‘‘ആ മുറിവുകളുമായാണ് ഞാൻ ഇന്നും ജീവിക്കുന്നത്’’; എയർ ഇന്ത്യ ദുരന്തത്തിന് ഒരു വർഷം തികയുമ്പോൾ നീതി തേടി രക്ഷപ്പെട്ട ഏക വ്യക്തി
text_fieldsവിശ്വാഷ് കുമാർ രമേഷ്
അഹ്മദാബാദ്: രാജ്യത്തെ നടുക്കിയ അഹ്മദാബാദ് വിമാനാപകടത്തിന് ഒരാണ്ട്. 260 പേരുടെ ജീവനപഹരിച്ച എയർ ഇന്ത്യ AI-171 വിമാനാപകടം നടന്ന് ഒരു വർഷം തികയുമ്പോഴും ദുരന്തത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ വെളിപ്പെടുത്താൻ അധികൃതർ തയാറാകണമെന്ന് ആവശ്യപ്പെട്ട് ദുരന്തത്തിലെ ഏക അതിജീവിതൻ വിശ്വാഷ് കുമാർ രമേഷ് രംഗത്ത്. അപകടത്തിന്റെ ആഘാതം തന്നെ ശാരീരികമായും മാനസികമായും സാമ്പത്തികമായും ഇപ്പോഴും വേട്ടയാടുകയാണെന്ന് അദ്ദേഹം പറഞ്ഞു. കേവലം ഒരു ദിവസം കൊണ്ട് തീരുന്നതല്ല ഇത്തരം ദുരന്തങ്ങളുടെ ആഘാതമെന്ന് 'ദി ഇൻഡിപെൻഡന്റ്' പത്രത്തിന് നൽകിയ അഭിമുഖത്തിൽ വിശ്വാഷ് വ്യക്തമാക്കി.
"പലരും വിചാരിക്കുന്നത് ദുരന്തം നടന്ന ആ ദിവസം കൊണ്ട് എല്ലാം അവസാനിച്ചെന്നാണ്. എന്നാൽ മാനസികമായി ഏറ്റ ആഴത്തിലുള്ള മുറിവുകളുമായാണ് ഞാൻ ഇന്നും ജീവിക്കുന്നത്. എനിക്ക് എന്റെ സഹോദരനെ നഷ്ടപ്പെട്ടു. ഈ ദുരന്തം എങ്ങനെ, എന്തിനാണ് സംഭവിച്ചത് എന്നതിനെക്കുറിച്ച് ഇന്നും അധികൃതരുടെ പക്കൽ കൃത്യമായ മറുപടിയില്ല."വിശ്വാഷ് കുമാർ പറഞ്ഞു. 2025 ജൂൺ 12നായിരുന്നു അഹ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പറന്നുയർന്ന ഉടനെ എയർ ഇന്ത്യയുടെ ബോയിങ് 787 ഡ്രീംലൈനർ വിമാനം തകർന്നുവീണത്. അപകടത്തിൽ വിശ്വാഷിന്റെ സഹോദരൻ അജയും കൊല്ലപ്പെട്ടിരുന്നു.
ബാധിക്കപ്പെട്ട എല്ലാ കുടുംബങ്ങൾക്കും വേണ്ടത് സത്യസന്ധതയും സുതാര്യതയും വ്യക്തമായ മറുപടികളുമാണെന്ന് വിശ്വാഷ് കൂട്ടിച്ചേർത്തു. അപകടത്തെക്കുറിച്ച് അന്വേഷിക്കുന്ന എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ പ്രാഥമിക റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അന്തിമ റിപ്പോർട്ട് ഇതുവരെ പുറത്തുവിട്ടിട്ടില്ല. വിമാനം പറന്നുയർന്ന ഉടൻ തന്നെ എഞ്ചിനുകളിലേക്കുള്ള ഇന്ധന വിതരണം തടസ്സപ്പെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക കണ്ടെത്തൽ.
അപകടത്തിന് ശേഷം ഗുരുതരമായ ശാരീരിക-മാനസിക ബുദ്ധിമുട്ടുകൾ നേരിടുന്നതിനാൽ വിശ്വാഷിന് ജോലിക്ക് പോകാൻ സാധിക്കുന്നില്ല. ഇതേത്തുടർന്ന് ഭാര്യയും അഞ്ച് വയസ്സുകാരനായ മകനുമടങ്ങുന്ന കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. നിലവിൽ എയർ ഇന്ത്യയിൽ നിന്നും ധനസഹായമായി ലഭിച്ച 25 ലക്ഷം രൂപ മാത്രമാണ് ഇവർക്ക് ആശ്രയം. ഇതിനെതിരെ വിശ്വാഷിന്റെ നിയമസംഘം സിവിൽ നടപടികളുമായി മുന്നോട്ട് പോകുകയാണ്.
എന്നാൽ അപകടത്തിൽപ്പെട്ടവരെയും അവരുടെ കുടുംബങ്ങളെയും സഹായിക്കാൻ എയർ ഇന്ത്യ പൂർണ്ണമായും പ്രതിജ്ഞാബദ്ധമാണെന്ന് കമ്പനി വക്താവ് അറിയിച്ചു. അന്തിമ നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും, തുക കൈപ്പറ്റാൻ കുടുംബങ്ങൾക്ക് മേൽ യാതൊരുവിധ സമയപരിധിയോ സമ്മർദമോ ചെലുത്തുന്നില്ലെന്നും എയർ ഇന്ത്യ വ്യക്തമാക്കി. ഇന്ത്യൻ വ്യോമയാന ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നായ AI-171 അപകടത്തിന്റെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും അന്തിമ റിപ്പോർട്ട് ഉടൻ പുറത്തുവിടുമെന്നുമാണ് സർക്കാർ വൃത്തങ്ങൾ നൽകുന്ന സൂചന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

