'ബി.ജെ.പിക്കാരേ... വരാൻ പോകുന്നത് ഹൈഡ്രജൻ ബോംബ്, മോദിക്ക് മുഖം പുറത്ത് കാണിക്കാനാവില്ല, വോട്ടു കള്ളാ ഇറങ്ങിപ്പോ.. എന്ന് ചൈനയിലും യുഎസിലും വരെ ആളുകൾ പറയാൻ തുടങ്ങി'; രാഹുൽ ഗാന്ധി
text_fieldsപട്ന: മഹാദേവപുരയിലെ 'ആറ്റംബോംബിന്' പിന്നാലെ ഒരു 'ഹൈഡ്രജൻ ബോംബ്' കൂടി വരാനുണ്ടെന്ന മുന്നറിയിപ്പുമായി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബിഹാറിലെ പട്നയിൽ വോട്ടർ അധികാർ യാത്രയുടെ സമാപന പരിപാടിയിൽ സംസാരിക്കവേയാണ് ബി.ജെ.പിക്കും തെരഞ്ഞെടുപ്പ് കമീഷനും രാഹുൽ വീണ്ടും മുന്നറിയിപ്പ് നൽകിയത്.
'ബി.ജെ.പിക്കാരേ... ആറ്റംബോബിനെ കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടോ ? ഞാനത് വാർത്ത സമ്മേളനത്തിൽ കാണിച്ചതാണ്. അതിനേക്കാൾ വലിയ എന്തെങ്കിലും കേട്ടിട്ടുണ്ടോ..? അത് ഒരു ഹൈഡ്രജൻ ബോംബാണ്. ബി.ജെ.പിക്കാരേ നിങ്ങൾ തയാറായി ഇരുന്നോളൂ. ഹൈഡ്രജൻ ബോംബ് വരും. വോട്ട് മോഷണത്തെക്കുറിച്ചുള്ള സത്യം രാജ്യത്തെ ജനങ്ങൾക്ക് മുന്നിൽ വെളിപ്പെടും. ഹൈഡ്രജൻ ബോംബ് വന്നാൽ നരേന്ദ്രമോദിക്ക് രാജ്യത്തിന് മുന്നിൽ മുഖം കാണിക്കാൻ കഴിയില്ല'- രാഹുൽ പറഞ്ഞു.
വോട്ടുമോഷണം പുറത്തായതോടെ ചൈനയിലും യു.എസിലും വരെ ആളുകൾ പ്രധാനമന്ത്രിയോട് സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ബിഹാറിൽ ജനങ്ങൾക്കിടയിൽ 'വോട്ട് കള്ളാ, സിംഹാസനം ഒഴിയൂ'('വോട്ട് ചോർ, ഗഡ്ഡി ച്ഛോഡ്') എന്നൊരു പുതിയ മുദ്രാവാക്യമുണ്ട്,. ചൈനയിലും യുഎസിലും പോലും ആളുകൾ ഇത് പറയുന്നു.' രാഹുൽ പരിഹസിച്ചു.
'വോട്ടുചോരി' എന്നാൽ നമ്മുടെ അവകാശങ്ങൾ, സംവരണം, തൊഴിൽ, വിദ്യാഭ്യാസം, ജനാധിപത്യം എന്നിവയുടെ മോഷണമാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. ബി.ജെ.പി ജനങ്ങളുടെ റേഷൻ കാർഡും ഭൂമിയും തട്ടിയെടുത്ത് അദാനിക്കും അംബാനിക്കും നൽകുമെന്നും അദ്ദേഹം വിമർശിച്ചു. വോട്ടർ അധികാർ യാത്രക്ക് ലഭിച്ച ജനപിന്തുണയ്ക്ക് അദ്ദേഹം നന്ദി പറഞ്ഞു.
ആറു മാസത്തിനുള്ളിൽ ബിഹാറിലെ നരേന്ദ്ര മോദി-നിതീഷ് കുമാർ ഡബ്ൾ എഞ്ചിൻ സർക്കാർ നിലംപതിക്കുമെന്ന പ്രഖ്യാപനവുമായി കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയും പറഞ്ഞു.
കോൺഗ്രസിന്റെയും ഇൻഡ്യ മുന്നണിയുടെയും ശക്തി തെളിയിക്കുന്ന വേദിയായി മാറിയ വോട്ടർ അധികാർ യാത്രയുടെ സമാപന വേദിയിലായിരുന്നു ബി.ജെ.പി സർക്കാറിനും ബിഹാറിലെ എൻ.ഡി.എ സർക്കാറിനുമെതിരെ കോൺഗ്രസ് പ്രസിഡന്റ് ആഞ്ഞടിച്ചത്.
പ്രധാനമന്ത്രി നരേന്ദ്രമോദി മോഷണം പതിവാക്കിയ ആളാണെന്നും ഖാർഗെ പറഞ്ഞു. പണം മോഷ്ടിക്കുന്ന പോലെയാണ് മോദി വോട്ട് മോഷ്ടിക്കുന്നത്. ബിഹാറിലെ ജനങ്ങളുടെ വോട്ട് മോഷ്ടിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് ജയിക്കാനാണ് മോദിയുടെ ശ്രമം. ബാങ്ക് കൊള്ളയടിച്ച് ഓടിപ്പോകുന്നവരുടെ കൂടെയാണ് അദ്ദേഹമുള്ളത്. നിങ്ങൾ ജാഗ്രത പാലിക്കണം, അല്ലാത്തപക്ഷം മോദിയും ഷായും നിങ്ങളെ മുക്കിക്കളയും. മഹാത്മാഗാന്ധിയും അംബേദ്കറും ജവഹർലാൽ നെഹ്‌റുവും ഉറപ്പാക്കിയ വോട്ടവകാശം നമ്മൾ നഷ്ടപ്പെടുത്തരുത്. ഇന്ന് നാമെല്ലാവരും മോഷ്ടാവിനെതിരായി പോരാടുകയാണ്. നമ്മുടെ നിലനിൽപ്പിന് ഭീഷണിയായിരിക്കുന്ന അപകടത്തെ നീക്കം ചെയ്യണം’ -പതിനായിരങ്ങൾ ഒത്തുചേർന്ന റാലിയിൽ പങ്കെടുത്തുകൊണ്ട് കോൺഗ്രസ് അധ്യക്ഷൻ പറഞ്ഞു. 16 ദിവസം നീണ്ടു നിന്ന വോട്ടർ അധികാർ യാത്ര ബിഹാറിലെ തെരഞ്ഞെടുപ്പ് ആവേശം വാനോളമുയർത്തികൊണ്ടാണ് തിങ്കളാഴ്ച ഉച്ചയോടെ പട്നയിൽ സമാപിച്ചത്.
ആഗസ്റ്റ് 17 ന് ബിഹാറിലെ സസാറാമിൽ നിന്നുതുടങ്ങിയ യാത്രയിൽ വൻ ജനപങ്കാളിത്തമുണ്ടായതായി കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ബിഹാറിലെ 20 ജില്ലകളിലൂടെ 1300-ലധികം കിലോമീറ്റർ സഞ്ചരിച്ചാണ് യാത്ര പട്‌നയിലെത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

