'മോദിയുടെ റീൽസുകൾ കാണുമ്പോൾ വിഷമം തോന്നും'; വിമർശനവുമായി അഖിലേഷ് യാദവ്
text_fieldsഅഖിലേഷ് യാദവ്
ലഖ്നോ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഇൻസ്റ്റാഗ്രാം റീൽസുകളെ പരിഹസിച്ച് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. പ്രധാനമന്ത്രിയെപ്പോലൊരു വ്യക്തിയെക്കൊണ്ട് റീൽസുകൾ ചെയ്യിക്കുന്നത് ദൗർഭാഗ്യകരമാണെന്നും ഇത്തരം റീലുകൾ കാണുമ്പോൾ വിഷമം തോന്നുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. അതേസമയം, രാമക്ഷേത്ര സംഭാവന തിരിമറിയുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ ബി.ജെ.പി മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബി.ജെ.പി എന്നാൽ 'ഭ്രഷ്ട്' (അഴിമതി), 'ജുൽ' (പീഡനം), 'പാപ്' (പാപം) എന്നിവയാണെന്നും അഖിലേഷ് യാദവ് പറഞ്ഞു. ഉത്തർപ്രദേശിലെ എല്ലാ പ്രതിസന്ധികളും അവസാനിക്കണമെങ്കിൽ ബി.ജെ.പി അധികാരത്തിൽ നിന്ന് പുറത്താക്കപ്പെടണമെന്നും അദ്ദേഹം വ്യക്തമാക്കി. ലഖ്നോവിലെ പാർട്ടി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ബി.ജെ.പി സർക്കാർ അധികാരത്തിൽ വന്നതിനുശേഷം നിർമ്മിച്ച എക്സ്പ്രസ് വേകൾ പോലും അഴിമതിയുടെ ഇരകളായി മാറിയെന്ന് അഖിലേഷ് യാദവ് ആരോപിച്ചു. ലഖ്നോ-കാൺപൂർ, ബുന്ദേൽഖണ്ഡ്, പൂർവാഞ്ചൽ എക്സ്പ്രസ് വേകൾ ഇതിന് ഉദാഹരണമാണ്. ഭരണകക്ഷിയുമായി ബന്ധമുള്ള ഭൂമാഫിയകൾ സംസ്ഥാനത്തുടനീളമുള്ള പ്രധാന കുളങ്ങളും മറ്റ് ഭൂമികളും കയ്യേറിയിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, ഡൽഹി ജന്തർമന്തറിൽ പ്രതിഷേധിക്കുന്ന യുവാക്കൾക്കെതിരെ നടന്ന അതിക്രമങ്ങളെ അദ്ദേഹം ശക്തമായി അപലപിച്ചു. ആരുടെ ഉത്തരവ് പ്രകാരമാണ് പൊലീസ് ലാത്തിച്ചാർജ് നടത്തിയതെന്ന് സർക്കാർ അറിവില്ലെന്ന് നടിക്കുമ്പോൾ, ആരുടെ നിർദ്ദേശപ്രകാശമാണ് ഉദ്യോഗസ്ഥർ പ്രവർത്തിച്ചതെന്ന് പൊലീസുകാർക്ക് നന്നായി അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഭരണകക്ഷിയുടെ താൽപ്പര്യപ്രകാരം അനീതി പ്രവർത്തിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ ഭാവിയിൽ നിയമനടടികൾ നേരിടേണ്ടി വരുമ്പോൾ ബി.ജെ.പി അവരുടെ കൂടെ നിൽക്കില്ലെന്നും അഖിലേഷ് യാദവ് മുന്നറിയിപ്പ് നൽകി.
പാർലമെന്റ് വളപ്പിൽ നടന്ന നാടകവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾക്കെതിരെ കേസെടുത്തതിനെയും അദ്ദേഹം ചോദ്യം ചെയ്തു. രാഷ്ട്രീയ പരിപാടികൾക്കിടയിൽ ഹിന്ദു ദൈവമായ ഹനുമാനെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ ചിത്രീകരിച്ചവർക്കെതിരെ ഇതുവരെ കേസെടുക്കാത്തത് എന്തുകൊണ്ടാണെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ മാസം ബി.ജെ.പി ദേശീയ അധ്യക്ഷന്റെ സന്ദർശനത്തിനിടയിൽ ഹനുമാന്റെ വേഷം ധരിച്ച് നൃത്തം ചെയ്ത സംഭവത്തെയാണ് അദ്ദേഹം ഇതിലൂടെ ഉദ്ദേശിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

