ഐ ലവ് മുഹമ്മദ്: തൗഖീർ റാസയുടെ സുഹൃത്തിന്റെ ഓഡിറ്റോറിയം തകർത്തു
text_fieldsബറേലി: യു.പിയിലെ ബറേലിയിൽ നബിദിനത്തോടനുബന്ധിച്ച് ‘ഐ ലവ് മുഹമ്മദ്’ കാമ്പയിന് നേതൃത്വം നൽകിയതിന്റെ പേരിൽ അറസ്റ്റിലായ പ്രമുഖ ഇസ്ലാമിക പണ്ഡിതനും ഇത്തിഹാദെ മില്ലത്ത് കൗൺസിൽ നേതാവുമായ തൗഖീർ റാസയുടെ അനുയായികൾക്കും സുഹൃത്തുക്കൾക്കും നേരെയുള്ള യോഗി സർക്കാറിന്റെ വേട്ട തുടരുന്നു.
തൗഖീറിന്റെ സുഹൃത്ത് ഡോ. നഫീസിന്റെ ഉടമസ്ഥതയിലുള്ള ‘റാസാ പാലസ്’ എന്ന ഓഡിറ്റോറിയം ബറേലി ഡെവലപ്മെന്റ് അതോറിറ്റി (ബി.ഡി.എ) ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തി. നിയമം ലംഘിച്ചാണ് ഓഡിറ്റോറിയം നിർമിച്ചതെന്നാണ് അധികൃതരുടെ വാദം. എന്നാൽ, ഇക്കാര്യത്തിൽ ഡോ. നഫീസിന്റെ വിശദീകരണം തേടുംമുമ്പേ നടപടി സ്വീകരിക്കുകയായിരുന്നു. ഐ ലവ് മുഹമ്മദ് കാമ്പയിൻ നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഡോ. നഫീസിനെയും പ്രതിചേർത്തിട്ടുണ്ട്. നേരത്തേ, തൗഖീർ റാസയുടെ അടുത്ത അനുയായികളടക്കം നൂറിലധികം പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
‘ഐ ലവ് മുഹമ്മദ്‘ പോസ്റ്റർ: യു.പിയിൽ അഞ്ചുപേർ അറസ്റ്റിൽ
മീറത്ത് (യു.പി): മീറത്തിൽ ‘ഐ ലവ് മുഹമ്മദ്‘ പോസ്റ്റർ പതിച്ചതിന് അഞ്ചുപേർ അറസ്റ്റിൽ. മവാന ടൗണിലെ പ്രധാന കവലയിൽ വെള്ളിയാഴ്ച രാത്രിയാണ് പോസ്റ്റർ പതിച്ചതെന്ന് പൊലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ ചിലർ പോസ്റ്ററിനെതിരെ പ്രതിഷേധിച്ചിരുന്നു. ഇദ്രിഷ്, തസ്ലീം, റിഹാൻ, ഗൾഫാം, ഹാറൂൺ എന്നിവർക്കെതിരെയാണ് കേസെടുത്തതെന്ന് മവാന സ്റ്റേഷൻ ഹൗസ് ഓഫിസർ പൂനം ജാദോൺ പറഞ്ഞു. വിവാദത്തെത്തുടർന്ന് പോസ്റ്ററുകൾ നീക്കി. സ്ഥലത്ത് കൂടുതൽ പൊലീസ് സേനയെ വിന്യസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

