വയറുവേദനക്ക് ചികിത്സക്കെത്തി; സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ ഇൻജക്ഷൻ നൽകിയതിനു പിന്നാലെ ഡെന്റിസ്റ്റ് കോമയിലായി
text_fieldsഹൈദരാബാദ്: വയറുവേദനക്ക് സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്കെത്തിയ യുവതി ഡോക്ടർ ഇൻജക്ഷൻ നൽകിയതിന് പിന്നാലെ കോമയിലായി. സംഭവത്തിൽ യുവതിയുടെ സഹോദരൻ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.
ഡെൻറിസ്റ്റായി ജോലി ചെയ്യുന്ന ഡോ. മറിയം സെയ്ദ് ഹാഫിസ് ആണ് വയറുവേദനയെ തുടർന്ന് നവംബർ 22ന് സ്വകാര്യ ക്ലിനിക്കിൽ ചികിത്സക്കെത്തിയത്. അമോക്സിലിൻ, പെനിസിലിൻ തുടങ്ങിയ ആന്റിബയോട്ടിക്ക് മരുന്നുകൾ അലർജിയാണെന്ന് പറഞ്ഞതിനു പിന്നാലെ യുവതിക്ക് ഡോക്ടർ മോണോസെഫ് ഇൻജക്ഷൻ നൽകുകയായിരുന്നുവെന്നാണ് സഹോദരൻ സെയ്ദ് ഹാഫിസ് നൽകിയ പരാതിയിൽ പറയുന്നത്. ആന്റീ ബാക്ടീരിയൽ ഇൻജക്ഷൻ ആണ് മോണോസെഫ്.
അലർജിയെ തുടർന്ന് യുവതിയുടെ ശരീരം ചുവന്നു തിണർത്തു. മറ്റു ലക്ഷണങ്ങളും പ്രകടമായി. ഈ ലക്ഷണങ്ങൾ ശ്രദ്ധയിൽ പെട്ടയുടൻ ഡോക്ടർ ആതർ അലി മറ്റൊരു ഇൻജക്ഷൻ കൂടി നൽകി. അതോടെ ഹൃദയാഘാതം സംഭവിച്ച ഡോക്ടർ കുഴഞ്ഞുവീഴുകയായിരുന്നു.
എന്നാൽ സി.പി.ആർ പോലും നൽകാൻ തയാറാകാതെ ഡോക്ടർ യുവതിയെ മറ്റൊരു സ്വകാര്യ ആശുപത്രിയിലേക്ക് റഫർ ചെയ്തുവെന്നും പരാതിയിലുണ്ട്. ഓക്സിജൻ കുറഞ്ഞതിനെ തുടർന്ന് യുവതിക്ക് മസ്തിഷ്‍കാഘാതം സംഭവിക്കുകയായിരുന്നുവെന്നാണ് അവിടത്തെ ഡോക്ടർ പറഞ്ഞത്. പരാതിക്കു പിന്നാലെ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. നിലവിൽ കോമയിൽ കഴിയുന്ന യുവതിയുടെ ജീവൻ നിലനിർത്തുന്നത് വെന്റിലേറ്ററിന്റെ സഹായത്തോടെയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

