രാഷ്ട്രീയത്തിൽ ചേർന്നത് ജനങ്ങളെ സഹായിക്കാനെന്ന് യോഗി ആദിത്യനാഥ്
text_fieldsലക്നൗ: ഗോരഖ്പുരിൽ മാഫിയകളുടെ അഴിഞ്ഞാട്ടം നടക്കുന്ന കാലത്താണ് ജനങ്ങളെ സഹായിക്കാനായി രാഷ്ടീയത്തിൽ ചേർന്നതെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. 1994 ലെ സംഭവങ്ങൾ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പങ്കുവെക്കുമ്പോഴാണ് യോഗി തന്‍റെ രാഷ്ട്രീയ പ്രവേശനത്തെ കുറിച്ച് പറഞ്ഞത്.
''94-95 കാലഘട്ടത്തിൽ ഗോരഖ്പുരിലെ അറിപ്പെടുന്ന ഒരു കുടുംബത്തിന്‍റെ അധീനതയിലായിരുന്ന രണ്ട് ഹവേലികൾ മാഫിയ സംഘം കൈവശപ്പെടുത്തിയപ്പോൾ ഉടമസ്ഥർ ഇരു കെട്ടിടങ്ങളും ഉടൻ പൊളിച്ചുമാറ്റി. അടുത്ത ദിവസം വിവരമന്വേഷിക്കാൻ കുടുംബത്തെ സമീപിച്ചപ്പോൾ ഭൂമിയെങ്കിലും തങ്ങൾക്ക് ലഭിക്കുമല്ലോ എന്നോർത്താണ് കെട്ടിടങ്ങൾ നീക്കം ചെയ്തതെന്നായിരുന്നു മറുപടി.
'മറ്റൊരു ധനികൻ തന്നെ വിളിച്ച് അദ്ദേഹത്തിന്‍റെ വീട് അനധികൃതമായി ഒരു മന്ത്രി കൈവശപ്പെടുത്തിയതായി അറിയിച്ചു. ഉടൻ തന്നെ സംഭവ സ്ഥലത്തെത്തി അവരോട് കാര്യമന്വേഷിക്കുകയും ഉടമസ്ഥൻ മറ്റൊരാൾക്ക് അധീനപ്പെടുത്തിയിട്ടില്ലാത്ത കെട്ടിടം എങ്ങനെ അനധികൃതമായി ഉപയോഗിക്കാൻ കഴിയുമെന്നും ചോദിച്ചു. പുറത്ത് ജനങ്ങൾ നോക്കിയിരിക്കുന്നുണ്ടായിരുന്നെങ്കിലും ആരും പ്രതികരിച്ചിരുന്നില്ല. ആളുകളോട് അവരെ അടിച്ചൊതുക്കാൻ ഞാൻ ആവശ്യപ്പെട്ടു'' -യോഗി പറഞ്ഞു. ഇത്തരത്തിൽ ജനങ്ങൾ നേരിട്ടിരുന്ന പ്രശ്നങ്ങളിൽ നിന്ന് അവരെ മോചിതരാക്കാൻ വേണ്ടിയാണ് രാഷ്ടീയത്തിൽ ചേർന്നതെന്ന് യോഗി വെളിപ്പെടുത്തി.
പിന്നീടൊരിക്കലും ഉത്തർ പ്രദേശിൽ സമാന സംഭവങ്ങൾ ഉണ്ടായിട്ടില്ലെന്നും നിയമവിരുദ്ധമായി എന്തെങ്കിലും ചെയ്താൽ പരിണിതഫലം അനുഭവിക്കേണ്ടി വരുമെന്ന് കുറ്റവാളികൾക്ക് നന്നായറിയാമെന്നും യോഗി കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

