപ്പിൽ ‘ഞാൻ കലക്ടറുടെ ഓഫിസിലെത്തും. അവിടെ വെച്ച് ആത്മഹത്യ ചെയ്യും’ എന്ന് ബി.എൽ.ഒഫോണിലൂടെ വിളിച്ചു പറയുന്നത് കേൾക്കാം. ‘ഞാൻ മുഴുവൻ വോട്ടർമാരെ നീക്കം ചെയ്യാം. അത് മഹാരാജിനെ തെരഞ്ഞെടുപ്പിൽ സുഖകരമായി വിജയിപ്പിക്കാൻ സഹായിക്കും’ എന്നും ക്ലിപ്പിൽ ബി.ജെ.പി കൗൺസിലർ സുരേഷ് സൈനിയോട് കുമാർ പറയുന്നുണ്ട്.
‘മഹാരാജ്’ എന്നത് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മുസ്‍ലിം ഭൂരിപക്ഷ മണ്ഡലമായ ഹവാ മഹലിൽ നിന്ന് വെറും 974 വോട്ടുകൾക്ക് വിജയിച്ച ബി.ജെ.പി എം.എൽ.എ ബാൽമുകുന്ദ് ആചാര്യയെയാണ് സൂചിപ്പിക്കുന്നത്. ജയ്പൂരിലെ ദക്ഷിണമുഖിജി ബാലാജി ക്ഷേത്രത്തിലെ മുഖ്യ പുരോഹിതനായ ആചാര്യ, മുസ്‍ലിംകളെ ലക്ഷ്യം വെച്ചുള്ള പ്രവൃത്തികളുടെയും പരാമർശങ്ങളുടെയും പേരിൽ ആവർത്തിച്ച് വിവാദത്തിലകപ്പെട്ടയാളാണ്.
ജോലി സമ്മർദ്ദവും എസ്.ഐ.ആർ നടത്തിയ രീതിയും സംബന്ധിച്ച ആരോപണങ്ങൾക്കിടയിലാണ് പുതിയ സംഭവം. ആപ്പ് തകരാറുകൾ മുതൽ അപര്യാപ്തമായ പരിശീലനം വരെയുള്ള ആരോപണങ്ങൾക്കിടയിൽ രാജസ്ഥാനിൽ കുറഞ്ഞത് മൂന്ന് ബി.എൽ.ഒമാരെങ്കിലും മരിച്ചതായാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

