തമിഴ് സിനിമ നിർമാതാക്കളുടെ ഓഫിസിൽ പരിശോധന; 200 കോടി കണ്ടെത്തി
text_fieldsചെന്നൈ: പ്രമുഖ തമിഴ് സിനിമ നിർമാതാക്കളുടെയും വിതരണക്കാരുടെയും വീടുകളിലും സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ 200 കോടിയുടെ അനധികൃത സമ്പാദ്യം കണ്ടെത്തി. കലൈപുലി എസ്.താണു, എസ്. ആർ. പ്രഭു, ജി.എൻ.അൻപുചെഴിയൻ, ജ്ഞാനവേൽ രാജ എന്നിവരുൾപ്പെടെ പത്തോളം തമിഴ് ചലച്ചിത്ര നിർമാതാക്കളുമായും വിതരണക്കാരുമായും ബന്ധപ്പെട്ട ചെന്നൈ, മധുര തുടങ്ങിയ സ്ഥലങ്ങളിലെ നാൽപതിലധികം കേന്ദ്രങ്ങളിലായാണ് മൂന്നു ദിവസം തുടർച്ചയായി പരിശോധന നടത്തിയത്.
റെയ്ഡിൽ 26 കോടിയുടെ പണവും മൂന്നു കോടിയിലധികം രൂപയുടെ സ്വർണവും പിടിച്ചെടുത്തു. തമിഴ് സിനിമയിൽ പണം ചൊരിയുന്ന ജി.എൻ. അൻപുചെഴിയന്‍റെ വസതിയിലും സിനിമ ഓഫിസുകളിലും ഇത് മൂന്നാം തവണയാണ് റെയ്ഡ്. 2020 ഫെബ്രുവരിയിൽ നടൻ വിജയ് നായകനായ 'ബിഗിൽ' റിലീസിന് ശേഷം ചെന്നൈയിലെ അൻപു ചെഴിയന്‍റെ വീട്ടിൽ നടന്ന പരിശോധനയിൽ 77 കോടി രൂപ കണ്ടെടുത്തിരുന്നു.