‘ഞാന്‍ ഒരു ദലിതനാണ്’; കോക്രോച്ച് ജനതാ പാര്‍ട്ടി സ്ഥാപകന്‍ അഭിജീത് ദീപ്‌കെക്കെതിരെ ജാതി അധിക്ഷേപം
text_fieldsന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയില്‍ തരംഗമായ ‘കോക്രോച്ച് ജനതാ പാര്‍ട്ടി’ സ്ഥാപകന്‍ അഭിജീത് ദീപ്‌കെക്കെതിരെ സമൂഹമാധ്യമങ്ങളിൽ കടുത്ത ജാതി അധിക്ഷേപം. താന്‍ ഒരു ദലിത് വിഭാഗക്കാരനാണെന്ന് കഴിഞ്ഞ ദിവസം എക്സ് പ്ലാറ്റ്‌ഫോമിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് അഭിജീത് സൈബര്‍ ഇടങ്ങളില്‍ വലിയ തോതിലുള്ള ജാതി അധിക്ഷേപം നേരിടുന്നത്.
യു.എസിലെ ബോസ്റ്റണ്‍ യൂനിവേഴ്‌സിറ്റിയില്‍ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ഥിയാണ് മുപ്പതുകാരനായ അഭിജീത്. സാമൂഹിക നീതിയെക്കുറിച്ചും ദലിത് മുന്നേറ്റങ്ങളെക്കുറിച്ചും പാര്‍ട്ടിക്ക് എന്താണ് പറയാനുള്ളതെന്ന ചോദ്യത്തിന്, ‘ഞാന്‍ ഒരു ദലിതനാണ്, അത് നിങ്ങളുടെ ചോദ്യത്തിനുള്ള ഉത്തരമാകുമെന്ന് കരുതുന്നു’ എന്നായിരുന്നു അഭിജീത് ദീപ്‌കെയുടെ മറുപടി. ഈ തുറന്നുപറച്ചിലിന് പിന്നാലെയാണ് അഭിജീതിനെ അധിക്ഷേപിച്ച് ഒരു വിഭാഗം രംഗത്തെത്തിയത്.
മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എഴുത്തുകാരിയും സംവിധായികയുമായ അനുരാധ തിവാരി, ‘സ്വയം പ്രഖ്യാപിത ജനറേഷന്‍ ഇസഡ് നേതാവ് മെറിറ്റിന് എതിരാണ്’ എന്ന് കുറിച്ചുകൊണ്ടാണ് അധിക്ഷേപത്തിന് തുടക്കമിട്ടത്. ‘ആ ഗയ ഡി കാര്‍ഡ് (ദലിത് കാര്‍ഡ് എത്തി)’ എന്നായിരുന്നു മറ്റൊരു പ്രമുഖ എക്സ് അക്കൗണ്ടായ സാസി സോളിന്റെ പരിഹാസം. അമ്പതിനായിരത്തോളം ഫോളോവേഴ്‌സുള്ള ഒരു അക്കൗണ്ട് അശ്ലീല ഭാഷയിലാണ് അഭിജീതിനെതിരെ പോസ്റ്റിട്ടത്.
അതേസമയം, അഭിജീതിനെതിരെയുള്ള ഈ ക്രൂരമായ സൈബര്‍ ആക്രമണത്തെ അപലപിച്ച് വലിയൊരു വിഭാഗം സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. സവര്‍ണ വിഭാഗക്കാര്‍ക്ക് ദലിതരോടുള്ള കടുത്ത വിദ്വേഷമാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് പലരും ചൂണ്ടിക്കാട്ടി. ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കളെ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ‘പാറ്റകള്‍’ എന്നും ‘പരാദങ്ങള്‍’ എന്നും വിളിച്ചതിന് പിന്നാലെയാണ് കഴിഞ്ഞ ആഴ്ച അഭിജീത് ഈ പാര്‍ട്ടിക്ക് രൂപം നല്‍കിയത്. മാധ്യമങ്ങള്‍ തന്റെ വാക്കുകളെ തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചീഫ് ജസ്റ്റിസ് പിന്നീട് വിശദീകരിച്ചിരുന്നുവെങ്കിലും, സോഷ്യല്‍ മീഡിയയില്‍ ഇത് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. ഈ പശ്ചാത്തലത്തിലാണ് തങ്ങളെല്ലാവരും ‘പാറ്റകള്‍’ ആണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മുന്നോട്ട് വരാന്‍ അഭിജീത് ജനങ്ങളോട് ആഹ്വാനം ചെയ്തതും കോക്രോച്ച് ജനതാ പാര്‍ട്ടി എന്ന പേരില്‍ ഒരു ഡിജിറ്റല്‍ കൂട്ടായ്മ ആരംഭിച്ചതും.
തുടക്കത്തില്‍ വെറുമൊരു പരിഹാസമായി ആരംഭിച്ച ഈ കൂട്ടായ്മ നിമിഷനേരം കൊണ്ടാണ് വലിയൊരു ഓണ്‍ലൈന്‍ രാഷ്ട്രീയ പ്രസ്ഥാനമായി മാറിയത്. ലക്ഷക്കണക്കിന് ആളുകളാണ് പാര്‍ട്ടിയുടെ വെബ്‌സൈറ്റില്‍ അംഗത്വമെടുത്തത്. ഇതിനോടകം സി.ജെ.പിയുടെ ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്‌സിന്റെ എണ്ണം 1.6 കോടി കടന്നു. പ്രസ്ഥാനത്തിന്റെ ജനപ്രീതി കുതിച്ചുയര്‍ന്നതോടെ ഈ രാഷ്ട്രീയ കൂട്ടായ്മയുടെ എക്സ് അക്കൗണ്ട് ഇന്ത്യയില്‍ റദ്ദാക്കിയിരുന്നു.
പ്രസ്ഥാനം വലിയ തരംഗമായതോടെ ഒറ്റയ്ക്ക് ഒരു പ്രകടനപത്രിക തയ്യാറാക്കിയ അഭിജീത്, പാര്‍ട്ടിക്ക് ഒരു ഔദ്യോഗിക ഗാനവും പുറത്തിറക്കിയിരുന്നു. പാര്‍ലമെന്റ് അംഗങ്ങളായ മഹുവ മൊയ്ത്ര, കീര്‍ത്തി ആസാദ് തുടങ്ങിയ പ്രമുഖ രാഷ്ട്രീയ നേതാക്കള്‍ പോലും കോക്രോച്ച് ജനതാ പാര്‍ട്ടിക്ക് പിന്തുണയുമായി രംഗത്തെത്തി. പ്രസ്ഥാനം വെറുമൊരു സോഷ്യല്‍ മീഡിയ തമാശയായി അവശേഷിക്കുമോ അതോ യാഥാര്‍ത്ഥ്യത്തിലേക്ക് കടക്കുമോ എന്ന ചോദ്യങ്ങളും പല കോണിൽ നിന്നും ഉയർന്നിരുന്നു. സോഷ്യല്‍ മീഡിയയിലെ പ്രമുഖ അക്കൗണ്ടായ ‘ഷട്ട് അപ്പ് കൗണ്‍സല്‍’ ദളിത് വിഷയങ്ങളിലും സംവരണ കാര്യത്തിലും കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ നിലപാട് എന്താണെന്ന് ചോദ്യം ചെയ്തതോടെയാണ് ചര്‍ച്ചകളുടെ ഗതി മാറിയത്.
യുവതലമുറയ്ക്ക് നിലവിലുള്ള രാഷ്ട്രീയ പാര്‍ട്ടികളിലുള്ള വിശ്വാസം നഷ്ടപ്പെട്ടിരിക്കുകയാണെന്നും, സി.ജെ.പി വെറുമൊരു തമാശയല്ലെന്നും അഭിജീത് ദീപ്‌കെ വ്യക്തമാക്കി. ഭരണപക്ഷത്തിലും പ്രതിപക്ഷത്തിലും ഒരേപോലെ പ്രതീക്ഷ നഷ്ടപ്പെട്ട യുവാക്കള്‍ പ്രസ്ഥാനവുമായി മുന്നോട്ട് പോകാനാണ് തന്നോട് ആവശ്യപ്പെടുന്നത്. യുവാക്കളെ രാഷ്ട്രീയമായി സജീവമാക്കാനും, വിവരാവകാശ നിയമം (ആർ.ടി.ഐ) അടക്കമുള്ള മാര്‍ഗ്ഗങ്ങളിലൂടെ സര്‍ക്കാരുകളെ ചോദ്യം ചെയ്യാന്‍ അവരെ പ്രാപ്തരാക്കാനുമുള്ള ഒരു വലിയ ഓണ്‍ലൈന്‍ പ്രസ്ഥാനമായി കോക്രോച്ച് ജനതാ പാര്‍ട്ടിയെ മാറ്റാനാണ് തന്റെ തീരുമാനമെന്നും അഭിജീത് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

