‘‘ഞാൻ ഒരു പദവിയും ആഗ്രഹിക്കുന്നില്ല; ലക്ഷ്യം ബി.ജെ.പി സർക്കാറിന്റെ പതനം, റെക്കോഡ് പോളിങ്ങിൽ തൃണമൂൽ വിജയം ഉറപ്പിച്ചു’’ -മമത ബാനർജി
text_fieldsകൊൽക്കത്ത: പശ്ചിമ ബംഗാൾ നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ രേഖപ്പെടുത്തിയ റെക്കോഡ് പോളിങ് തൃണമൂൽ കോൺഗ്രസിന്റെ ഉജ്ജ്വല വിജയത്തിന്റെ സൂചനയാണെന്ന് മുഖ്യമന്ത്രി മമത ബാനർജി. ആദ്യഘട്ട വോട്ടെടുപ്പ് പൂർത്തിയാകുമ്പോൾ തന്നെ തൃണമൂൽ അധികാരം നിലനിർത്തുമെന്ന് വ്യക്തമായെന്നും മമത പറഞ്ഞു. കൊൽക്കത്തയിലെ ബൗ ബസാർ ഏരിയയിൽ നടന്ന തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു മമത.
ബംഗാൾ വിജയം നിലനിർത്തിയതിനുശേഷം ദേശീയ രാഷ്ട്രീയത്തിൽ ബി.ജെ.പിക്കെതിരെ പ്രതിപക്ഷ ഐക്യം കെട്ടിപ്പടുക്കുമെന്നും കേന്ദ്രത്തിലെ സംഘ്പരിവാർ ഭരണത്തിന് അന്ത്യം കുറിക്കുമെന്നും മമത പ്രഖ്യാപിച്ചു.
"എനിക്ക് പദവികളോട് താൽപര്യമില്ല, കസേര ആഗ്രഹിക്കുന്നുമില്ല. ഡൽഹിയിലെ ബി.ജെ.പി സർക്കാറിന്റെ പതനമാണ് എന്റെ ലക്ഷ്യം. ബംഗാൾ വിജയത്തിന് ശേഷം എല്ലാ പ്രതിപക്ഷ പാർട്ടികളെയും ഒരുമിച്ച് നിർത്തി ഡൽഹി പിടിച്ചെടുക്കും," മമത പറഞ്ഞു. ജനമനസ്സ് വായിക്കാൻ തനിക്ക് സാധിക്കുമെന്നും തൃണമൂലിന്റെ വിജയം ഇതിനകം ഉറപ്പാക്കിയെന്നും അവർ കൂട്ടിച്ചേർത്തു.
പശ്ചിമ ബംഗാളിൽ വ്യാഴാഴ്ച നടന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തിൽ 152 മണ്ഡലങ്ങളിലായി വൈകീട്ട് അഞ്ച് വരെ 89.93 ശതമാനം പോളിങ് രേഖപ്പെടുത്തി. 16 ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന 294 അംഗ നിയമസഭയിലെ പകുതിയിലധികം സീറ്റുകളിലും ഇതോടെ പോളിങ് പൂർത്തിയായി. 3.60 കോടി വോട്ടർമാരാണ് ഈ ഘട്ടത്തിൽ വിധിയെഴുതുന്നത്. അതിശക്തമായ സുരക്ഷ സന്നാഹങ്ങൾക്കിടയിൽ രാവിലെ ഏഴ് മണിയോടെയാണ് വോട്ടെടുപ്പ് ആരംഭിച്ചത്. ചുരുക്കം ചിലയിടങ്ങളിൽ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകൾ തകരാറിലായത് വോട്ടെടുപ്പിനെ നേരിയ തോതിൽ ബാധിച്ചെങ്കിലും ഉദ്യോഗസ്ഥർ ഉടൻ തന്നെ പരിഹാരം കണ്ടു. വോട്ടെടുപ്പിന്റെ അടുത്ത ഘട്ടം ഏപ്രിൽ 29നാണ് നടക്കുന്നത്. മെയ് നാലിനാണ് വോട്ടെണ്ണൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

