'കേന്ദ്ര ഏജൻസികളുടെ സ്വന്തക്കാരൻ സമീപിച്ചു'; വൻ ആരോപണവുമായി തമിഴ്നാട് സ്പീക്കർ
text_fieldsചെന്നൈ: കേന്ദ്ര അന്വേഷണ ഏജൻസിയുമായി അടുപ്പമുള്ളയാൾ മൂന്നു മാസമായി തന്നെ ഭീഷണിപ്പെടുത്തി വരികയായിരുന്നുവെന്ന ഗൗരവതരമായ ആരോപണവുമായി തമിഴ്നാട് നിയമസഭ സ്പീക്കർ എം. അപ്പാവു. കൈക്കൂലിക്കേസിൽ മധുരയിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉദ്യോഗസ്ഥനെ തമിഴ്നാട് വിജലൻസ് - അഴിമതിവിരുദ്ധ വിഭാഗം വെള്ളിയാഴ്ച അറസ്റ്റ് ചെയ്ത സംഭവത്തോട് പ്രതികരിക്കുകയായിരുന്നു സ്പീക്കർ.
കേന്ദ്ര അന്വേഷണ ഏജൻസികളിൽ കാര്യങ്ങൾ എങ്ങനെയാണ് പോവുന്നതെന്നതിന്റെ സൂചനയാണ് ഇ.ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റെന്നും അപ്പാവു ചൂണ്ടിക്കാട്ടി. ‘ഇ.ഡി ഉദ്യോഗസ്ഥന്റെ അറസ്റ്റ് മാധ്യമങ്ങളിലൂടെയാണ് ഞാൻ അറിഞ്ഞത്. കേന്ദ്ര ഏജൻസികളായ സി.ബി.ഐ, ഇ.ഡി, ആദായനികുതി വിഭാഗം തുടങ്ങിയവ ബി.ജെ.പിയിതര സംസ്ഥാനങ്ങളിലെ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും തങ്ങളുടെ ഇടനിലക്കാർ വഴി ലക്ഷ്യമിടുന്നതെന്ന് എങ്ങനെയെന്ന് ഇത് തെളിയിക്കുന്നു’ -അദ്ദേഹം തിരുെനൽവേലിയിൽ പറഞ്ഞു.
കേന്ദ്ര അന്വേഷണ ഏജൻസിയെ പ്രതിനിധാനംചെയ്യുകയോ അവരുമായി അടുത്ത ബന്ധമുള്ളതോ ആയ വ്യക്തിയിൽനിന്ന് താൻ ഭീഷണിക്ക് വിധേയനായിരുന്നതായും അപ്പാവു ആരോപിച്ചു. ‘ഒരു കേന്ദ്ര ഏജൻസിയുടെ പേരിൽ മൂന്നു മാസമായി അയാൾ എന്നെ ഭീഷണിപ്പെടുത്തിക്കൊണ്ടിരുന്നു. എന്നാൽ, നേരെ വാ നേരെ പോ മട്ടുകാരനായ എന്നോട് കളി വേെണ്ടന്നും എന്റെ കാര്യം ദൈവം നോക്കിക്കോളുമെന്നും അയാൾക്ക് ഞാൻ മുന്നറിയിപ്പു നൽകുകയായിരുന്നു’ -സ്പീക്കർ വിശദീകരിച്ചു. തന്റെ ഫോണുകൾ മാറ്റാനും ഒളിവിൽ പോകാനുമെല്ലാം അയാൾ പറഞ്ഞുവെങ്കിലും ആ വലയിൽ വീണില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇടനിലക്കാർ ആദ്യം ഭീഷണിപ്പെടുത്തുമെന്നും പിന്നെ വിലപേശുമെന്നും വഴങ്ങാൻ തയാറായില്ലെങ്കിൽ അവസാനം നോട്ടീസ് നൽകുമെന്നുമാണ് വെള്ളിയാഴ്ചത്തെ അറസ്റ്റിനോട് ബന്ധപ്പെടുത്തി സ്പീക്കർ പറഞ്ഞതിന്റെ സൂചന. ഒരു സർക്കാർ ഉദ്യോഗസ്ഥനിൽനിന്ന് 20 ലക്ഷം രൂപ കൈക്കൂലി വാങ്ങിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡി ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

