'ഐ ലവ് യു പപ്പ, എന്നോട് ക്ഷമിക്കണം'; നീറ്റ് പുനഃപരീക്ഷക്ക് ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ വിദ്യാർഥിനി ജീവനൊടുക്കി
text_fieldsറിയാ കുമാരി
ഡെറാഡൂൺ: ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ ദേശീയ മെഡിക്കൽ പ്രവേശന പരീക്ഷയായ 'നീറ്റ്' ഉയർത്തുന്ന കടുത്ത മാനസിക വിഷമത്തെ തുടർന്ന് 24 വയസ്സുകാരിയായ വിദ്യാർഥിനി ജീവനൊടുക്കി. പട്ടേൽ നഗറിലെ വാടകവീട്ടിൽ താമസിച്ച് പഠിക്കുകയായിരുന്ന റിയാ കുമാരിയാണ് പരീക്ഷാ പേടിയെ തുടർന്ന് മുറിയിലെ ഫാനിൽ തൂങ്ങി മരിച്ചത്. വരാനിരിക്കുന്ന ജൂൺ 21ലെ നീറ്റ് പുനഃപരീക്ഷക്കായുള്ള കഠിനമായ തയാറെടുപ്പിലായിരുന്നു റിയ. വിരമിച്ച സൈനിക ഉദ്യോഗസ്ഥനാണ് പെൺകുട്ടിയുടെ പിതാവ്.
ചൊവ്വാഴ്ച രാവിലെ ഏറെ വൈകിയിട്ടും റിയ മുറിയിൽ നിന്ന് പുറത്തിറങ്ങാതിരുന്നതിനെ തുടർന്ന് മാതാപിതാക്കൾ നടത്തിയ പരിശോധനയിലാണ് സംഭവം പുറത്തറിയുന്നത്. സംഭവസ്ഥലത്തുനിന്നും പൊലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തിട്ടുണ്ട്. പരീക്ഷയിലെ കടുത്ത മാനസിക സമ്മർദവും ഭയവുമാണ് കത്തിൽ ഉടനീളം വ്യക്തമാകുന്നത്.
'ഐ ലവ് യു പപ്പ, എന്നോട് ക്ഷമിക്കണം. എന്റെ ഈ തീരുമാനത്തിന് ആരും ഉത്തരവാദികളല്ല. ഇത് മറ്റാരുടെയും തെറ്റല്ല, മറിച്ച് എന്റെ മാത്രം കഴിവുകേടാണ്,' -റിയയുടെ ആത്മഹത്യാക്കുറിപ്പിലെ വാക്കുകൾ സദർ സർക്കിൾ ഓഫിസർ അങ്കിത് കണ്ഡാരി മാധ്യമങ്ങളോട് പറഞ്ഞു.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി പലവിധ പരീക്ഷകൾക്കായി മുറിക്കുള്ളിൽ തന്നെ അടച്ചിരുന്ന് മണിക്കൂറുകളോളം റിയ പഠിക്കുകയായിരുന്നുവെന്ന് പ്രദേശത്തെ പൊലീസ് പോസ്റ്റ് ഇൻ ചാർജ് ജയ്വീർ സിങ് വ്യക്തമാക്കി. തിങ്കളാഴ്ച രാത്രിയും വൈകുവോളം പഠിച്ച ശേഷമാണ് റിയ ഉറങ്ങാൻ പോയത്. ചൊവ്വാഴ്ച രാവിലെ പ്രഭാതഭക്ഷണത്തിന് സമയമായിട്ടും മുറി തുറക്കാത്തതിനെ തുടർന്ന് മാതാപിതാക്കൾ പൊലീസിൽ വിവരമറിയിക്കുകയും വാതിൽ പൊളിച്ച് അകത്തുകടക്കുകയുമായിരുന്നു.
മകളുടെ പെട്ടെന്നുള്ള വിയോഗത്തിൽ തകർന്നുപോയ കുടുംബത്തിന്റെ അഭ്യർഥനപ്രകാരം പോസ്റ്റ്‌മോർട്ടം നടപടികൾ ഒഴിവാക്കി മൃതദേഹം ചൊവ്വാഴ്ച തന്നെ സംസ്കരിച്ചു. കുട്ടിക്ക് പരീക്ഷ എഴുതാൻ മറ്റാരെങ്കിലും ഭാഗത്തുനിന്നും അമിതമായ സമ്മർദമുണ്ടായിരുന്നോ എന്നും, കടുത്ത വിഷാദത്തിലേക്ക് നയിച്ച സാഹചര്യങ്ങളെക്കുറിച്ചും വിശദമായ അന്വേഷണം നടത്തുമെന്ന് സർക്കിൾ ഓഫിസർ അറിയിച്ചു.
ദേശീയ തലത്തിൽ നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് വലിയ വിവാദങ്ങളും പുനഃപരീക്ഷകളും പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, വിദ്യാർത്ഥികൾ അനുഭവിക്കുന്ന കടുത്ത മാനസിക സംഘർഷങ്ങളുടെ ഒടുവിലത്തെ ഉദാഹരണമായി മാറിയിരിക്കുകയാണ് റിയയുടെ ഈ അന്ത്യം.
(ശ്രദ്ധിക്കുക: ജീവിതത്തിൽ ആത്മഹത്യ ഒന്നിനും പരിഹാരമല്ല. പ്രതിസന്ധികളെ അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ പ്രശ്നങ്ങളിൽ വിദഗ്ധരുടെ സഹായം തേടുക. Toll free helpline number: 1056, 0471-2552056)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

