ന്യൂഡൽഹി: കാർഷികബിൽ പാസാക്കുന്നതിനിടെ രാജ്യസഭയിലുണ്ടായ പ്രതിപക്ഷ പ്രതിഷേധത്തിനെതിരെ കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. കർഷകരെ ആശയക്കുഴപ്പത്തിലാക്കുകയാണ് പ്രതിപക്ഷത്തിന്‍റെ ലക്ഷ്യമെന്ന് രാജ്‌നാഥ് സിങ് കുറ്റപ്പെടുത്തി. രാജ്യസഭയില്‍ നടന്ന സംഭവങ്ങളെ അദ്ദേഹം അപലപിച്ചു.
ബില്ലുകള്‍ പാസാക്കാനായി സഭ ചേരുന്ന സമയം നീട്ടിയതില്‍ പ്രകോപിതരായ പ്രതിപക്ഷം മുദ്രാവാക്യം മുഴക്കി ഉപാധ്യക്ഷനുനേരെ പാഞ്ഞടുത്തിരുന്നു. കയ്യാങ്കളിക്കിടെ മൈക്ക് തട്ടിപ്പറിക്കുകയും ചെയ്തു. ഇതിനെതിരെ ബി.ജെ.പി നേതാക്കൾ രൂക്ഷ വിമർശനവുമായാണ് രംഗത്ത് വന്നത്.
'താനുമൊരു കർഷകനാണ്. കർഷകരെ സർക്കാർ വേദനിപ്പിക്കില്ല. ഞായറാഴ്ച നടന്ന സംഭവം സൂചിപ്പിക്കുന്നത് രാജ്യസഭയുടെ അന്തസ്സ് കാക്കുന്നതില്‍ പ്രതിപക്ഷം പരാജയപ്പെട്ടുവെന്നാണെന്നും രാജ്നാഥ് സിങ് ചൂണ്ടിക്കാട്ടി. പ്രതിപക്ഷത്തിന്‍റേത് ജനാധിപത്യത്തിനു ഹിതകരമല്ലാത്ത നടപടിയാണ്. രാജ്യസഭ ഉപാധ്യക്ഷനെതിരായ മോശം പെരുമാറ്റം അപലനീയമാണ്. സഭയുടെ ചരിത്രത്തിൽ ഒരിക്കലും നടക്കാത്ത കാര്യമാണിത്' -അദ്ദേഹം കൂട്ടിച്ചേർത്തു.
ടി.എം.സി എം.പി ഡെറിക് ഒബ്രിയാന്‍, കോൺഗ്രസ് എം.പി റിപുൺ ബോറ, എ.എ.പി എം.പി സഞ്ജയ് സിങ്, ഡി.എം.കെ എം.പി തിരുച്ചി ശിവ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിപക്ഷ പ്രതിഷേധം. ഡെപ്യൂട്ടി ചെയർമാൻ ഹരിവൻഷിന്‍റെ ഡയസിലേക്ക് മുദ്രാവാക്യം മുഴക്കി ഇരച്ചുകയറിയ ഇവർ മൈക്ക് തട്ടിത്തെറിപ്പിക്കുകയും പേപ്പർ കീറി എറിയുകയും ചെയ്തു.
ബഹളത്തിനിടെ പത്തുമിനിറ്റ് സഭ നിര്‍ത്തിവെച്ചിരുന്നു. ശേഷം പ്രതിപക്ഷ ഭേദഗതി നിര്‍ദേശങ്ങള്‍ ശബ്ദവോട്ടോടെ തള്ളുകയായിരുന്നു. പിന്നീട് നടുത്തളത്തിലിറങ്ങി മറ്റു പ്രതിപക്ഷ അംഗങ്ങള്‍ പ്രതിഷേധ മുദ്രാവാക്യങ്ങള്‍ മുഴക്കുകയായിരുന്നു.