ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവായിരുന്ന സമയത്ത് മോദി സർക്കാറിനെ വിമർശിക്കുന്നത് തന്‍റെ ജോലിയായിരുന്നുവെന്ന് നടി ഖുശ്ബു. കോണ്‍ഗ്രസില്‍ നിന്നും രാജി വെച്ച് ബി.ജെ.പിയില്‍ അംഗത്വം നേടിയതിനു പിന്നാലെ ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ഖുശ്ബുവിന്റെ പ്രതികരണം.
ബി.ജെ.പിക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കുമെതിരെ നേരത്തെ നടത്തിയ വിമര്‍ശനങ്ങള്‍ ചൂണ്ടിക്കാണിച്ചു കൊണ്ട് തനിക്കെതിരെ ഉയരുന്ന ട്രോളുകളെല്ലാം പെയ്ഡ് ആണെന്ന് ഖുശ്ബു പറഞ്ഞു.
' ട്വിറ്ററില്‍ ഉള്ളവരല്ല യഥാര്‍ത്ഥത്തില്‍ വോട്ട് ചെയ്യുന്നത്. ഇവര്‍ക്കെല്ലാം പണം നല്‍കുകയാണ്. അവര്‍ക്ക് പേരുകളില്ല, ഐഡന്‍ന്റിറ്റിയില്ല. ഞാനിതിനെ തീരെ പരിഗണിക്കുന്നില്ല. ഞാൻ നേരത്തേ നടത്തിയ വിമര്‍ശനങ്ങളെ തള്ളിപ്പറയുന്നില്ല. പ്രതിപക്ഷത്തുള്ള ഒരു പ്രധാന വ്യക്തിയെന്ന നിലയില്‍ കേന്ദ്രത്തെ വിമർശിക്കുന്നതും സ്വന്തം പാർട്ടിയോട് കൂറ് പുലർത്തുന്നതും ജോലിയായിരുന്നുവെന്നും ഖുശ്ബു പറഞ്ഞു.
പി.എം. കെയര്‍, ഫണ്ട്, റഫേല്‍ തുടങ്ങിയ വിഷയങ്ങൾ എല്ലാം സുപ്രീംകോടതി ക്ലിയർ ചെയ്തതാണ്. ബി.ജെ.പി നേതാക്കളുടെ ഒരു ഗുണം അവരുടെ മേല്‍ അഴിമതിയുടെ കറ പുരണ്ടിട്ടില്ല എന്നതാണെന്നും ഖുശ്ബു പറഞ്ഞു.
പ്രതിപക്ഷത്ത് നില്‍ക്കുമ്പോള്‍ പി.എം. കെയര്‍, ഫണ്ട്, റഫേല്‍ തുടങ്ങി അങ്ങനെ പലതും പറഞ്ഞിട്ടുണ്ടാവും. സുപ്രീം കോടതി എല്ലാ കേസുകളും ക്ലിയര്‍ ചെയ്തിട്ടുണ്ട്. പാര്‍ട്ടിയിലെ ഒരു നേതാവിനെതിരെയും ഒരു ആരോപണം പോലും ഇല്ല. ഞാന്‍ തീര്‍ച്ചയായും അത് വിശ്വസിക്കുന്നു,' ഖുശ്ബു പറഞ്ഞു.
അഭിമുഖത്തിലുടനീളം ഖുശ്ബു പ്രധാനമന്ത്രി നേരന്ദ്രമോദിയെ പുകഴ്ത്തി. അദ്ദേഹത്തിന്‍റെ കാഴ്ചപ്പാട് ഇന്ത്യയെ നയിക്കാൻ പര്യാപ്തമാണെന്നും അവർ പറഞ്ഞു.